Friday 24 September 2021
ഭ്രാന്തന്‍ തോട് കടന്ന് പാംഗോങ് തടാകത്തിലേക്ക്

By Web Desk.28 Feb, 2021

imran-azhar

 

സൂര്യന്‍ ദിശമാറുമ്പോള്‍ തടാകത്തില്‍ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങള്‍ വന്നു നിറയുന്നു. നീല, പച്ച, പിന്നെ മാന്തളിര്‍, വയലറ്റ് നിറങ്ങള്‍. ഒരേ പരപ്പില്‍ ഇങ്ങുനിന്നങ്ങോളം വ്യത്യസ്ത വര്‍ണ്ണരാജികള്‍. നിലാവ് പൂത്തിറങ്ങുന്ന രാവുകളില്‍ പാംഗോങ് ഒരു പാല്‍ക്കടലാവുന്നു. ശൈത്യകാലത്താകട്ടെ മുകള്‍പ്പരപ്പില്‍ മഞ്ഞിന്റെ ധവളിമ നിറയും

 

ഹാരിസ് ടി.എം.

 

ശീതമരുഭൂമിയായ ലേയില്‍ എത്തിയതിന്റെ അടുത്ത പ്രഭാതത്തിലാണ് ഞങ്ങള്‍ ഗ്ലേഷിയര്‍ ട്രക്ക് ആന്റ് ടൂര്‍ എന്ന സ്ഥാപനത്തിലേക്ക് കടന്നുചെന്നത്. ലേയും പരിസരപ്രദേശങ്ങളും ചുറ്റിക്കാണാന്‍ സഹായിക്കുന്ന അറിവുകള്‍ തേടിയായിരുന്നു ആ സന്ദര്‍ശനം. അപ്പോള്‍ അവിടെയതാ ഒരു ആലപ്പുഴക്കാരന്‍! ക്രിസ് എന്ന് കൂട്ടുകാര്‍ വിളിക്കുന്ന രാധാകൃഷ്ണന്‍. കുറച്ചു കാലം ദുബായില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്സായിരുന്നു, ക്രിസിന്. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി ലേയിലെത്തുമ്പോഴാണ് ഗ്ലേഷിയറിന്റെ ഉടമസ്ഥനായ ജുമാ മാലിക്കിനെ കാണുന്നത്. പിന്നെ അതിവേഗം അവര്‍ക്കിടയില്‍ സൗഹൃദം പൂത്തുലഞ്ഞു. ക്രിസ് ഇത്തവണ ലഡാക്കിന്റെ തലസ്ഥാന നഗരിയിലെത്തിയിട്ട് ഒന്നര മാസമായി. സുഹൃത്തിനെ ബിസിനസില്‍ സഹായിച്ചും സമീപത്തുള്ള മൊണാസ്ട്രിയില്‍ ക്ലാസെടുത്തും അങ്ങനെ കഴിയുകയാണ് കക്ഷി. പിന്നീടുള്ള കാര്യങ്ങളെല്ലാം വേഗത്തിലായി. ഞങ്ങളുടെ യാത്രയുടെ ക്രമീകരണങ്ങള്‍ ക്രിസ് ഏറ്റെടുത്തു.

 

പിറ്റേന്ന് പാംഗോങ് തടാക തീരത്തേക്കുള്ള യാത്ര, ഗ്ലേഷിയറിന്റെ ടൊയോട്ടാ ക്വാളിസില്‍ ആവാമെന്ന് ഉറപ്പിച്ച ശേഷം ഒരു നഗരപ്രദക്ഷിണം. ക്രിസിന്റെയും ജുമായുടെയും ജര്‍മ്മന്‍ സുഹൃത്ത് യൂളിയും ഞങ്ങള്‍ക്കൊപ്പം കൂടി. ടിബത്തന്‍ മാര്‍ക്കറ്റിലെ പലരും യൂളിയുടെ അടുപ്പക്കാരാണ്. കൂട്ടുകാരനായ ജോയിയും ഞാനും ടീ ഷര്‍ട്ടും ഷാളുമൊക്കെ വാങ്ങുമ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി അവരോട് വിലപേശാന്‍ തയ്യാറായി. ജര്‍മ്മനിയിലെ ഹാനോവറില്‍ സംഗീതാധ്യാപകനായ ഈ അറുപത്തഞ്ചുകാരന്‍ മുമ്പും പലതവണ ട്രക്കിംഗിനായി ലഡാക്കില്‍ വന്നിട്ടുണ്ട്.

