Friday 24 September 2021
കോവളത്ത് പോരു... വട്ടമിട്ട് പറക്കാം നീല കടലിന് മുകളിലൂടെ (വീഡിയോ)

By സൂരജ് സുരേന്ദ്രൻ .23 Feb, 2021

imran-azhar

 

 

ഏറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രമായിരുന്നു. ആകാശത്ത് പറക്കണം എന്നുള്ളത്. എന്തായാലും അതിന്ന് സാധിച്ചു. കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ്‌ലിംഗ് പ്രവർത്തന സജ്ജമായി.


അവിചാരിതമായി ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം ചുറ്റിയടിക്കാൻ കോവളം വരെ പോയി. കോവിഡിന്റെ ഭീതിയകന്ന് ആളുകൾ കടലിന്റെ മാദക സൗന്ദര്യം ആസ്വദിക്കാൻ എത്തി തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അറിയുന്നത് കോവളത്ത് പാരാ സെയ്‌ലിംഗ് ആരംഭിച്ച വിവരം. അപ്പോൾ മുതൽ മനസ്സിലുണ്ടായ ത്വരയാണ് സാഹസികത നിറഞ്ഞ പാരാ സെയ്‌ലിംഗിന്റെ ഭയാനകമായ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയണമെന്നത്. പിന്നെ ഒട്ടും മടിച്ചില്ല ബോണ്ട് അഡ്‌വെഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സൂരജ് ഖാനുമായി ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നു. അഞ്ച് മിനിറ്റ് ആകാശത്തിലൂടെ പറക്കുന്നതിന് 2500 രൂപയാണ് ടിക്കറ്റ് ചാർജ്.

 

 

പാരാ സെയ്‌ലിംഗ് ചെയ്യുവാനായി ഉച്ചയോടടുക്കുമ്പോഴാണ് ഞങ്ങൾ കോവളത്തെത്തുന്നത്. അധികം തിരക്കും ബഹളങ്ങളുമില്ല. പിന്നീടാണ് ഞങ്ങൾ മനസിലാക്കിയത് ശബ്ദ കോലാഹലങ്ങളിൽനിന്നും എല്ലാം വിട്ടുമാറി ആകാശത്ത് പറന്നുനടക്കാൻ ശാന്തമായ സായാഹ്‌ന വേളകളാണ് ഉത്തമമെന്ന്. ബീച്ചിൽ ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാമൊരുക്കി ഷിജു എന്ന വ്യക്തിയും ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് പാരാ സെയ്‌ലിംഗ് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്നത്. പാരാസെയ്‌ലിംഗിനായി കരയിൽ നിന്നും അൽപ ദൂരം കടലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. സ്പീഡ് ബോട്ടിലാണ് യാത്ര. ആഴക്കടലിൽ ഞങ്ങളെയും കാത്ത് മറ്റൊരു ബോട്ട് നിർത്തിയിട്ടിരുന്നു. ആ ബോട്ടിൽ കയറിയാണ് പാരാ സെയ്‌ലിംഗ് നടത്തേണത്. ഞങ്ങൾക്കൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവാക്കളും പാരാ സെയ്‌ലിംഗിന്റെ ആദ്യാനുഭവം നുകരാൻ ബോട്ടിലുണ്ടായിരുന്നു. ഉയരങ്ങൾ കീഴടക്കാനുള്ള ആകാംഷകൾക്കിടയിലും, അവരുടെ കണ്ണിൽ നേരിയ ഭയം ഞാൻ കണ്ടിരുന്നു. എന്നിരുന്നാലും അവർ നല്ല ത്രില്ലിലാണ്.

 

ശരിക്കും പറഞ്ഞാൽ പാരാ സെയ്‌ലിംഗ് സുഖമുള്ള ഒരു അനുഭവം തന്നെയാണ്. ബോട്ടിൽ ഉണ്ടായിരുന്നു മൂന്ന് സുഹൃത്തുക്കളിൽ ഒരാളാണ് ആദ്യം പാരാ സെയ്‌ലിംഗ് നടത്തിയത്. ആകാശം കീഴടക്കിയ സന്തോഷം ആ കണ്ണുകളിൽ കാണാമായിരുന്നു. പിന്നാലെ മറ്റ് രണ്ട് സുഹൃത്തുക്കളും നീലാകാശത്തിനും, നീല കടലിനും നടുവിലൂടെ വട്ടമിട്ടു പറന്നു.

 

അടുത്തത് എന്റെ ഊഴമായിരുന്നു. മൊബൈൽ ഫോൺ കൊണ്ടുപോയി ആകാശ കാഴ്ച പകർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മൊബൈലിനെ കടലമ്മ കൊണ്ടുപോകുമോ എന്ന ആശങ്ക ഉള്ളതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു. ക്യാമറാമാൻ ആഷിക്കിനോട് എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കണമെന്ന് പറഞ്ഞ് പതിയെ പതിയെ ഞാൻ പറന്നുയരാൻ തുടങ്ങി. കോവളം ബീച്ചിന് മുകളിലൂടെയുള്ള ആകാശ കാഴ്ച അതൊന്ന് വേറെ തന്നെയാണ്. വീണ്ടും മുകളിലേക്ക് പറന്നുയരാൻ ആഗ്രഹം തോന്നിയെങ്കിലും അത് ജീവനക്കാരോട് പറയാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ അഞ്ച് മിനിറ്റിനുള്ളിൽ എന്നെ ബോട്ട് ലക്ഷ്യമാക്കി താഴേക്കിറക്കി. 

 

കോവളത്തെത്തുന്ന കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരമാണ് പാരാ സെയ്‌ലിംഗ് കോവളത്ത് ആരംഭിച്ചിരിക്കുന്നതെന്ന് ബോണ്ട് അഡ്‌വെഞ്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ മറ്റൊരു ഡയറക്ടർ കൂടിയായ കിഷോർ കുമാർ പറയുന്നു. നോഹരമായ ഒരു അനുഭവം തന്നെയാണ് പാരാസെയ്‌ലിംഗ്. വാക്കുകൾക്കുമതീതം. ഒരിക്കലെങ്കിലും പാരച്യൂട്ടിൽ തൂങ്ങി ആകാശക്കാഴ്ചകൾ കാണാൻ ശ്രമിക്കണം.