Wednesday 24 January 2018

അഗസ്ത്യമുടിയില്‍ : ഒരു സാഹസികയാത്ര

By Amritha AU.10 Jan, 2018

imran-azhar

ചരിത്രവും സംസ്‌കാരവും മാറ്റിനിര്‍ത്തിയാല്‍ അഗസ്ത്യമുനിയുടെ അഗസ്ത്യാര്‍കൂടം നഗരജീവിതത്തിനും തിരക്കുകള്‍ക്കപ്പുറം ആശ്വാസം പകരുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. തിരുവന്തപുരം, കൊല്ലം, ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുമായിട്ടാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്.കുത്തനെയുളള കയറ്റങ്ങളും പാറക്കെട്ടുകളും പുല്‍മേടും ഒപ്പം കുളിര്‍കാറ്റും പ്രകൃതിയുടെ വശ്യതപ്രകടമാക്കുമ്പോള്‍ ഔഷധച്ചെടികളാലും അത്യപൂര്‍വ്വയിനം പക്ഷികളും ചിത്രശലഭങ്ങളും ഔഷധസസ്യങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതിചെയ്യുന്നത്. വള്ളിയാര്‍, മുല്ലയാര്‍, കരമനയാര്‍, കുഴിത്തുറയാര്‍ എന്നീ നദികളും ഈ മലനിരകളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.

 

 

 

 

ആനയും മറ്റ് വന്യജീവികളും പാര്‍ക്കുന്ന ഇവിടേക്കുളള യാത്ര അല്പം സാഹസം നിറഞ്ഞതാണ്. പുല്‍മേടുകളും മൊട്ടക്കുന്നും പാറക്കെട്ടുകളും താണ്ടിവേണം അഗസ്ത്യാര്‍കൂടത്തിന്റെ കൊടുമുടിയിലെത്താന്‍. വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്കുളള പ്രവേശനം വര്‍ഷത്തില്‍ ഒരുതവണമാത്രമാണ്. യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച പ്രദേശമാണ് ഈ മലനിരകള്‍. ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിട്ടുണ്ട്.

 

അഗസ്ത്യകൂടത്തില്‍ ജീവിച്ചുപോരുന്ന ഏക ആദിവാസി വിഭാഗമാണ് കാണിക്കാര്‍. അവരുടെ ആരാധനകളും പൂജകളുമെല്ലാം ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. നിത്യ ബ്രഹ്മചാരിയായ അഗസ്ത്യമുനി തപസുചെയ്തിരുന്നൂവെന്ന വിശ്വാസം ഉളളത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.