Friday 05 March 2021




സൂം മീറ്റിങിനിടെ ഭാര്യയുടെ ചുംബന ശ്രമം, ഭർത്താവിന്റെ താക്കീത്, കയ്യടിച്ച്‌ ചിരിച്ച്‌ സോഷ്യൽ മീഡിയ

By sisira.20 Feb, 2021

imran-azhar

സ്നേഹത്തോടെ ഒരു ചുംബനം കിട്ടിയാൽ സന്തോഷിക്കാത്തവരായി ആരുണ്ട്? എന്നാൽ ഒരാൾ വളരെ സീരിയസ് ആയി സൂം മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴാണ് ചുംബനം കിട്ടുന്നതെങ്കിലോ, അവിടെ ആരായാലുമൊന്ന് അമ്പരക്കും, അല്ലെങ്കിൽ അടിപിടിയാവും. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറൽ.

 

മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഭര്‍ത്താവിനരികിലെത്തി ഒരുമ്മ നല്‍കാന്‍ ശ്രമിച്ച ഭാര്യയുടെ വീഡിയോയാണിപ്പോൾ വൈറൽ. ചെറുപ്പക്കാരോ നവദമ്പതിമാരോ അല്ല വീഡിയോയിലുള്ളത് എന്നതാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത.

 

'സൂം കോള്‍...ആഹാ രസകരം' എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയെങ്കയാണ് പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്. ലാപ് ടോപ്പിന് മുന്നിലിരുന്ന ഹെഡ്‌ഫോണ്‍ വെച്ച് ഗൗരവത്തില്‍ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ് ആദ്യം വീഡിയോയിൽ കാണുക.

 

പെട്ടെന്നാണ് അദ്ദേഹത്തിന്റെ സമീപത്തേക്ക് ചുംബിക്കാനൊരുങ്ങി ഭാര്യയുടെ വരവ്. ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവ് ഭാര്യയോട് എന്തായിത്, ക്യാമറ ഓണാണെന്നറിയില്ലേ എന്നു ചോദിക്കുന്നത് കാണാം. എന്നാല്‍ ക്യാമറ ഓണാണോയെന്ന കാര്യത്തില്‍ സംശയമുള്ള പോലെ ഭാര്യ ലാപ്‌ടോപ്പിലേക്ക് നോക്കുന്നതും പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

 

വീഡിയോ നന്നായി ആസ്വദിച്ച ആനന്ദ് മഹേന്ദ്ര ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വൈഫ് ഓഫ് ദ ഇയര്‍ ആയി ആ വനിതയെ താന്‍ നാമനിര്‍ദേശം ചെയ്യുകയാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

 

ആ ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയില്ലായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്പതിമാരായി ഇവരെ നോമിനേറ്റ് ചെയ്യുമായിരുന്നുവെന്നും ആനന്ദ് മഹീന്ദ്രകൂട്ടിച്ചേര്‍ത്തു.