Kaumudi Plus

ഞാറ്റുവേല സമയത്ത് വൃക്ഷ തൈകൾ നടേണ്ടത് എപ്പോൾ ?സമയക്രമം അറിയാം

ഞാറ്റുവേല സമയത്ത്  വൃക്ഷ തൈകൾ നടേണ്ടത് എപ്പോൾ ?സമയക്രമം അറിയാം
X

ജൂണ്‍ മാസത്തിന്റെ ആദ്യപകുതിയില്‍ ആരംഭിക്കുന്ന മകയിരം ഞാറ്റുവേല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണ്. ഈ കാലയളവില്‍ ലഭിക്കുന്ന സ്ഥിരതയുള്ള മഴയും മണ്ണിലെ ഈര്‍പ്പവും തൈകളുടെ വേരുപിടിത്തത്തിന് സഹായകമാകുന്നു. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കൊപ്പം ജാതി, ഗ്രാമ്പു, റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയ സുഗന്ധവ്യഞ്ജന-ഫലവിളകളും ഈ സമയത്ത് നടുന്നത് നല്ല ഫലം നല്‍കുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.

മകയിരത്തിന് ശേഷം വരുന്ന തിരുവാതിര ഞാറ്റുവേല കുരുമുളക് കൃഷിയുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു. കുരുമുളക് താങ്ങുമരങ്ങളില്‍ കയറ്റുന്നതിനും പുതിയ തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനും ഈ സമയം വളരെ അനുയോജ്യമാണ്. കൂടാതെ കൊക്കോ, കാപ്പി, വാഴ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ വിളകളും ഈ കാലഘട്ടത്തില്‍ നടാം. മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പ വും കുരുമുളകിന്റെ വേരുപിടിത്തത്തിനും വളര്‍ച്ചയ്ക്കും അനുകൂലമാണെന്നാണ് പരമ്പരാഗത കര്‍ഷക വിശ്വാസം.

കേരളത്തിലെ കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഒരു കഥയും തിരുവാതിര ഞാറ്റുവേലയെ ചുറ്റിപ്പറ്റിയുണ്ട്. വിദേശ സായിപ്പുമാര്‍ കേരളത്തില്‍ നിന്ന് കുരുമുളകിന്റെ കമ്പുകളും തൈകളും കൊണ്ടുപോയി സ്വന്തം നാട്ടില്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, അതിനെക്കുറിച്ചുള്ള ആശങ്ക സാമൂതിരി രാജാവിനോട് ചിലര്‍ പങ്കു വച്ചുവെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ, ''അവര്‍ക്ക് കുരുമുളക് കമ്പ് കൊണ്ടുപോകാം; പക്ഷേ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ!'' എന്ന് മറുപടി പറഞ്ഞുവത്രേ. ഒരു ചെടിയുടെ വിജയകരമായ വ ളര്‍ച്ച വിത്തിനെയോ തൈയെയോ മാത്രം ആശ്രയിച്ചല്ല, അതിന് ആവശ്യമായ മഴയും കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും പ്രകൃതിയുടെ താളവും കൂടി അനിവാര്യമാണെന്ന സന്ദേശമാണ് ഈ കഥ നല്‍കുന്നത്.

ജൂലൈ മാസത്തിന്റെ ആദ്യപകുതിയില്‍ വരുന്ന പുണര്‍തം ഞാറ്റുവേല ജലസാന്നിധ്യം ഇഷ്ടപ്പെടുന്ന സസ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. വാഴ, കപ്പ, പൈനാപ്പിള്‍, മുരിങ്ങ, മുളക്, വഴുതന തുടങ്ങിയ വിളകള്‍ ഈ സമയത്ത് നട്ടാല്‍ നല്ല വളര്‍ച്ച ലഭിക്കും. ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കാനും ഈ കാലയളവ് അനുകൂലമായി കണക്കാക്കപ്പെടുന്നു.

തുടര്‍ന്ന് വരുന്ന പൂയം ഞാറ്റുവേല ദീര്‍ഘകാല വൃക്ഷവിളകള്‍ നട്ടുപിടിപ്പിക്കാന്‍ യോജിച്ച സമയ മാണ്. തേക്ക്, മഹാഗണി, ആഞ്ഞിലി, നെല്ലി, സപ്പോട്ട, പേര തുടങ്ങിയ വൃക്ഷങ്ങള്‍ ഈ കാല ഘട്ടത്തില്‍ നട്ടാല്‍ മികച്ച വേരുപിടിത്തവും വളര്‍ച്ചയും ലഭിക്കുമെന്ന് അനുഭവസമ്പന്നരായ കര്‍ഷകര്‍ പറയുന്നു. മഴക്കാലം ശക്തമാകുന്നതിനാല്‍ തൈകള്‍ക്ക് ആവശ്യമായ ജലലഭ്യതയും ഈ സമയത്ത് ഉറപ്പാകുന്നു.

ഞാറ്റുവേലകളെ ചുറ്റിപ്പറ്റി നിരവധി പരമ്പരാഗത വിശ്വാസങ്ങളും നിലനില്‍ക്കുന്നു. മകയിരം ഞാറ്റു വേലയില്‍ നട്ട മരങ്ങള്‍ വേഗത്തില്‍ വളരുമെന്നും തിരുവാതിര ഞാറ്റുവേല സുഗന്ധവ്യഞ്ജ നവിളകള്‍ക്കും അലങ്കാരസസ്യങ്ങള്‍ക്കും അനുകൂലമാണെന്നും വിശ്വസിക്കപ്പെടുന്നു. പുണര്‍തം ജലസാന്നിധ്യം ആവശ്യമായ സസ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ച നല്‍കുമെന്ന ധാരണയും വ്യാപകമാണ്. മഴ ലഭിക്കുന്ന ദിവസങ്ങളില്‍ നട്ട തൈകള്‍ക്ക് വേരുപിടിത്തം കൂടുതല്‍ മെച്ചമായിരിക്കുമെന്നത് അനുഭവപരിചയത്തിലൂടെ തെളിയിക്കപ്പെട്ട ഒരു സത്യമാണ്.ജ്യോതിഷപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള നക്ഷത്രവനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ കാലഘട്ടം അനുയോജ്യമാണ്. നെല്ലി, അരയാല്‍, കൂവളം, പ്ലാവ്, പേരാല്‍, അത്തി തുടങ്ങിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യ വര്‍ധനവി നും സംഭാവന ചെയ്യാന്‍ സാധിക്കും. അങ്ങനെ നോക്കുമ്പോള്‍, ഞാറ്റുവേലകള്‍ വെറും ജ്യോതിഷ കണക്കുകൂട്ടലുകള്‍ മാത്രമല്ല; തലമുറകളായി കൈമാറിവന്ന കാര്‍ഷികാനുഭവങ്ങളുടെയും പ്രകൃതിനിരീക്ഷണങ്ങളുടെയും സമന്വയമാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ സമൃദ്ധമായ മഴ പ്രയോജനപ്പെടുത്തി ഫലവൃക്ഷങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ചാല്‍ മികച്ച വളര്‍ച്ചയും ദീര്‍ഘകാല നേട്ടവും കൈവരിക്കാനാകും.

Next Story
Share it