By mathew.12 Mar, 2021
അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിച്ച സന്തോഷകരമായ അനുഭവം തുറന്നുപറഞ്ഞ് തിരുവനന്തപുരം ജില്ലാകലക്ടര്‍ നവ്ജോത് ഖോസ ഐഎഎസ്. ഐഎഎസ് ഓഫിസര്‍ എന്ന നിലയില്‍ തന്റെ കരിയറിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന ആമുഖത്തോടെയാണ് കലക്ടര്‍ തന്റെ അനുഭവം പങ്കുവച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു കലക്ടറുടെ പ്രതികരണം.
കലക്ടറുടെ വാക്കുകള്‍ ഇങ്ങനെ:
'ഒരു ഐഎഎസ് ഓഫീസര്‍ എന്ന നിലയില്‍ എന്റെ കരിയറിലെ സന്തോഷകരമായ ഒരു നിമിഷം നിങ്ങളോട് പങ്കുവെയ്ക്കട്ടെ. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന അഭിലാഷത്തോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പേര് നമുക്കിടയിലുണ്ട്. സര്‍വീസില്‍ കയറിയതിനു മുതല്‍ എന്റെയും ആഗ്രഹം അതുതന്നെയാണ്.ഒരു കുടുംബത്തിനെ അവരുടെ ഏറ്റവും നിര്‍ണായക സമയത്ത് സഹായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍.'
'മൂന്ന് വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഈ കുടുംബത്തിന് ലോക്ക്ഡൗണ്‍ കാലയളവില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം ലഭിച്ചത്. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതു കാരണം അവര്‍ക്ക് കുട്ടിയുടെ സംസ്ഥാനത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയൊരു നിരാശാജനകമായ സാഹചര്യത്തിലാണ് അവര്‍ സഹായത്തിനായി എന്നെ സമീപിച്ചത്. വിവരങ്ങള്‍ അന്വേഷിച്ച ശേഷം അവര്‍ പോകുന്ന ജില്ലയിലെ കളക്ടറോട് ഞാന്‍ സംസാരിക്കുകയും അദ്ദേഹം ഒരു കത്ത് നല്കാന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കുന്നതിനു വേണ്ടി അവര്‍ക്ക് സഹായമൊരുക്കാന്‍ ഞങ്ങള്‍ എല്ലാവരും കഠിനമായി പരിശ്രമിച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ കുടുംബം എന്നെ കാണാന്‍ വന്നു. അവര്‍ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര് 'നവ്ജോത്' എന്നാണ്. എന്റെ അതേ പേര്! ഒരു നിമിഷം കണ്ണുനിറഞ്ഞു. എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ ശ്രമം അവരുടെ ജീവിതത്തില്‍ ഇത്ര വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ഈ സംഭവം എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ഈ ഭംഗിയുള്ള ജില്ലയിലുള്ളവര്‍ക്ക് വേണ്ടി സേവനം അനുഷഠിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.