 

രാത്രി, ജുമായുടെ പുതുതായി തുടങ്ങിയ ചോപ്സ്റ്റിക്‌സ് റസ്റ്ററന്റില്‍ നിന്നാവാം ഡിന്നര്‍ എന്ന ക്രിസിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ താമസിക്കുന്ന സൊമോറി ഹോട്ടലിന് സമീപത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഈ ഭക്ഷണശാല. കടന്നുചെല്ലുമ്പോള്‍ വലിയ ആള്‍ത്തിരക്കൊന്നുമില്ല. തായ് രുചിക്കൂട്ടുകളുള്ള കോഴിക്കറിയും ഫ്രൈഡ് റൈസും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. തന്റെ ഗ്ലേഷിയറില്‍ എത്തുന്ന സഞ്ചാരികളെ കൂടി കാന്‍വാസ് ചെയ്യാമെന്നതിനാലാവും ജുമായുടെ ഈ പുതിയ സംരംഭം. മലയാളിയായ കൂട്ടുകാരന്‍ ഒപ്പമുണ്ട് കൈത്താങ്ങായി. മാനവ സൗഹൃദകുസുമങ്ങള്‍ ഇമ്മട്ടിലാണല്ലോ വിടരുന്നത്, സുഗന്ധം പരത്തുന്നത്, എല്ലാ അതിരുകളെയും അതിലംഘിച്ച്!

 

 

ജര്‍മ്മന്‍കാരനായ യൂളിയെ കൂടാതെ ദക്ഷിണ കൊറിയയില്‍ നിന്നു വന്ന ഫ്‌ലോറയും ലീയുമാണ് പാംഗോങ് തടാകക്കരയിലേക്കുള്ള ഞങ്ങളുടെ സഹയാത്രികര്‍. പുസാനില്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അവര്‍. ലേയുടെ തെക്കുകിഴക്കായി 160 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള പാംഗോങ് തടാകതീരത്തെത്താം. ലേ-മനാലി ഹൈവേയില്‍, സിന്ധു നദിയുടെ വഴിയേയുള്ള മുപ്പത്തഞ്ചു കിലോമീറ്റര്‍ യാത്രയ്ക്കിടെ ഷെയിലേയും തിക്‌സെയിലേയും ബുദ്ധമത സംന്യാസ മഠങ്ങള്‍ നമ്മള്‍ പിന്നിടുന്നു. തിക്‌സെയിലെത്തിയപ്പോള്‍ പ്രാതലിനായി അല്‍പ നേരം തങ്ങി. പിന്നീടുള്ള യാത്രയില്‍ കാരുവില്‍ വച്ച് ഇടത്തോട്ട് വഴിപിരിയുന്നു. നേരെ പോകുന്നത് മണാലിയിലേക്കുള്ള നീണ്ട പാതയാണ്.

