ആലുവ ഗ്യാങ് വീണ്ടും ;നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടുകെട്ടിൽ പുതിയ ചിത്രം

By :  Devina Das
Update: 2026-06-20 10:51 GMT

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ സീൻ മാറ്റിയ നിവിൻ പോളി-അൽഫോൺസ് പുത്രൻ കൂട്ടുകെട്ട് വീണ്ടും എത്തുന്നു . 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രം എത്തുന്നത് . നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയുടെ പേര് 27-ാം തിയ്യതി പത്മ തിയേറ്ററിൽ വച്ച് പ്രഖ്യാപിക്കും.രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിലിരിക്കും പുതിയ സിനിമയുടെ പ്രഖ്യാപനം. നിവിൻ പോളിയുടെ അമ്പതാമത്തെ ചിത്രമായിരിക്കും ഇത്. ബൈക്ക് റേസിങുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാകുമെന്നാണ് റിപ്പോർട്ടുകൾ. സംവിധാനത്തിന് പുറമെ എഡിറ്റിങ്, കഥ, തിരക്കഥ, സംഭാഷണം, കളർ ഗ്രേഡിങ് എന്നിവരും അൽഫോൺസാണ് കൈകാര്യം ചെയ്യുന്നത്.

ഗോൾഡ് ആണ് അൽഫോൺസ് പുത്രന്റേതായി ഒടുവിലിറങ്ങിയ ചിത്രം. പൃഥ്വിരാജും നയൻതാരയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈയ്യടുത്തിറങ്ങിയ വാഴ 2, ബൾട്ടി, സർവ്വം മായ എന്നീ ചിത്രങ്ങളിലെ അൽഫോൺസിന്റെ അഭിനയം കയ്യടി നേടിയിരുന്നു. നാളുകളായി അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.2013 ലാണ് നിവിൻ പോളി, നസ്രിയ എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ചു കൊണ്ട് അൽഫോൺസ് പുത്രൻ നേരം ഒരുക്കിയത്. പിന്നാലെ 2015 ൽ പ്രേമത്തിലൂടെ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നും അൽഫോൺസ് സമ്മാനിച്ചു.കേരളത്തിന് പുറത്തും വൻ ഹിറ്റായി മാറിയ ചിത്രമാണ് പ്രേമം. ഇന്നും ആരാധകർ സംസാരിക്കുന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ എന്നിവർ അരങ്ങേറിയതും.

Similar News