Friday 22 June 2018

എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയ യുവാവ് യൂടേണ്‍ അടിക്കുന്നു

By BINDU PP.16 Feb, 2017

imran-azhar 

 

യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും വെല്ലുവിളിയും ഉയര്‍ത്തിയ യുവാവ് ഒടുവില്‍ യൂ ടേണ്‍ അടിക്കുന്നു. എസ്എഫ്‌ഐക്ക് എതിരെ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് നേരത്തെ ശ്രദ്ധ നേടിയത്.


താന്‍ എസ്എഫ് ഐയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. തന്റെ പ്രസ്ഥാനത്തിന് തെറ്റ് പറ്റിയപ്പോള്‍ അത് ചൂണ്ടിക്കാട്ടാനാണ് വീഡിയോയിലൂടെ താന്‍ ശ്രമിച്ചതെന്ന് നസീഹ് പുതിയ വീഡിയോയില്‍ പറയുന്നു. താന്റെ മനസിലും സിരകളിലും ഓടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഓടുന്നതെന്നും അതിനാല്‍ താന്‍ ഭയപ്പെടുന്നില്ലെന്നും നസീഹ് പറയുന്നു. സഖാക്കളുടെ മെക്കിട്ട് കേറുന്നത് നിര്‍ത്തണമെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും മനോവൈകല്യം ബാധിച്ചവരുണ്ടെന്നും സൂചിപ്പിച്ച നസീഹ്, തമ്മില്‍ ഭേദം തൊമ്മന്‍ എന്നത് പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് നിലവില്‍ മികച്ചതെന്ന് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, പ്രവാസി സഖാക്കള്‍ തന്നെ മനസിലാക്കിയെന്നും ഇത് തനിക്ക് ഊര്‍ജ്ജം പകരുന്നൂവെന്നും നസീഹ് പറയുന്നു.

 


നസീഹ് ആദ്യം പുറത്ത് വീഡിയോയെ തുടര്‍ന്ന് പ്രകോപനത്തില്‍ അകപ്പെട്ട ചിലരൊക്കെ നസീഹിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രണ്ടാമത് പുറത്തുവിട്ട വീഡിയോയിലൂടെയാണ് നസീഹ് ഭീഷണിയുടെ കാര്യം പുറത്ത് വിട്ടിരുന്നത്. എന്തായാലും പുതിയ വീഡിയോയിലൂടെ താന്‍ പ്രസ്ഥാനത്തിന് നേര്‍വഴി കാട്ടുകയായിരുന്നൂവെന്നാണ് നസീഹ് പറഞ്ഞു നിര്‍ത്തുന്നത്.

 

അതേസമയം, ആദ്യ വീഡിയോ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെറികള്‍ കേട്ടുവെന്നും എസ്എഫ്‌ഐയുടെ സംസ്‌കാരമാണ് അതെന്നും പറഞ്ഞുകൊണ്ടാണ് രണ്ടാമത്തെ വീഡിയോ ആരംഭിക്കുന്നത്.

 

‘എന്നെ വിളിച്ച നിരവധി നിരവധി നമ്പറുകള്‍ ട്രെയിസ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഖാക്കളെ കൊണ്ട് കേരളത്തിലെ ജയിലുകള്‍ നിറച്ചിട്ട് നമുക്കൊന്നും കിട്ടാനില്ല. എന്താ പ്ലാനെന്ന് കാണാന്‍ നിങ്ങള്‍ കാത്തിരിക്ക്. എന്നെ കഞ്ചാവോ കൊക്കെയ്‌നോ അല്ലാതെ ലോകത്തുള്ള ഏത് ലഹരിയിലേക്കോ എന്നെ തള്ളിവിട്. ആര്‍ എസ്എസുകാര്‍ എന്നെ ആര്‍എസ്എസുകാരനാക്കാന്‍ നോക്കണ്ട.

 

എന്നാല്‍ കമ്യൂണിസ്റ്റുകാരെക്കാള്‍ കുറച്ച് ഭേദം ഇപ്പോള്‍ ആര്‍എസ്എസ് ആണ്. കാരണം കൂടെയുള്ളവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ തയ്യാറാകുന്നുണ്ട്. എന്നെ വിളിക്കുന്നവര്‍ സ്വന്തം നമ്പറില്‍ വിളിക്കണം. പൈസയില്ലെങ്കില്‍ നമ്പര്‍ അയച്ചു തന്നാല്‍ അങ്ങോട്ട് വിളിക്കാം.


ആരെയാ നിങ്ങള്‍ ചകാക്കള്‍ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നത്. നിങ്ങള്‍ എന്റെ രോമത്തില്‍ പോലും തൊടില്ല. എന്ത് സംസ്‌കാരമാ നിങ്ങളുടേത്? ഈ ആശയം വെച്ചിട്ടാണോ നിങ്ങള്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ തനിനിറം പുറത്തു കാണിക്കാനാണ് ആദ്യ വീഡിയോ പുറത്തിറക്കിയത്. അത് സമ്പൂര്‍ണ്ണ വിജയമാണ്. എസ്എഫ്‌ഐയില്‍ അംഗമായവരില്‍ ഭൂരിഭാഗവും നിങ്ങളെ പേടിച്ചാണ് മെമ്പര്‍ഷിപ്പ് എടുത്തത്. അങ്ങനെയുള്ള റിബലുകളുടെ എണ്ണം റിബലല്ലാത്തവരുടേതിനേക്കാള്‍ കൂടുതലാണ്. അവരെല്ലാം എനിക്കൊപ്പമുണ്ട്.

 

ആദ്യ വീഡിയോ ഇറക്കി 24 മണിക്കൂറുകഴിഞ്ഞു. ഇപ്പോഴും ഞാന്‍ ജീവനോടെയുണ്ട്. യഥാര്‍ത്ഥ നമ്പറില്‍ നിന്ന് എന്നെ വിളിച്ചവരുടെയെല്ലാം അഡ്രസുകള്‍ കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ നിയമവും കേസും എന്താണെന്ന് ഞാന്‍ കാണിച്ചുതരാം. സൂക്ഷിച്ച് കളിച്ചോ സഖാക്കളേ.’


ഇങ്ങനെയാണ് രണ്ടാമത്തെ വീഡിയോയിലെ യുവാവിന്റെ വെല്ലുവിളി. ‘ജയ്ഹിന്ദ്’ എന്നു പറഞ്ഞുകൊണ്ടാമ് രണ്ട് വീഡിയോകളും അവസാനിക്കുന്നത്.