 

ചെംറെ മൊണാസ്ട്രിയും പിന്നിട്ട് സെര്‍ത്തി ഗ്രാമത്തിലെത്തിയാല്‍ പിന്നെ ചംഗ്ലയിലേക്കുള്ള ത്രസിപ്പിക്കുന്ന കയറ്റം തുടങ്ങുകയായി. കാഴ്ചകള്‍ ഒന്നൊന്നായ് മാറി മറിയുകയാണ്. ഓരോന്നും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തം! അത്ഭുതാവേശങ്ങള്‍ നിറയ്ക്കുന്നതും നമ്മുടെ ബോധത്തിനു മേല്‍ ആഘാതമേല്‍പ്പിക്കുന്നതുമായ എത്രയെത്ര ദൃശ്യങ്ങളാണ് ലഡാക്കിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതി സമ്മാനിക്കുന്നത്! ശ്വാസം നിലച്ചുപോകുന്നതാണോ അതോ നാം ശ്വാസം അടക്കിപ്പിടിക്കുന്നതാണോ എന്ന് വേര്‍തിരിച്ചറിയാനാവുന്നില്ലല്ലോ. ഗിരിനിരകളുടെ നിറങ്ങള്‍ മാറിമറിയുന്നു, കടും ഊത നിറത്തില്‍ നിന്ന് മണല്‍ത്തവിട്ടു നിറത്തിലേക്ക്. 'ഓണ്‍ മൈ കര്‍വ്, ചെക്ക് യുവര്‍ നെര്‍വ്' എന്നൊരു ബോര്‍ഡ് കണ്ടു. പര്‍വത പാതകളില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ലേയില്‍ നിന്ന് എണ്‍പത്തിമൂന്നു കിലോമീറ്റര്‍ സഞ്ചരിച്ച്, കടല്‍പ്പരപ്പില്‍ നിന്ന് 17,800 അടി ഉയരത്തിലുള്ള ചംഗ്ല ചുരത്തിലെത്തുമ്പോള്‍ തണുപ്പകറ്റാന്‍ കരുതിയ കമ്പിളി വസ്ത്രങ്ങള്‍ അപര്യാപ്തമെന്ന് തോന്നി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, സഞ്ചാര യോഗ്യമായ മൂന്നു ചുരങ്ങളും ലഡാക്കിലാണുള്ളത്. 18,383 അടി ഉന്നതിയിലുള്ള ഖര്‍ദ്ദൂംഗ് ലാ ആണ് മുമ്പില്‍. 17,882 അടിയാണ്, ലേ- മനാലി ഹൈവേയിലുള്ള, തഗ്ലാംഗ് ലായുടെ ഉയരം. ഇക്കൂട്ടത്തില്‍ മൂന്നാമതാണ് ചംഗ്ല ചുരം. ഒരു ആര്‍മി പോസ്റ്റും മൗണ്ടനീറിംഗ് സ്‌കൂളും കൊച്ചുകൊച്ചു ചായപ്പീടികകളും അവിടെ കാണാനായി. കൈകള്‍ കൂട്ടിത്തരുമ്മിയും ആവിപറക്കുന്ന ചുടുചായ നുണഞ്ഞും ധൂമപാനം നടത്തിയും കുളിരകറ്റാന്‍ പാടുപെടുകയാണ് എല്ലാവരും. തണുത്തു വിറച്ച്, മാറിമാറി ഫോട്ടോക്ക് പോസ് ചെയ്ത് ഞങ്ങളും.

 

