Monday 06 December 2021




ദുഷ്‌കരമാണ് ഈ യാത്ര.. പക്ഷേ , മരണത്തിനും ജീവിതത്തിനുമിടയില്‍, കാന്‍സര്‍ പോരാട്ടദിനങ്ങളോര്‍ത്ത് മനീഷ കൊയ്‌രാള

By Greeshma padma.10 Nov, 2021

imran-azhar

 


ദേശീയ കാന്‍സര്‍ ബോധവത്കരണ ദിനത്തില്‍ നടി മനീഷ കൊയ് രാള തന്റെ കാന്‍സര്‍ പോരാട്ടങ്ങളെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.കാന്‍സര്‍ ചികിത്സയുടെ വേദന നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോകുന്ന എല്ലാവര്‍ക്കും വിജയവും സ്‌നേഹവും നേരുന്നു. വളരെ ദുഷ്‌കരമാണ് ഈ യാത്ര എന്ന് എനിക്കറിയാം. അതു രോഗത്തെക്കാള്‍ കഠിനമാണ്. കാന്‍സര്‍ എന്ന മഹാമാരിയ്ക്ക് മുന്നില്‍ കീഴടങ്ങിയവര്‍ക്കു എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും, പോരാടി കാന്‍സറിനെ കീഴടക്കിയവരോടൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, ചികിത്സാകാലയളവില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അവര്‍ കുറിച്ചു.

 

കാന്‍സര്‍ പോരാളികളായ ഞങ്ങള്‍ ആ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു അവബോധം പ്രചരിപ്പിക്കേണ്ടവര്‍ ആണ്. പ്രതീക്ഷകള്‍ നിറയുന്ന കഥകള്‍ പറയണം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാല്‍ പതറാതെ അവര്‍ രോഗത്തെ നേരിട്ടു. ഒരു വര്‍ഷത്തോളം നീണ്ട കാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.

വലിയ രോഗപര്‍വം താണ്ടിനില്‍ക്കുമ്പോള്‍ പോയ്പ്പോയ അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാന്‍സര്‍ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ഹീല്‍ഡ ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് (Healed How Cancer Gave Me a New Life) എന്ന പുസ്തകത്തില്‍ മനീഷ കൊയ്രാള പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം സിനിമയിലും സജീവമാവുകയാണ് മനീഷ.പ്രിയ മായ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമാ ലോകത്തേക്ക് കടന്നുവന്നത്.