Friday 24 September 2021




ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടും നീതി ലഭിച്ചില്ല; ഡ്യൂട്ടിയ്ക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോലി രാജി വെച്ച് ഡോക്ടര്‍

By online desk .24 Jun, 2021

imran-azhar

 


ഡ്യൂട്ടിയ്ക്കിടെ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്ന് രാജിവയ്ക്കുന്നതായി വ്യക്തമാക്കി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തില്ലെന്നും ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുല്‍ മാത്യു. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ജോലി രാജി വെയ്ക്കുമെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചത്.


കഴിഞ്ഞ മെയ് 14നായിരുന്നു സംഭവം നടന്നത്. സിവില്‍ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രന്‍ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കോവിഡ് ബാധിതയായിരുന്ന അഭിലാഷിന്റെ അമ്മയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന് ആാരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്.


ഉമ്പര്‍നാട് അഭിലാഷ് ഭവനത്തില്‍ ലാലിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലാലിയുടെ മകന്‍ അഭിലാഷിനെ കസ്റ്റഡിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെജിഎംഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, കോവിഡ് ബാധിതനായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ലെന്നാണ് പോലീസ് വിശദീകരണം.