ഇനി ഇറക്കമാണ്. ചംഗ്ലായില്‍ നിന്ന് നാല്പത്തൊന്നു കിലോമീറ്റര്‍ കഴിഞ്ഞാല്‍ തംഗ്‌സ്‌തെ ; കുന്നിന്‍ പുറത്തുള്ള മനോഹരമായ ഒരു ഗ്രാമം. പ്രാദേശിക രുചികളറിയാനെന്ന ഭാവേന ചെറുമട്ടില്‍ ഒരു ശാപ്പാട്. കാട്ടരുവിയില്‍ നിന്ന് വെളളമെടുത്ത് സോളാര്‍ അടുപ്പില്‍ പാചകം ചെയ്ത് സഞ്ചാരികള്‍ക്കായി രുചിയേറും വിഭവങ്ങളൊരുക്കി കാത്തിരിക്കുന്ന ഗ്രാമവാസികള്‍. ഇവിടെ ഒരു മെഡിക്കല്‍ എയ്ഡ് പോസ്റ്റുണ്ട്. ആള്‍ട്ടിറ്റിയൂഡ് മൗണ്ടന്‍ സിക്‌നസ് വന്നാല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെ വൈദ്യസഹായം നല്‍കാനുള്ള സൗകര്യം അവിടുണ്ട്. തംഗ്‌സ്‌തെയില്‍ ഒരു ബുദ്ധവിഹാരവുമുണ്ട്. പക്ഷേ, ഈ യാത്രയില്‍ അവിടെ പോവാന്‍ സമയമില്ല. ഏറെ പ്രധാനപ്പെട്ട രണ്ടുമൂന്ന് മൊണാസ്ട്രികള്‍ അടുത്ത ദിവസം ഞങ്ങള്‍ കാണാന്‍ പോവുകയാണല്ലോ.
സഞ്ചാരം തുടരുമ്പോള്‍ റോഡില്‍ വഴിമുടക്കി ഒഴുകുന്ന 'പാഗല്‍നാല'യ്ക്ക് സമീപം ക്വാളിസ് നിന്നു. ഇനി ആറു കിലോമീറ്റര്‍ കൂടി പോയാലേ പാംഗോങിന്റെ തീരത്തണയാന്‍ കഴിയൂ. വലിയ ട്രക്കുള്‍പ്പെടെയുള്ള വാഹനങ്ങളെ ഒഴുക്കിക്കളഞ്ഞ ചരിത്രമാണ് 'പാഗല്‍നാല'യ്ക്ക്പറയാനുള്ളത്. അതുകൊണ്ടാവാം, ഞങ്ങളെത്ര നിര്‍ബന്ധിച്ചിട്ടും ലെ സ്വദേശിയായ ടെയോട്ടയുടെ യുവസാരഥി തോട് മുറിച്ചുകടന്ന് വണ്ടിയോടിക്കാന്‍ കൂട്ടാക്കാതിരുന്നത്. മലമുകളിലെ മഞ്ഞുരുകി വരുന്ന നീരൊഴുക്ക് ശക്തമായിക്കൊണ്ടിരുന്നു.

 

സാഹസപ്പെട്ട് മുന്നോട്ടു പോയ ചില വാഹനങ്ങള്‍ അക്കരെപ്പറ്റാനാവാതെ വലിയ പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. വണ്ണമുള്ള കയറും കമ്പിയും വണ്ടികളില്‍ കെട്ടി വലിച്ചാണ് അവയെ കരകയറ്റിയത്!

 

മേനി മരവിപ്പിക്കുന്ന ശീതജലപ്രവാഹത്തിലൂടെ നടന്നു കയറാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍, യൂളി തന്റെ ഷൂ അഴിച്ചുമാറ്റി, പാന്റ്‌സ് തെറുത്തുകയറ്റി, ഒരു വാക്കിംഗ് സ്റ്റിക്കും കുത്തിപ്പിടിച്ച് ശ്രദ്ധാപൂര്‍വ്വം തോട് മുറിച്ച് കടന്നു പോകുന്നത് ഞങ്ങള്‍ കൗതുകത്തോടെ, അല്‍പം അമ്പരപ്പോടെയും, നോക്കി നിന്നു.

