Friday 24 September 2021




പുഞ്ചക്കരി ഷാപ്പിലെ നാടൻ തലക്കറിയും ഞണ്ട് കറിയും

By സൂരജ് സുരേന്ദ്രന്‍.08 Mar, 2021

imran-azhar

 

 

അനന്തപുരിയുടെ ഹൃദയമാണ് വെള്ളായണി കായലും, പുഞ്ചക്കരിയുമെല്ലാം. എങ്കിൽപ്പോലും നാഗരികതയുടെ തിരക്കുകളോ, പരക്കംപാച്ചിലോ ഒന്നും തന്നെ ഈ ഗ്രാമഭംഗിക്ക് അഭംഗി ചാർത്തിയിട്ടില്ല. വെള്ളായണി കായലിന്റെ തീരത്തോട് ചേര്‍ന്ന് ഹരിതാഭമായ പാടവരമ്പിലൂടെ അല്പം നടന്നാൽ പുഞ്ചക്കരി ഷാപ്പിലെത്താം. വിഴിഞ്ഞത്തു നിന്നുമെത്തുന്ന കടൽമൽസ്യങ്ങളും വെള്ളായണി കായലിലെ മൽസ്യങ്ങളും ചേർന്ന് മൽസ്യവിഭവങ്ങളുടെ രുചിമേളമാണ് ഇവിടെയെത്തുന്ന ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. കടൽ മൽസ്യങ്ങളുടെയും, പുഴ മൽസ്യങ്ങളുടെയും കമനീയ കലവറയാണ് പുഞ്ചക്കരി ഷാപ്പിന്റെ ആകര്ഷണമെന്ന് പറയാതെ വയ്യ. കട്ല, ആറ്റുവള , വിളമീൻ, വരാൽ, കടൽ മോദാ, സിലോപ്പി തുടങ്ങിയ പുഴ മീൻ വിഭവങ്ങൾ പുഞ്ചക്കരി ഷാപ്പിലെ മാത്രം പ്രത്യേകതയാണ്.

 
പുഞ്ചക്കരി ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവരാരും ഇവിടുത്തെ മെയിൻ ഷെഫായ ജിജോ ചേട്ടനെ പരിചയപ്പെടാതെ മടങ്ങാൻ വഴിയില്ല. ഭക്ഷണം കഴിച്ചുടൻ ഞങ്ങൾ തിരക്കിയതും അദ്ദേഹത്തെ തന്നെയായിരുന്നു. ഞണ്ട് കറി തയ്യാറാക്കുന്ന വിധവും ജിജോ ചേട്ടൻ ഞങ്ങൾക്കായി കാണിച്ചു തന്നു. പുഞ്ചക്കരിയിലെ ഏറ്റവും സ്പെഷ്യൽ വിഭവം തലക്കറിയാണ്. വേളാവിന്റേയും നെയ്‌മീനിന്റെയും തലകളാണ് ഇവിടെ പ്രധാനമായും തലക്കറിയ്ക്ക് ഉപയോഗിക്കുന്നത്. തലക്കറിയിൽ തലയ്ക്കു കൂട്ടിനു മുരിങ്ങക്കായും തക്കാളിയുമുണ്ട്. കൂട്ടത്തിൽ രുചിയേറെയുള്ളത് നെയ്‌മീനിന്റെ തലക്കറിക്കാണെന്നാണ് ഇവിടെയെത്തുന്ന രുചിയാസ്വാദകരുടെ അഭിപ്രായം. എന്തൊക്കെയായാലും എരിവേറെയുള്ള ഈ വിഭവത്തിനാണ് ഇവിടെ ഏറ്റവുമധികം ആരാധകരുള്ളത്. താറാവും കോഴിയും പന്നിയും പോത്തുമെല്ലാം ആവശ്യക്കാർക്ക് യഥേഷ്ടം ലഭ്യമാണ്. വെള്ളായണി കായലിൽ നിന്ന് നേരിട്ട് പിടിക്കുന്ന മൽസ്യങ്ങളായതു കൊണ്ട് തന്നെ ഇവിടുത്തെ എല്ലാ മൽസ്യവിഭവങ്ങൾക്കും രുചിയേറെയാണ്. ജിജോ ചേട്ടന്റെ നാടൻ കറികൂട്ടുകളുടെ ഉപയോഗവും കൂടിയാകുമ്പോൾ ആഹാ അന്തസ്.

 

വെള്ളായണി കായലിന്റെ തീരത്ത് പുഞ്ചക്കരി ഷാപ്പ് രുചിയുടെ പെരുമ്പറ മുഴക്കി തലയെടുപ്പോടെ പ്രവർത്തനമാരംഭിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലാൽ, ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ലാലി ചേട്ടനാണ് പുഞ്ചക്കരി ഷാപ്പിന്റെ അമരക്കാരൻ. ജിജോ ചേട്ടൻ പറയുന്നു. ഇവിടെയെത്തുന്ന രുചി ആസ്വാദകർക്കും നൂറ് നാവാണ് പുഞ്ചക്കരി ഷാപ്പിനെ പറ്റിയും, വായിൽ കപ്പലോടിക്കുന്ന കിടിലൻ വിഭവങ്ങളെ പറ്റിയും.

 

വിശദമായ വിവരണത്തിന് ലിങ്കിൽ ക്ലിക്ക് ചെയ്ത കാണു...