Wednesday 24 May 2017

ബേക്കല്‍ കോട്ടയുടെ സൌന്ദര്യം നുകര്‍ന്ന് അവര്‍ പട്ടംപറത്തി

By Subha Lekshmi B R.04 Apr, 2017

imran-azhar

ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയ സ്വദേശികള്‍ക്ക് അതൊരു ഹരം പകരുന്ന കാഴ്ചയായിരുന്നു.ആകാശം നിറയെ പട്ടങ്ങള്‍ പലവര്‍ണ്ണങ്ങളിലുളളവ. കേരളത്തിന്‍റെ വശ്യസൌന്ദര്യം നുകരാന്‍ കേരളത്തിലെത്തിയ 25 രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 30 യാത്രാ ബ്ളോഗര്‍മാരാണ് ബേക്കലിന്‍റെ ആകാശത്ത് പട്ടം പറത്തിയത്. മെയ് അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ലയണ്‍സ് ക്ളബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, ജില്ളാ ഭരണകൂടത്തിന്‍റെയും ബി ആര്‍ഡിസിയുടെയും സഹകരണത്തോടെ ബേക്കലില്‍ സംഘടിപ്പിക്കുന്ന "മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍' മേളയുടെ പ്രചാരണാര്‍ഥമാണ് ഈ പട്ടംപറത്തല്‍ സംഘടിപ്പിക്കപ്പെട്ടത്.ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ടി.കെ.മന്‍സൂറും വണ്‍ ഇന്ത്യാ കൈറ്റ് ടീം തലവന്‍ അബ്ദുള്ള മാളിയേക്കലും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ളബ് പ്രവര്‍ത്തകരും ചേര്‍ന്ന് ബ്ളോഗര്‍മാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

 

വിനോദ സഞ്ചാരമേഖലയ്ക്കു ഉണര്‍വേകുന്നതിനായി കേരള ടൂറിസം വകുപ്പ് 2014~ല്‍ ആരംഭിച്ച കേരള ബ്ളോഗ് എക്സ്പ്രസ് ഇതിനോടകം ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.തലസ്ഥാന നഗരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള യാത്രയിലൂടെ ബ്ളോഗര്‍മാര്‍ക്ക് കേരളത്തിന്‍റെ സൌന്ദര്യം ആവോളം ആസ്വദിക്കുന്നതിനും തനതു കലാരൂപങ്ങളെ നേരിട്ടു മനസിലാക്കുന്നതിനും അവസരം ലഭിച്ചു.