Thursday 04 March 2021




വിലപിടിപ്പുള്ള മക്കാഡാമിയ നട്ട്

By sisira.24 Jan, 2021

imran-azhar

 

ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യയോഗ്യമായ പരിപ്പുകളിലൊന്നാണ് മക്കാഡാമിയ നട്ട് അഥവാ ആസ്‌ട്രേലിയന്‍ നട്ട്. ആസ്‌ട്രേലിയയിലെ ഉപോഷ്ണ മേഖലാ മഴക്കാടുകളിലാണ് ഈ മരത്തിന്റെ ഉത്ഭവം.

 

ഈര്‍പ്പമുള്ള സ്ഥലത്തും വളരാറുണ്ടെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലുമാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കാണിക്കുന്നത്.

 

കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒറീസയിലും കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണിത്.

 

മക്കാഡാമിയ ജനുസില്‍പ്പെട്ട ഈ മരം പോര്‍ട്ടേസിയ കുടുംബത്തിലെ അംഗമാണ്. ഭക്ഷ്യയോഗ്യമായ പരിപ്പിന് വേണ്ടിയാണിത് വളര്‍ത്തുന്നത്.

 

ആഗോളവ്യാപകമായ ഉല്‍പാദനം ഏതാണ്ട് 51,900 മെട്രിക് ടണ്‍ ആണ്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കാലിഫോര്‍ണിയയിലും ഇസ്രായേലിലും കെനിയയിലും ന്യൂസീലാന്റിലും മലാവിയിലും മക്കാഡാമിയ മരം കൃഷി ചെയ്യുന്നുണ്ട്.

 

പൂര്‍ണ സൂര്യപ്രകാശത്തില്‍ വളര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള പഴങ്ങള്‍ വിളവെടുക്കാനാകൂ. ഏകദേശം 10 മുതല്‍ 12 വരെ വര്‍ഷങ്ങളെടുത്താണ് കായകളുല്‍പാദിപ്പിക്കുന്നത്.

 

എല്ലാ ഇനങ്ങളും ഭക്ഷ്യയോഗ്യമായ കായകളല്ല ഉല്‍പാദിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മക്കാഡാമിയ ഇന്റഗ്രിഫോളിയ, മക്കാഡാമിയ ടെട്രാഫൈല എന്നീ രണ്ടിനങ്ങള്‍ മാത്രമാണ് ഭക്ഷ്യാവശ്യത്തിനായി നട്ടുവളര്‍ത്തുന്നത്.

 

ആദ്യത്തെ നാല് വര്‍ഷങ്ങളില്‍ ജന്തുജന്യമായ വളങ്ങള്‍ നല്‍കാവുന്നതാണ്. പുതയിടലും നടത്തണം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം വളങ്ങള്‍ നല്‍കിയാല്‍ മണ്ണില്‍ നൈട്രജന്റെ അളവ് അധികരിക്കുകയും പൊട്ടാസ്യത്തിന്റെ അഭാവമുണ്ടാകുകയും ചെയ്യും.

 

പൂക്കളുണ്ടായശേഷം ഏകദേശം ആറോ ഏഴോ മാസങ്ങള്‍ കൊണ്ടാണ് മക്കാഡാമിയ പരിപ്പ് മൂത്ത് പഴുക്കാറാകുന്നത്. മൂത്ത കായകള്‍ താഴെ വീണാല്‍ കുറച്ച് ആഴ്ചകള്‍ കൊണ്ട് ഈര്‍പ്പം ഇല്ലാതാകുകയും ഫലബീജം ചുരുങ്ങുകയും വിത്തിന്റെ പുറന്തോട് പൊട്ടുകയും പരിപ്പ് ശേഖരിക്കുകയും ചെയ്യുന്നു.