കാട്ടാനയാക്രമണത്തിൽ മാതൃസ്‌നേഹം നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് ഇനി വനംവകുപ്പിന്റെ കാവല്‍ക്കൈകള്‍

By :  Devina Das
Update: 2026-06-27 05:46 GMT

തൊടുപുഴ: ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളായ രക്ഷിനും രക്ഷിണയ്ക്കും വനംവകുപ്പ് തണലൊരുക്കും. കുട്ടികളെ വനംവകുപ്പ് പൂർണാർത്ഥത്തിൽ 'ദത്തെടുക്കുകയാണെന്ന്' ലോക് ഹാർട്ടിലെ വീട്ടിലെത്തിയ മന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിച്ചു. കുട്ടികൾക്കായി മന്ത്രി നേരിട്ടെത്തിച്ച രണ്ട് കുഞ്ഞു സൈക്കിളുകൾ ആ കണ്ണീർവീട്ടിൽ ചെറു പുഞ്ചിരിയായി.

കുഞ്ഞു സൈക്കിളുകളിലേക്ക് നോക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടാകാം. കാരണം, ഈ സൈക്കിളിൽ കയറി അവർ പോകുന്നതും നോക്കിനിൽക്കാൻ ഇനി ആ അമ്മയില്ല. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് ഇവരുടെ ലോകം ഇരുളടഞ്ഞുപോയത്. ഒരു വർഷം മുൻപ് അച്ഛൻ നഷ്ടപ്പെട്ട മക്കൾക്ക് അമ്മ മാരിയായിരുന്നു എല്ലാം. സ്‌കൂളിലേക്ക് പോകാൻ പതിവുപോലെ അമ്മയുടെ കൈപിടിച്ച് നടന്ന രക്ഷിനെയും രക്ഷിണയെയും കാത്തിരുന്നത് കാട്ടാനയുടെ രൂപത്തിൽ വന്ന വിധിയായിരുന്നു. കൺമുന്നിൽ അമ്മ ചോരയിൽ കുളിച്ചുവീണ ആ ദാരുണ ദൃശ്യം കുരുന്നുകളുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.

അനാഥത്വത്തിന്റെ ആഴക്കടലിൽ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾക്ക് മുന്നിലേക്കാണ് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എത്തിയത്. കേവലം ഔദ്യോഗിക സന്ദർശനത്തിനപ്പുറം, വനംവകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു കുടുംബത്തെ സർക്കാർ നെഞ്ചോട് ചേർക്കുന്ന പ്രഖ്യാപനമാണ് ഇവിടെയുണ്ടായത്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഈ കുട്ടികളെ ഞങ്ങൾ ദത്തെടുക്കുകയാണ്. കുഞ്ഞുങ്ങൾക്ക് 18 വയസ്സ് തികയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിപ്പാർട്ട്മെന്റ് നോക്കും. അവർക്കായി ഒരു പ്രത്യേക 'മെന്ററെ' ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകും. മാസച്ചെലവിനായി 5000 രൂപ നൽകുന്നതിന് പുറമെ, സ്‌കൂൾ ഫീസും മറ്റ് കാര്യങ്ങളും വനംവകുപ്പ് തന്നെ വഹിക്കും. ഭാവിയിൽ അവർക്കൊരു വീട് ആവശ്യമായി വരികയാണെങ്കിൽ അതും ചെയ്തു കൊടുക്കും. വന്യജീവി ആക്രമണങ്ങളിൽ ഇങ്ങനെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചെയ്യാൻ കഴിയുന്ന ഒരു പുതിയ മാതൃകയായി ഇതിനെ മുന്നോട്ട് കൊണ്ടുപോകാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

പ്രഖ്യാപനങ്ങൾ വെറും വാക്കുകളിലൊതുങ്ങില്ലെന്ന് ഉറപ്പുവരുത്താൻ കർശനമായ തുടർനടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ബന്ധു കൂടിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. രമേശിനാണ് സംരക്ഷണച്ചുമതല. സാങ്കേതിക തടസ്സങ്ങൾ മറികടന്ന് കുട്ടികൾക്കായി പ്രത്യേക അക്കൗണ്ടുകൾ ഉറപ്പാക്കിക്കഴിഞ്ഞു. ലക്ഷങ്ങളുടെ ധനസഹായത്തിനോ ഭരണകൂടത്തിന്റെ വലിയ പ്രഖ്യാപനങ്ങൾക്കോ ഈ കുരുന്നുകൾക്ക് നഷ്ടപ്പെട്ട മാതൃസ്‌നേഹത്തിന് പകരമാകില്ല, അത് തീർച്ചയാണ്. എങ്കിലും, വന്യമൃഗങ്ങൾ കാടിറങ്ങി വന്ന് ഒരു കുടുംബത്തിന്റെ താങ്ങ് തകർക്കുമ്പോൾ, അതിനൊരു പുതിയ പ്രതിരോധ മാതൃക തീർക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

Similar News