 

തോട്ടിന്‍കരയിലെത്തുന്ന വാഹനങ്ങളുടെ നിര നീളുകയാണ്. രണ്ടു മണിക്കൂറിലേറെയായി, വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ, റോഡിന് കുറുകെയുള്ള ശക്തമായ ജലപ്രവാഹം കണ്ട് അന്തിച്ച് നില്‍ക്കവെ, അക്കരെ ഒരു എര്‍ത് റിമൂവര്‍ പ്രത്യക്ഷപ്പെട്ടു. പാറക്കല്ലുകള്‍ ചിതറിത്തെറിപ്പിച്ചുനിരപ്പാക്കി മാറ്റി ഒഴുക്കിന്റെ ശക്തി കുറയ്ക്കാന്‍ ശ്രമിക്കുകയാണ് അതിന്റെ ഡ്രൈവര്‍. ജെസിബി ഇക്കരെയെത്തിയപ്പോള്‍ പാംഗോങ് യാത്ര മുടങ്ങുമോയെന്ന് വേവലാതിപ്പെട്ടിരുന്ന യാത്രികരില്‍ കുറെപ്പേര്‍ അതില്‍ കയറിപ്പറ്റി. ഫ്‌ലോറയും ലീയും ആദ്യം തന്നെ അതില്‍ ചാടിക്കേറിയിരുന്നു. ജെസിബിയുടെ കറങ്ങിത്തിരിഞ്ഞുള്ള രണ്ടാം വരവില്‍ ഞങ്ങളും 'ഭ്രാന്തന്‍ തോട്' മുറിച്ചുകടന്നു. അപ്പോഴേക്കും മൂന്നുമണി കഴിഞ്ഞിരുന്നു.


കയറ്റിറക്കങ്ങളും കല്ലും പൊടിയും നിറഞ്ഞ മലമ്പാതയിലൂടെ ആറു കിലോമീറ്റര്‍ നടന്നു വേണം ഇനി തടാകക്കരയിലെത്താന്‍. അനിശ്ചിതമായ മണിക്കൂറുകള്‍ക്കു ശേഷമുള്ള ഈ നടത്തത്തിന് വേഗത പോരെന്നു തോന്നി. ഞങ്ങള്‍ നടന്നു മുന്നേറുമ്പോള്‍, തോട് മുറിച്ചുകടന്ന പാടെ ഒരു ലിഫ്റ്റ് സംഘടിപ്പിച്ച് യാത്രയായ കൊറിയന്‍ പെണ്‍കിടാങ്ങള്‍ അതാ പാംഗോങ് വരെ പോയി മറ്റൊരു ജീപ്പില്‍ മടങ്ങുന്നു!

 

മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് തടാകതീരം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. ലേയിലുള്ള ടൂറിസ്റ്റ് ഓഫീസില്‍ നിന്ന് അനുമതി വാങ്ങാം. ചെറിയൊരു തുക ഫീസടച്ച് ഐഡി കാര്‍ഡും ഒരു ഫോട്ടൊയും നല്‍കി അപേക്ഷിച്ചാല്‍ നാട്ടുകാര്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്ക് പോകാന്‍ അനുവാദം കിട്ടും. വിദേശികളാണെങ്കില്‍ നാലംഗ സംഘത്തിനേ അനുമതി നല്‍കൂ. സുരക്ഷാ കാരണങ്ങളാല്‍ തടാകത്തില്‍ ബോട്ട് സവാരി പാടില്ല.

 

നാലു കിലോമീറ്റര്‍ മുന്നോട്ടു നടന്നപ്പോള്‍ തടാകത്തിനപ്പുറമുള്ള പര്‍വ്വത നിരകളുടെ ആദ്യ ദര്‍ശനം. പിന്നെ പാംഗോങ് തടാകത്തിന്റെ ആദ്യ ദൃശ്യാനുഭവം. അതോടെ പാദചലനത്തിന് പുതിയൊരാവേശം. മിഴികളിലേക്ക് അലയടിച്ചുവരുന്ന വര്‍ണ്ണരാജികള്‍. കടും നീലിമയാര്‍ന്ന ആകാശത്ത് വെള്ളിമേഘങ്ങളുടെ രഥഘോഷയാത്ര. രണ്ടുകിലോമീറ്റര്‍ കൂടി നടന്നാല്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തടാകതീരം പൂകാം. ചുറ്റും ചുണ്ണാമ്പു പാറകള്‍ നിറഞ്ഞ പര്‍വ്വതക്കെട്ടുകള്‍. പ്രായത്തെ വെല്ലുന്ന മനക്കരുത്തോടെ, കുതിച്ചൊഴുകുന്ന 'പാഗല്‍ നാല' മുറിച്ചുകടന്ന്, നേരത്തെ തന്നെ പാംഗോങ്ങിനരികെയെത്തിയ യൂളി ഞങ്ങളെ സ്വീകരിക്കാന്‍ കാത്തു നില്‍പുണ്ടവിടെ.

