Kaumudi Plus

എർലിങ് ഹാളണ്ടിന്റെ "ബിസിനസ്" ആസ്തിയായി മാറിയ "പോണിടെയിൽ"

എർലിങ് ഹാളണ്ടിന്റെ ബിസിനസ് ആസ്തിയായി മാറിയ പോണിടെയിൽ
X

എർലിങ്ഹാളണ്ടിന്റെ നീളമുള്ള മുടി എപ്പോഴും അദ്ദേഹത്തിന്റെ ലുക്കിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ ലോകകപ്പ് അതിനെ മറ്റൊരു തലത്തിലേക്കെത്തിച്ചിരിക്കുകയാണ് . തനിക്ക് ലഭിക്കുന്ന ഈ ശ്രദ്ധയെ ഹാളണ്ട് നേരിട്ട് പണമാക്കി മാറ്റുകയാണ്.2024ൽ ഹാളണ്ട് താൻ വർഷങ്ങളായി കളിയിലുടനീളം മുടി കെട്ടിവെക്കാൻ ഉപയോഗിച്ചിരുന്ന 'കെനെക്കി' എന്ന ഹെയർ ടൈ നിർമിക്കുന്ന നോർവീജിയൻ കമ്പനിയായ 'ബോൺ ഡെപ്പിന്റെ' ചെറിയൊരു പങ്ക് സ്വന്തമാക്കി. 90 മിനിറ്റ് കഠിനമായി കളിച്ചാലും മുടി വലിഞ്ഞുപൊട്ടാത്തതിനാലാണ് അദ്ദേഹം ഇത് ഉപയോഗിച്ചിരുന്നത്.തുടർന്ന് ലോകകപ്പിന് തൊട്ടുമുൻപ് ജൂൺ മാസത്തിൽ കമ്പനി ഒരു ലിമിറ്റഡ് 'ഹാളണ്ട് എഡിഷൻ' വിപണിയിൽ ഇറക്കി. അദ്ദേഹത്തിന്റെ ജേഴ്സി നിറങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ എട്ട് ഹെയർ ടൈകളുടെ ഈ സെറ്റ് വിപണിയിലെത്തിയ ഉടൻ തന്നെ വിറ്റുതീർന്നു. വെബ്‌സൈറ്റ് ട്രാഫിക് 70 ശതമാനം വർദ്ധിക്കുകയും 10,000ത്തിലധികം പുതിയ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ ബ്രാൻഡിന് ലഭിക്കുകയും ചെയ്തു. നോർവേയുടെ ജേഴ്സിക്ക് ഇണങ്ങുന്ന ചുവന്ന ഹെയർ ടൈ ധരിച്ചാണ് ഹാളണ്ട് ലോകകപ്പിൽ ഗോളുകൾ അടിച്ചുകൂട്ടുന്നത്.ഇതൊരു സാധാരണ പരസ്യക്കരാർ മാത്രമല്ല, താൻ ദിവസവും ഉപയോഗിക്കുന്ന ഒരു ഉത്പന്നത്തെ തന്റേതാക്കി മാറ്റിയ യഥാർഥ പങ്കാളിത്തമാണ്. അതോടൊപ്പം അദ്ദേഹം 'ക്ലിയർ മെൻ' ഷാംപൂവിന്റെ ആഗോള അംബാസഡർ കൂടിയാണ്.

എന്തുകൊണ്ട് ഈ തന്ത്രം ഇത്ര വിജയകരമായി?

ആധുനിക പേഴ്സണൽ ബ്രാൻഡിങിന്റെ എല്ലാ തത്വങ്ങളും ഹാളണ്ടിന്റെ ഈ നീക്കത്തിൽ കാണാം

പെട്ടെന്നുള്ള തിരിച്ചറിവ്: ആയിരക്കണക്കിന് കളിക്കാർക്കിടയിലും ആ പോണിടെയിൽ ഹാളണ്ടിനെ വേറിട്ടു നിർത്തുന്നു. ആ മുടിക്കെട്ട് കണ്ടാൽ ഹാളണ്ട് കളത്തിലുണ്ട്, ഗോൾ വരാൻ പോകുന്നു എന്ന് ആരാധകർ ഉറപ്പിക്കും.

സ്വാഭാവികത: ഹാളണ്ട് തികച്ചും സാധാരണക്കാരനായി അൽപ്പം വ്യത്യസ്തനായി താനായിത്തന്നെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഹെയർ ടൈ പരസ്യം ഒരു അടിച്ചേൽപ്പിക്കലായി ആരാധകർക്ക് തോന്നുന്നില്ല.

