Kaumudi Plus

പരോളിലിറങ്ങി മുങ്ങി, 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമകളിൽ ;ഹേമന്ത് മോദി അറസ്റ്റിൽ

പരോളിലിറങ്ങി മുങ്ങി, 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമകളിൽ ;ഹേമന്ത് മോദി അറസ്റ്റിൽ
X

അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വർഷം ബോളിവുഡിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പം സിനിമാ താരമായി നടന്നു . ഒടുവിൽ പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശി ഹേമന്ത് മോദി (53) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

നരോ​ദയിൽ 2005ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് വിഭാ​​ഗങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് കൊലപാതകം. 2008 ഓ​ഗസ്റ്റ് 27നു ഹേമന്തിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹെസാന ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ​ഗുജറാത്ത് ഹൈക്കോടതി 30 ​ദിവസത്തെ പരോൾ അനുവ​ദിച്ചു. പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ഹാജരാകാഞ്ഞതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന പേരുമാറ്റി ആൾമാറാട്ടം നടത്തിയാണ് ബോളിവുഡിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയത്. ആമിർ ഖാനും അമിതാഭ് ബച്ചനുമുള്ള ത​ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, രൺവീർ സിങ് നായകനായ ജയേഷ്ഭായ് ജോർദാർ തുടങ്ങിയവയിൽ സഹ നടനായി. യു​ഗപുരുഷ്, ​ഗാന്ധി വിരുദ്ധ് ​ഗോജ്സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷം ചെയ്തു. ​ഗുജറാത്തി സിനിമകളിലും അഭിനയിച്ചു. മലയാള ചിത്രമായ എമ്പുരാനിലും ഹേമന്ത് വേഷമിട്ടതായി ക്രൈം ബ്രാഞ്ച് പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ലാഹോർ 1947ലും അഭിനയിച്ചിട്ടുണ്ട്.

നടനെന്ന നിലയിൽ പലവട്ടം അഹമ്മദാബാദിൽ എത്തിയെങ്കിലും പൊലീസിനു മനസിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന വിവരങ്ങളെ തുടർന്നാണ് ക്രൈം ബ്രാഞ്ച് ഇയാൾക്കായി വല വീശിയത്. അറസ്റ്റിലായപ്പോഴും പൊലീസിനു ആളു മാറിയെന്നു അവകാശപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഹേമന്തിനെ മഹെസാന ജയിലിലേക്ക് കൈമാറും.

Next Story
Share it