By Greeshma Rakesh.06 Sep, 2023
സാമൂഹികമാധ്യമങ്ങളില്‍ എപ്പോഴും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണപരീക്ഷണങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. സമൂസ, പാനി പുരി, ഇഡ്ഡലി, വടാ പാവ് തുടങ്ങിയയെല്ലാം വേറിട്ട ശൈലിയില്‍ തയ്യാറാക്കുന്നതിന്റെ നിരവധി വീഡിയോകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ രസഗുള ഇഡ്ഡലിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെറിയ സ്റ്റീല്‍ബൗളില്‍ കുറച്ച് എണ്ണ പകരുന്നത് ആദ്യം വീഡിയോയില്‍ കാണാം. ഇഡ്ഡലി മാവാണ് അടുത്തതായി ബൗളുകളില്‍ നിറയ്ക്കുന്നത്. ഷുഗര്‍ സിറപ്പില്‍ നിന്നും രസഗുള നീക്കി പകുതി മാവുനിറച്ച ബൗളുകളില്‍ മധ്യത്തിലായി വെയ്ക്കുന്നു. ഇതിന് തൊട്ടുമുകളിലായി മാവ് ഒഴിക്കുകയാണ്. ശേഷം വേവിക്കാനായി വെയ്ക്കുന്നതു കാണാം.
പൂര്‍ണമായി വെന്തശേഷം ഇത് മുറിച്ചു കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അധികമാര്‍ക്കും ഈ വിഭവം പിടിച്ചമട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ അവസാനിച്ചശേഷം ഒടുവിലായി ഒരാള്‍ ഫോണ്‍ നിലത്തടിച്ചു പൊട്ടിക്കുന്നതും കാണാം. വേറിട്ട വിഭവം കണ്ട ശേഷമുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഇത് അവസാനം ചേര്‍ത്തിരിക്കുന്നത്.
ബാംഗ്ലൂരില്‍ അഞ്ച് വര്‍ഷത്തിലധികം താമസിച്ച ഒരാളെന്ന നിലയ്ക്ക് ഇത് ഒരിക്കലും തിന്നുവാന്‍ താത്പര്യപ്പെടുന്നില്ല, ആര്‍ഐപി രസഗുള, ഇഡ്ഡലിയുടെ ഒപ്പം ഇതൊരിക്കലും പരീക്ഷിക്കരുത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ആയിരക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.