Kaumudi Plus

തമിഴ്നാട്ടിൽ മൂന്നു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ മൂന്നു വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു
X

ചെന്നൈ: തിരുവള്ളൂർജില്ലയിലെ ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്.പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കുട്ടിയുടെ മാതാപിതാക്കൾ ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനും കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനുമായ ബിഹാർ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ പ്രതി. ഇയാൾ ഇവരുടെ അയൽപക്കത്താണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഗുമ്മിഡിപൂണ്ടിക്ക് സമീപമുള്ള പുതുപ്പേട്ടയിലെ തെരുവിൽ കുട്ടി മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ അടുത്തെത്തിയ പ്രതി മിഠായി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് അടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, തുടർന്ന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ഈ വഴി കടന്നുപോയ ഒരു യാത്രക്കാരൻ സംഭവം നേരിട്ട് കണ്ട് ബഹളം വെച്ചതോടെയാണ് നാട്ടുകാർ സ്ഥലത്തേക്ക് ഓടിക്കൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിപ്കോട്ട് പൊലീസ് പ്രതിയെ അടിയന്തരമായി കസ്റ്റഡിയിലെടുത്തു. ക്രൂരമായ പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കരയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Next Story
Share it