Monday 25 March 2019


ഡോ. ടി.എം. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്

By Abhirami Sajikumar.09 Mar, 2018

imran-azhar

ഇന്ന് നിയമസഭയിലേയ്ക്ക് പോകുമ്പോള്‍ ശുചീകരണ തൊഴിലാളികള്‍ കഴിഞ്ഞ നാലു ദിവസമായി തെരുവോരങ്ങളില്‍ ഉയര്‍ന്നിരുന്ന ഇഷ്ടിക ഇന്‍സ്റ്റലേഷന്‍സ് എല്ലാം പൊളിച്ചു വാഹനത്തില്‍ കയറ്റുന്നതു കണ്ടപ്പോഴാണ് ഈ ആപൂര്‍വ്വ കലാ അനുഭവത്തെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലോ എന്ന് ഓര്‍ത്തത്. അടുപ്പു കൂട്ടുന്ന ലക്ഷക്കണക്കിന് ഇഷ്ടികകള്‍ നഗരവീഥികളില്‍ ബാക്കി വച്ചുകൊണ്ടാണ് പൊങ്കാല അവസാനിക്കുന്നത്. ഇത്തവണ കോര്‍പ്പറേഷന്‍ തന്നെ ഈ ഇഷ്ടികകള്‍ ശേഖരിച്ച് ഭവനരഹിതര്‍ക്ക് വീട് പണിതു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അതിനുമുമ്പ് ഈ ഇഷ്ടികകള്‍ ഉപയോഗിച്ച് ലാറി ബേക്കര്‍ക്ക് ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍സ് ഉണ്ടാക്കിക്കൂടേയെന്ന് തിരുവനന്തപുരത്തെ ചില ചെറുപ്പക്കാരായ ആര്‍ക്കിടെക്ടുകള്‍ ചിന്തിച്ചു.

ആറ്റുകാല്‍ പൊങ്കാലയ്ക്കു തൊട്ടുപിന്നാലെയായിരുന്നല്ലോ ലാറി ബേക്കറുടെ ജന്മശതാബ്ദിയുടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള സെമിനാര്‍ നടന്നത്.

 

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട്‌സിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ പ്രവര്‍ത്തകരോടൊപ്പം മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വാസ്തുശില്‍പ്പികളും അണിനിരന്നു. വാസ്തുശില്‍പ്പികള്‍, കലാകാരന്‍മാര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കല്‍പ്പണിക്കാര്‍ എന്നിവരുടെ ടീമുകളാണ് പൊങ്കാലയുടെ പിറ്റേന്ന് പകലും രാത്രിയുംകൊണ്ട് 100 ഇന്‍സ്റ്റലേഷന്‍സ് നിര്‍മ്മിച്ചത്. ഇത്തരമൊരു തെരുവുകല ലോകത്തു തന്നെ ആദ്യമായിരിക്കാം. സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ ജംഗ്ഷന്‍ വരെ റോഡിന് ഇരുവശമുള്ള ഈ 100 കലാശില്‍പ്പങ്ങള്‍ കാണുന്നതിന് ഏതാണ്ട് ഒരു പകല്‍ തന്നെ വേണ്ടി വരും.

പൊതുവില്‍ ശങ്കറിന്റെ ഇന്‍സ്റ്റലേഷനാണ് പലര്‍ക്കും ഇഷ്ട്ടപ്പെട്ടത്. ഒരു മരം, ഒഴുകുന്ന അഞ്ച് മതിലുകള്‍, അഞ്ച് കൈവിരലുകളെന്നപോലെ മരത്തെ സംരക്ഷിച്ച് ചുറ്റിപ്പിടിച്ചു നില്‍ക്കുന്നു. ബേക്കര്‍ എന്നും അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ വീടുകള്‍ പണിയുമ്പോള്‍ ഒരു മരത്തെ രക്ഷിക്കാന്‍ ഭിത്തിയെ വളയ്ക്കാനോ ചരിയ്ക്കാനോ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.

 

 

പക്ഷെ എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് ഗംഗയുടെ ഹോള്‍ ഇന്‍ ദി വാള്‍ എന്ന ശില്‍പ്പമാണ്. വട്ടത്തിലുള്ള മതിലിനുള്ളിലേയ്ക്ക് കടന്നുപോകുന്നതിന് ഇഷ്ടിക പാകിയ പാതയുണ്ട്. എന്നാല്‍ എല്ലാവരും മതില്‍ കെട്ടിനുള്ളില്‍ എന്തുണ്ടെന്ന് കാണാന്‍ മതിലിലുള്ള തുളയിലൂടെ എത്തി നോക്കുകയാണ് ചെയ്യുക. പൊട്ടിയ ചില്ലുകളില്‍ നമ്മുടെ മുഖം കാണാം. ടീഷന്‍ വരച്ച വീനസിന്റെ സുപ്രസിദ്ധമായ കുളി രംഗമാണ് എനിക്ക് ഓര്‍മ്മ വന്നത്. ആക്ടിയോണ്‍ എത്തി നോക്കുന്നു. ശിക്ഷ മരണം. വേട്ടപ്പട്ടികള്‍ ആക്ടിയോനെ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തുന്നു.