 

ലഡാക്കിലെ ദല്‍ദാന്‍ രാജാവും തിബത്തിലെ റീജന്റും തമ്മില്‍ ഒപ്പുവച്ച ഒരു പഴയ കരാര്‍ അനുസരിച്ചാണത്രെ ഈ തടാകം ഇന്ത്യയും തിബത്തും വീതിച്ചെടുത്തത്. മൂന്നില്‍ ഒരു ഭാഗം ഇന്ത്യയ്ക്ക്. ബാക്കി ഭാഗം തിബത്തിന്. 14270 അടി ഉയരത്തിലുള്ള ഈ ഉപ്പു ജലാശയത്തിന് 134 കിലോമീറ്റര്‍ നീളവും 5 കിലോമീറ്റര്‍ വീതിയുമുണ്ട്. ഏറ്റവും കൂടിയ ആഴം നൂറു മീറ്ററാണ്. വേനലില്‍ ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമാണിത്.

 

സ്പാങ്മിക് എന്ന സമീപ ഗ്രാമത്തില്‍ ചങ്പ വര്‍ഗ്ഗക്കാര്‍ താമസിക്കുന്നു. പരമ്പരാഗതമായി ആടുമേയ്ച്ചുനടന്നിരുന്ന ഇവര്‍ ഇപ്പോള്‍ അലച്ചിലൊക്കെ മതിയാക്കി. വേനലില്‍ ബാര്‍ളിയും പഠാണിയും കൃഷി ചെയ്യും. ശൈത്യകാലത്ത് ചെമ്മരിയാടുകളെയും പ്രസിദ്ധമായ പഷ്മിന ഷാളിനു വേണ്ടിയുള്ള പ്രത്യേകയിനം ആടുകളേയും (കഷ്മീരി ആടുകള്‍) പോറ്റാന്‍ ശാദ്വലഭൂമികള്‍ തേടിയിറങ്ങും. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുഷൂള്‍-ദെംചോക്ക്-ചുമുര്‍ ബെല്‍റ്റിലാണ്, 13000 അടി ഉയരങ്ങളില്‍ മേഞ്ഞുനടക്കുന്ന പഷ്മിനാ ആടുകള്‍ കൂടുതലായി വളരുന്നത്. ലഡാക്കില്‍ ഉല്പാദിപ്പിക്കുന്ന വിലപിടിച്ച പഷ്മിന കമ്പിളി നൂലിന്റെ പ്രധാന പങ്കും ഈ അതിര്‍ത്തി മേഖലയിലാണ് ഉല്പാദിപ്പിക്കുന്നത്. രണ്ട് അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ വളരുന്ന സംഘര്‍ഷം ഈ ജീവികളുടെ മേച്ചില്‍പ്പുറങ്ങളും ഇടയന്‍മാരുടെ ജീവനോപാധികളുമാണ് കവര്‍ന്നെടുക്കുന്നത് എന്ന കാര്യം ആരോര്‍ക്കാന്‍?

