Sunday 18 April 2021




'അനുവാദമില്ലാതെ, താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്'; ശ്രദ്ധേയമായി ശാരദക്കുട്ടിയുടെ കുറിപ്പ്

By mathew.03 Mar, 2021

imran-azhar


സൗഹൃദം നടിച്ച് സ്ത്രീകളെ ലൈംഗിക താല്പര്യത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി. അനുവാദമില്ലാതെ, താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.


ശാരദക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ..

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടുപേര്‍ തമ്മില്‍ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തില്‍, അനുവാദമില്ലാതെ, താല്‍പര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവില്‍ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.

പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാലും ഉള്ളില്‍ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരില്‍ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികള്‍ നടത്തുന്നത്? അന്തസ്സ് കെട്ട ആര്‍ത്തികള്‍ കാണിക്കുന്നത്.

സ്ത്രീകള്‍ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോള്‍ മനസ്സില്‍ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ് എന്നാണ്.