തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും കയ്യാങ്കളി ;ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടൽ സംഘർഷത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ വീണ്ടും നാടകീയ സംഭവങ്ങൾ . കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു .ഉച്ചയ്ക്ക് 2.30ന് കൗൺസിൽ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കയ്യാങ്കളിയും ഏറ്റുമുട്ടലും പരസ്പരമുള്ള ചീത്തവിളിയും അടക്കമുള്ള നാടകീയ സംഭവങ്ങൾക്ക് കൗൺസിൽ യോഗം സാക്ഷിയായത്.
കൗൺസിൽ യോഗം പിരിഞ്ഞതിന് പിന്നാലെ യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി നേതാവ് ശബരീനാഥൻ ഹാജർ രജിസ്റ്ററിൽ ഒപ്പിടുകയും പരിശോധിക്കുകയും ചെയ്തു. ഈസമയത്ത് രജിസ്റ്റർ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപി കൗൺസിലർമാർ അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. പരസ്പരമുള്ള വാക്കേറ്റം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ബിജെപി- യുഡിഎഫ് അംഗങ്ങൾ തമ്മിൽ പിടിവലിയായി. അതിനിടെ രജിസ്റ്റർ വലിച്ചുകീറി നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.സംഘർഷത്തിനിടെ സ്ത്രീ കൗൺസിലർമാരെ ഏകപക്ഷീയമായി ആക്രമിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പാർട്ടിയുമായി ആലോചിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് യുഡിഎഫ് വനിതാ കൗൺസിലർമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രജിസ്റ്ററിൽ തിരുത്തൽ വരുത്താനാണ് ശബരീനാഥ് ശ്രമിച്ചതെന്നും സിപിഎമ്മിന് വേണ്ടി ബി ടീമായി യുഡിഎഫ് പ്രവർത്തിച്ചുവെന്നും ബിജെപി ആരോപിക്കുന്നു