 

 

ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളുടെപ്രിയപുത്രിയായി വിരാജിക്കുന്ന പാംഗോങിലെ കുഞ്ഞോളങ്ങള്‍ കരയെ വന്ന് ഉമ്മവച്ച് അകലുകയാണ്. സൂര്യന്‍ ദിശമാറുമ്പോള്‍ തടാകത്തില്‍ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങള്‍ വന്നു നിറയുന്നു. നീല, പച്ച, പിന്നെ മാന്തളിര്‍, വയലറ്റ് നിറങ്ങള്‍. ഒരേ പരപ്പില്‍ ഇങ്ങുനിന്നങ്ങോളം വ്യത്യസ്ത വര്‍ണ്ണരാജികള്‍. നിലാവ് പൂത്തിറങ്ങുന്ന രാവുകളില്‍ പാംഗോങ് ഒരു പാല്‍ക്കടലാവുന്നു. ശൈത്യകാലത്താകട്ടെ മുകള്‍പ്പരപ്പില്‍ മഞ്ഞിന്റെ ധവളിമ നിറയും.

 

യൂളി ദൂരെയൊരു പര്‍വ്വത ശൃംഗത്തിലേക്ക് വിരല്‍ ചൂണ്ടി. ഒരു മലകയറ്റത്തിനുള്ള തയ്യാറെടുപ്പുമായാണ് ഇത്തവണയും ചങ്ങാതിയുടെ വരവ്. ഉടനെ തിരിച്ചു പോകാന്‍ ഞങ്ങള്‍ക്കും മനസ്സു വന്നില്ല. നേരത്തേ പ്ലാന്‍ ചെയ്തിരുന്നുവെങ്കില്‍ സ്പാങ്മിക്കിലോ തൊട്ടപ്പുറത്തുള്ള ലുക്കുംഗ് എന്ന ഗ്രാമത്തിലോ ടെന്റില്‍ താമസിച്ച് പാംഗോങിന്റെ നിശാസൗന്ദര്യം നുകരാമായിരുന്നു. പക്ഷേ, രാത്രി തന്നെ ലേയില്‍ തിരിച്ചെത്താവുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. കുറെ നേരം കൂടി തടാക തീരത്തിരുന്ന് ഒരു മടക്കയാത്ര. തൊട്ടടുത്തുള്ള ധാബയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഒരു പഴഞ്ചന്‍ ജീപ്പ് ഞങ്ങള്‍ക്ക് പോകാനായി യൂളി ഏര്‍പ്പാടാക്കിയിരുന്നു. 'പാഗല്‍നാല' വരെ അദ്ദേഹം കൂടെപ്പോരുകയും ചെയ്തു. മടങ്ങിയെത്തുമ്പോഴേക്ക് 'ഭ്രാന്തന്‍തോട്ടി'ലെ നീരൊഴുക്ക് അല്‍പം കുറഞ്ഞിട്ടുണ്ട്. കാമറ ഭദ്രമായി ബാഗില്‍ വച്ച്, ഷൂ അഴിച്ച് ലേസുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ തൂക്കി, രണ്ടു കയ്യും സ്വതന്ത്രമാക്കി വെള്ളത്തിലേക്കിറങ്ങി. മരവിപ്പിക്കുന്ന തണുപ്പ്. കാലുകളിലെ രക്തം കട്ടപിടിക്കുമെന്നു തോന്നി. വേഗം തൊട്ടടുത്ത കല്‍ക്കൂമ്പാരത്തിലേക്ക് ചാടിക്കയറി. മരവിപ്പ് മാറുമ്പോള്‍ വീണ്ടും വെള്ളത്തിലിറങ്ങി അല്‍പം നടത്തം. പിന്നെ പാറക്കല്ലുകളില്‍ ഇത്തിരി വിശ്രമം. ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒടുവില്‍ ഒരു വിധത്തില്‍ അക്കരെ ചെന്നുപറ്റി.

 

പാംഗോങ് സന്ദര്‍ശനത്തിന്റെ ആവേശം പങ്കുവയ്ക്കാന്‍ ഫ്‌ലോറയും ലീയും ടൊയോട്ടയില്‍ ഞങ്ങളെ കാത്തിരിപ്പായിരുന്നു.