Monday 04 July 2022




പുതിയ ഫ്രിഡ്ജും എസിയും വാങ്ങാന്‍ സബ്‌സിഡി നല്‍കി സര്‍ക്കാര്‍

By Priya.22 Jun, 2022

imran-azhar

ഏഥന്‍സ്:വീട്ടിലെ പഴയ ഫ്രിഡ്ജും എയര്‍കണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിച്ചാലോ.ഗ്രീക്ക് ജനതയ്ക്കാണ് ഇത്തരത്തിലുള്ള അവസരം വന്ന് ചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഉപഭോഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്.

 


മറ്റ് പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും പോലെ,വര്‍ധിച്ചുവരുന്ന ഊര്‍ജ ചെലവ് ഗ്രീസിനെയും പിടിമുറുക്കുകയാണ്.റഷ്യ യുക്രൈനില്‍ ആക്രമണം ശക്തമാക്കുന്നതോടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഈ പ്രവണത കൂടുതല്‍ വഷളായി വരികയാണ്.കഴിഞ്ഞ വര്‍ഷം മുതല്‍, സബ്സിഡികള്‍ ഉള്‍പ്പെടെ ഏകദേശം 7 ബില്യണ്‍ യൂറോയുടെ മൊത്തം ചിലവില്‍ രാജ്യം നിരവധി നടപടികളാണ് എടുത്തിട്ടുള്ളത്.

 


ഗ്രീക്ക് കുടുംബങ്ങള്‍ക്ക് പുതിയതും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള മൂന്ന് ഉപകരണങ്ങള്‍ വാങ്ങാം.എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍ അല്ലെങ്കില്‍ ഫ്രീസറുകള്‍ എന്നിവയെല്ലാം വാങ്ങാം.ഓരോ ഉപകരണത്തിനും വിലയുടെ 30% മുതല്‍ 50% വരെ സബ്സിഡി ലഭിക്കുമെന്ന് ഊര്‍ജ മന്ത്രി കോസ്റ്റാസ് സ്‌ക്രെകാസ് ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ സംരംഭത്തിന് 150 മില്യണ്‍ യൂറോ (158 മില്യണ്‍ ഡോളര്‍) ചെലവ് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകളില്‍ നിന്ന് ഈ സംരംഭത്തിന് ധനസഹായം ലഭ്യമാകും.