Friday 05 March 2021




വിസയില്ലാതെ സെര്‍ബിയയിലേക്ക് ഒരു യാത്ര പോകാം

By Rajesh Kumar.09 Feb, 2021

imran-azhar

 

ഈ യൂറോപ്യന്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന തെക്കു കിഴക്കന്‍ യൂറോപ്പിലെ രാജ്യമായ സെര്‍ബിയ ആണത്.

 

ചരിത്രത്താലും പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ രാജ്യമാണ് സെര്‍ബിയ. അനേകം മനോഹര സ്ഥലങ്ങള്‍ നിറഞ്ഞ രാജ്യം.

 

 

സെര്‍ബിയയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് റോസോമാകാ കാന്യോണ്‍. ബാല്‍ക്കന്‍ പര്‍വതനിരകളിലുള്ള സ്ലാവിഞ്ച ഗ്രാമത്തിനടുത്തുള്ള ചെറിയ മലയിടുക്കാണ് റോസോമാകാ കാന്യോണ്‍.

 

സ്ലാവിന്‍ജ ഗ്രാമത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് റോസോമാക മലയിടുക്ക്. ഏകദേശം അരമണിക്കൂര്‍ നടന്നാണ് ഇവിടേക്കെത്തേണ്ടത്.

 

വിചിത്രമായ ആകൃതിയുള്ള പാറകളാണ് ഇവിടുത്തെ പ്രത്യേകത. റോസോമാകാ നദിയില്‍ നിന്ന് ഒഴുകി വരുന്ന ജലത്തിന്റെ ശക്തിയില്‍ പ്രകൃതിദത്തമായി കൊത്തിയെടുക്കുന്നതാണിവ. ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണിത്.

 


ഏകദേശം 500 മീറ്റര്‍ നീളവും 70 മീറ്റര്‍ ഉയരവുമുണ്ട് ഈ മലയിടുക്കിന്. ചുണ്ണാമ്പുകല്ലുകളാണ് ഇവിടെയുള്ളത്.

 

മലയിടുക്കിനു തൊട്ടു താഴെയുള്ള ജലത്തിന് 5-6 ഡിഗ്രിക്കടുത്താണ് എപ്പോഴും താപനില. നദിയില്‍ മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. പ്രകൃതിസ്‌നേഹികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രദേശമാണിത്.



പിറോട്ട് പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് റോസോമാക മലയിടുക്ക് സ്ഥിതി ചെയ്യുന്ന സ്ലാവിഞ്ച ഗ്രാമം. ബെല്‍ഗ്രേഡില്‍ നിന്ന് ഏകദേശം 340 കിലോമീറ്റര്‍ ദൂരം. ഹൈക്കര്‍മാര്‍, പര്‍വതാരോഹകര്‍, സാഹസിക പ്രേമികള്‍ എന്നിവരാണ് കൂടുതലും ഇവിടെ എത്തുന്നത്.

 

ഇവിടേക്കുള്ള യാത്രയില്‍ പുരാതന ഗ്രാമമായ സോവ്‌സി സന്ദര്‍ശിക്കാം. ഇവിടുത്തെ ഏറെ പ്രശസ്തമായ പള്ളിയാണ് ബാള്‍ഡ് ജീസസ്. പതിമൂന്നാം നൂറ്റാണ്ടില് പണികഴിപ്പിച്ച ഈ പള്ളി ഒരു ഗുഹക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. മുടിയില്ലാത്ത യേശുവിന്റെ ഏറെ അപൂര്‍വ രൂപമാണ് ഇവിടെയുള്ളത്.

 

സോവ്‌സിയില്‍ നിന്ന് സ്ലാവിന്‍ജയിലേക്കുള്ള വഴിയില്‍ വിസോക്ക റസാന എന്ന മറ്റൊരു ഗ്രാമഗ്രാമം കൂടി സന്ദര്‍ശിക്കാം.

 

സ്ലാവിഞ്ചയിലുള്ള 16-ആം നൂറ്റാണ്ടിലെ സെന്റ് ജോര്‍ജ്ജ് ദേവാലയമാണ് മറ്റൊരു ആകര്‍ഷണം.