Sunday 11 June 2023




ആല്‍മണ്ട് ദിവസവും കഴിച്ചാല്‍; ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

By Lekshmi.25 May, 2023

imran-azhar

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം എന്ന ആല്‍മണ്ട്. പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്‍കുമെന്നതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 

ആല്‍മണ്ട് ദിവസവും കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കും. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായിക്കും, ആന്റിഓക്‌സിഡന്റുകള്‍ തൊലിയിലും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

 

അടുത്തത് ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇ യാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്നു.

 

മഗ്നീഷ്യം മനുഷ്യ ശരീരത്തില്‍ വേണ്ട രീതിയില്‍ നല്‍കാന്‍ ആല്‍മണ്ട് പോലെ വേറെ ഭക്ഷണം ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അതുപോലെ രാവിലെ ആല്‍മണ്ട് കഴിക്കുന്നത് ആവശ്യത്തിന് ഫൈബര്‍ ഉള്ളില്‍ ചെല്ലാന്‍ ഇടയാക്കുന്നു. ഇത് ദീര്‍ഘനേരം വിശക്കാതിരിക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

 

ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ നിയന്ത്രണത്തിനും ആല്‍മണ്ട് ഉത്തമമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തെ കാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതു വഴിയും ആല്‍മണ്ട് ഹൃദയാരോഗ്യത്തിനു കരുത്തേകുന്നു.