Wednesday 07 December 2022
ട്രെക്കിങ്: പതിയിരിക്കുന്ന അപകടങ്ങള്‍

By swathi.10 Feb, 2022

imran-azhar


രാജകുമാരി : സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന വിനോദമാണ് മലനിരകള്‍, വനങ്ങള്‍ എന്നിവയിലൂടെയുള്ള ട്രക്കിങ്. വ്യത്യസ്തമായ ഭൂപ്രകൃതി കൊണ്ട് പശ്ചിമഘട്ടം കനിഞ്ഞനുഗ്രഹിച്ച ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം ട്രക്കിങ് പോയിന്റുകളുള്ളത്. മീശപ്പുലിമല, കൊളുക്കുമല, ചൊക്രമുടി, വാഗമണ്‍ മൊട്ടക്കുന്നുകള്‍, ഉളുപ്പുണി, കുറിഞ്ഞിമല സാങ്ച്വറി, കുളമാവ് കുന്ന്, പാല്‍ക്കുളമേട്, എക്കോപോയിന്റ്, നാടുകാണി, മീനുളി, ചതുരംഗപ്പാറമെട്ട്, സേനാപതി സ്വര്‍ഗംമേട്, മതികെട്ടാന്‍ചോല, അടിമാലി പെട്ടിമുടി, കാല്‍വരി മൗണ്ട് മല എന്നിവയൊക്കെ ജില്ലയിലെ ഇഷ്ട ട്രക്കിങ് പോയിന്റുകളാണ്.

 

കാടും മലകളും ആസ്വദിക്കുന്നവര്‍ക്ക് ഓരോ വിനോദയാത്രകളും സഞ്ചാരിയുടെയും മനസ്സില്‍ തങ്ങുന്ന ഓര്‍മകള്‍ വലുതാണ്.. എന്നാല്‍ ഇവയ്ക്ക് ആവശ്യമായ പരിശീലനവും വിദഗ്ധസഹായവും ആവശ്യമാണ് .അല്ലാത്തത്‌അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.. കഴിഞ്ഞ മാസം മൂന്നാര്‍ കരടിപ്പാറ വ്യൂപോയിന്റില്‍ നിന്നു കാല്‍വഴുതി വീണു യുവാവ് മരിച്ചിരുന്നു


ട്രക്കിങ് പരിശീലനത്തിന് സൗകര്യമൊരുക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴിലുള്ള ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയില്‍ ട്രക്കിങ്, മലകയറ്റം എന്നിവയില്‍ നേരത്തേ പരിശീലനം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിനു ശേഷം ഈ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലാണ്.

 

ട്രക്കിങ്ങിനിടെ കാട്ടിലും മലനിരകളിലും ഒറ്റപ്പെട്ടു പോകുന്നതും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതുമായ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. സുരക്ഷാ മുന്‍കരുതലുകളും തയാറെടുപ്പുകളും ട്രക്കിങ്ങിന് അത്യാവശ്യമാണ്.

 

വനത്തിനും മലയിലും ട്രക്കിങ് നടത്തുന്നതിന് അധികൃതരുടെ അനുമതി തേടുക എന്നതാണ് ആദ്യത്തെ കാര്യം. വനങ്ങളിലെ ട്രക്കിങ്ങിന് വനം വകുപ്പാണ് അനുമതി നല്‍കേണ്ടത്. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇതു സഹായിക്കും. യാത്രയ്ക്കിടെ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുക, ബഹളം വയ്ക്കുക, ഫോട്ടോയെടുക്കുക എന്നിവയൊക്കെ അപകടം ക്ഷണിച്ചു വരുത്തുന്നവയാണ്..


വനം വകുപ്പിന്റെ ട്രക്കിങ് കേന്ദ്രങ്ങളില്‍ പരിചയസമ്പന്നനായ ഒരു സഹായിയെ സഞ്ചാരികള്‍ക്കൊപ്പം അയയ്ക്കാറുണ്ട്. മീശപ്പുലിമലയിലേക്ക് ട്രക്കിങ് നടത്തുന്നവരോടൊപ്പം കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഗൈഡ് കൂടെയുണ്ടാവും. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലേക്കു പോകുന്നവരോടൊപ്പവും വനം വകുപ്പിന്റെ ഗൈഡ് ഉണ്ടാകും. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യേക ട്രക്കിങ് പാക്കേജില്‍ ഉള്‍പ്പെടാത്ത യാത്രക്കാര്‍ക്ക് ഗൈഡിന്റെ സഹായം ലഭിക്കണമെന്നില്ല. അങ്ങനെയെങ്കില്‍ വനംവകുപ്പിന്റെ അംഗീകാരമുള്ള ഗൈഡുമായി യാത്ര ചെയ്യുക.

 

ജില്ലയിലെ പല സ്ഥലങ്ങളിലും വളരെ പെട്ടെന്നാവും കാലാവസ്ഥാമാറ്റമുണ്ടാകുന്നത്. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചു വേണം ട്രക്കിങ് നടത്താന്‍. മിക്ക ട്രക്കിങ് പോയിന്റുകളിലും മഴയുള്ള സമയങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകാനും വേനല്‍ക്കാലത്ത് കാട്ടുതീയുണ്ടാകാനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയാണെങ്കില്‍ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തയാറാകുന്നയാളാണ് നല്ല സഞ്ചാരി. രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുക.

 

 

മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായമുണ്ടെങ്കില്‍ എവിടെയും തനിയെ പോകാന്‍ തയാറാകുന്നവരാണ് പലരും. എന്നാല്‍ വനത്തിലേക്കും മലകളിലേക്കുമുള്ള യാത്രകളില്‍ മൊബൈല്‍ ഫോണിനെ പൂര്‍ണമായി വിശ്വസിക്കുന്നത് ഗുണം ചെയ്യില്ല. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ പെട്ടുപോയാല്‍ വഴിതെറ്റാനുള്ള സാധ്യതയേറെയാണ്.

 

ഭക്ഷണവും വെള്ളവും അത്യാവശ്യ മരുന്നുകളും കൂടാതെ ജാക്കറ്റ്, ട്രക്കിങ് പാന്റ്‌സ്, ഹൈക്കിങ് ഷൂ, ടോര്‍ച്ച്, പവര്‍ ബാങ്ക് എന്നിവയെല്ലാം ട്രക്കിങ് നടത്തുന്നവരുടെ ബാഗില്‍ വേണ്ട അത്യാവശ്യ കാര്യങ്ങളാണ്.

 

ട്രക്കിങ്ങിനിടെ ഒറ്റപ്പെട്ടു പോകുകയാണെങ്കില്‍ ആത്മവിശ്വാസം കൈവിടാതിരിക്കുകയാണ് രക്ഷപ്പെടാനുള്ള ആദ്യ മാര്‍ഗം. നേരം ഇരുട്ടിയാല്‍ മൃഗങ്ങള്‍ എത്തിച്ചേരാത്ത സ്ഥലം കണ്ടെത്തി അവിടെ വിശ്രമിക്കുക. രക്ഷാപ്രവര്‍ത്തനം നടത്താനെത്തുന്നവരുടെ ശ്രദ്ധ ലഭിക്കും വിധം ശബ്ദമുണ്ടാക്കുകയും വേണം.