കൃത്യമായ സമയം: ലോകകപ്പ് നടക്കുമ്പോൾ തനിക്ക് ലഭിക്കുന്ന ആഗോള ശ്രദ്ധയെ താരം കൃത്യമായി വിപണിയിലെത്തിക്കുന്നു.

മീമുകളുടെ സ്വാധീനം: അദ്ദേഹത്തിന്റെ ലുക്കും ഗോളാഘോഷങ്ങളും മീം ലോകത്തിന് പ്രിയപ്പെട്ടതാണ്. അതിനെ തടയുന്നതിന് പകരം തന്റെ ബ്രാൻഡ് വളർത്താൻ താരം അത് ഉപയോഗിക്കുന്നു.

ഹാളണ്ട് നൽകുന്ന മാർക്കറ്റിങ് പാഠം

നിങ്ങളുടെ സവിശേഷതകളെ മറച്ചുവെക്കാതെ ഉയർത്തിക്കാട്ടുക: എല്ലാവരെയും പോലെ പൊതുവായ ഒരു ശൈലി സ്വീകരിക്കുന്നതിന് പകരം നിങ്ങളിലുള്ള വ്യത്യസ്തതയെ (അത് രൂപത്തിലോ ആശയ വിനിമയത്തിലോ ആകാം) നിങ്ങളുടെ അടയാളമാക്കുക.

വ്യക്തിഗത ശീലങ്ങളെ ഉത്പന്നങ്ങളാക്കുക: ഹാളണ്ട് താൻ യഥാർഥത്തിൽ ഉപയോഗിക്കുന്ന ഉത്പന്നവുമായാണ് കൈകോർത്തത്. വ്യാജമല്ലാത്ത ഇത്തരം നീക്കങ്ങളെ ജനങ്ങൾ വിശ്വസിക്കും.

സാംസ്കാരിക തരംഗങ്ങളെ മുതലെടുക്കുക: ലോകകപ്പ് എന്ന വലിയ വേദിയെ ഹാളണ്ട് തനിക്കായി ഉപയോഗപ്പെടുത്തി. ചുറ്റും നടക്കുന്ന വലിയ ചർച്ചകളെയും ട്രെൻഡുകളെയും തിരിച്ചറിഞ്ഞ് അതിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരു മടിയും അദ്ദേഹത്തിനുണ്ടായില്ല.

വ്യക്തിത്വം സംസാരിക്കട്ടെ: ഹാളണ്ടിന്റെ തമാശകളും പെരുമാറ്റവും അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കുന്നു. കൃത്രിമമായ മാർക്കറ്റിങിനേക്കാൾ മനുഷ്യർക്ക് താത്പര്യം യഥാർഥ വ്യക്തിത്വങ്ങളോടാണ്.

ദീർഘകാല ആസ്തികൾ: ഇതൊരു താത്കാലിക ലോകകപ്പ് പരസ്യം മാത്രമല്ല. ഭാവിയിലേക്കുള്ള ബിസിനസ് നിക്ഷേപമാണ്. താത്കാലിക ട്രെൻഡുകൾ ഉപയോഗിച്ച് ദീർഘകാലം നിലനിൽക്കുന്ന ബ്രാൻഡുകൾ കെട്ടിപ്പടുക്കുക.

വലിയ അവസരം: താൻ ആരാണോ അത് ലോകത്തിന് മുന്നിൽ ഭയമില്ലാതെ കാണിക്കുകയും, അതിനെ സ്മാർട്ടായ ബിസിനസ് പങ്കാളിത്തങ്ങളാക്കി മാറ്റുകയുമാണ് ഹാളണ്ട് ചെയ്യുന്നത്. ആ പോണിടെയിൽ ഇപ്പോൾ വെറും മുടിയല്ല. അത് കരുത്തിന്റെയും വ്യത്യസ്തതയുടെയും ബ്രാൻഡ് പ്രതീകമാണ്. വലിയ ബജറ്റുകളുമായി മറ്റുള്ളവർ പരസ്യത്തിനായി മത്സരിക്കുമ്പോൾ വെറുതെ താനായി ജീവിച്ചു കൊണ്ട് ഹാളണ്ട് ഫുട്ബോൽ മൈതാനത്ത് നിറയുന്നു ഒപ്പം ബിസിനസ് കളത്തിലും!

Next Story
Share it