Kaumudi Plus

സുകുമാരക്കുറുപ്പ് ദുരൂഹ തിരോധാനം ;നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്

സുകുമാരക്കുറുപ്പ് ദുരൂഹ തിരോധാനം ;നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്
X

തിരുവനന്തപുരം: ഫിലിം റപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോയുടെ കൊലപാതകക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ദുരൂഹ തിരോധാനത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കുറുപ്പിനെ കണ്ടതായി മുമ്പ് മൊഴി നൽകിയ മലയാളി നഴ്‌സിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊൽക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്‌നമ്മയുടെ മൊഴിയാണ് പൊലീസ് എടുത്തത്.താൻ ജോലി ചെയ്തിരുന്ന കൊൽക്കത്തയിലെ ആശുപത്രിയിൽ സുകുമാരപ്പുറുപ്പ് എത്തിയിരുന്നതായാണ് രത്‌നമ്മയുടെ വെളിപ്പെടുത്തൽ. 42 വർഷം മുമ്പാണ് സുകുമാരക്കുറുപ്പിനെ കാണാതാകുന്നത്. 1984 ൽ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ നഴ്‌സായിരുന്നു രത്‌നമ്മ. ചാക്കോയുടെ കൊലപാതകത്തിന് ശേഷം മുങ്ങിയ സുകുമാരക്കുറുപ്പിന് നേരിയ പരിക്കേറ്റിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ പരിക്കിനു ചികിത്സിക്കാനായി സുകുമാരക്കുറുപ്പ് എത്തിയെന്ന് രത്‌നമ്മ പറഞ്ഞു.

പത്രവാർത്തകളിലൂടെ സുകുമാരക്കുറുപ്പിനെക്കുറിച്ച് കേട്ടിരുന്നു. മുറിവുകൾ പരിശോധിക്കുന്നതിനിടെ, നിങ്ങൾ സുകുമാരക്കുറുപ്പ് അല്ലേയെന്ന് രത്‌നമ്മ ചോദിച്ചു. അതേയെന്ന് അയാൾ മറുപടിയും നൽകി. മുറിവ് പരിചരിച്ചതിനു പിന്നാലെ സുകുമാരക്കുറുപ്പ് അവിടെ നിന്നും രക്ഷപ്പെട്ടു. അന്ന് കണ്ടതല്ലാതെ പിന്നീട് സുകുമാരക്കുറുപ്പ് എങ്ങോട്ടു പോയി എന്നറിയില്ലെന്നും രത്‌നമ്മ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കണ്ട കാര്യങ്ങൾ വിശദീകരിച്ച് രത്‌നമ്മ അന്നുതന്നെ കേരള പൊലീസിന് കത്തെഴുതിയിരുന്നു.അതേത്തുടർന്ന് രത്‌നമ്മയിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. രത്‌നമ്മ ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ച് നാട്ടിൽ കഴിയുകയാണ്. ഇതിനിടെയാണ് ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും രത്‌നമ്മയുടെ മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പറഞ്ഞ മൊഴി തന്നെയാണ് രത്‌നമ്മ അന്വേഷണ സംഘത്തോട് ആവർത്തിച്ചതെന്നാണ് സൂചന. 1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്.

ക്രൈംബ്രാഞ്ചിന്റെ പക്കൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന, ഉത്തരം കണ്ടെത്താത്ത ഒട്ടേറെ ഫയലുകളുണ്ട്. അവയിൽ തീർപ്പാക്കാൻ കഴിയുന്ന കേസുകൾ, കോടതിയിൽ നൽകി തീർപ്പാക്കാനായി ഒരു സ്‌പെഷൽ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ക്രൈംബ്രാഞ്ച് യൂണിറ്റുകൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സുകുമാരക്കുറുപ്പിന്റെ ഫയൽ പൊടിതട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Next Story
Share it