Wednesday 24 May 2017

മുത്തങ്ങയിലേക്കൊരു യാത്ര ................

By BINDU PP.11 Apr, 2017

imran-azhar

 

 

 

വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റുന്നത് കാടിന്‍റെയും കാട്ടരുവികളുടെയും പച്ചച്ച പ്രകൃതിയുടെയുമെല്ലാം സൗന്ദര്യം തന്നെയാണ്. വയനാടിന്‍റെ പറഞ്ഞാൽ തീരാത്ത വിസ്മയക്കാഴ്ചകളിൽ ഒന്നാം നിരയിൽ തന്നെയുണ്ട് മുത്തങ്ങയും.

 

 


മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്‍റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.

 

 


സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. കേരളത്തിന്‍റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍കർണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിന്‍റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

 

 

മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്. മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര്‍ കാടിനെ വീതിച്ചെടുക്കുന്നു. വെള്ളച്ചാട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതെല്ലാം വയനാടിന്‍റെ മാത്രം പ്രത്യേകതയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വയനാട്ടിലെ ടൂറിസം സീസണ്‍.