By Meghina.28 Jan, 2021
കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണ് എസ്‌കിമോകളുടെ വീടുകളാണ് ഇഗ്ലൂകള്‍ .
ഇന്ത്യയില്‍ ഇത്തരത്തിലെ വീടുകള്‍ ഇല്ലെന്ന് തന്നെ പറയാം. കുളു-മണാലി പോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി അടുത്തകാലത്തായി ഇഗ്ലൂകള്‍ നിര്‍മിച്ചു വരുന്നുണ്ട്.
കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇഗ്ലൂ കഫെ ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്.
മഞ്ഞുകട്ടകള്‍ കൊണ്ട് നിര്‍മിച്ച കസേരകളിലിരുന്ന് ഐസ്പാളികള്‍കൊണ്ടൊരുക്കിയ മേശപ്പുറങ്ങളില്‍ വെച്ച് നല്ല ചൂടന്‍ മസാല ചായയോ കാപ്പിച്യുനോ നുണയുന്നതിൻറെ രസികന്‍ അനുഭവം ഇഗ്ലു കഫെയില്‍ ആസ്വദിക്കാം.
ഹോട്ടല്‍ ബിസിനസ്സുകാരനായ സെയ്ദ് വസീം ഷാ ആണ് ഇത്തരത്തിലൊരു കഫെയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.
ഉപഭോക്താക്കള്‍ക്ക് മാക്‌സിമം സന്തോഷം നല്‍കുക എന്നതിനൊപ്പം അവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും വസീം ഷായുടെ മുന്നിലുണ്ടായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ് പോലെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കിട്ടിയ ഇഗ്ലൂ അനുഭവങ്ങള്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ വസീം ഷാ തയ്യാറായതോടെ കശ്മീര്‍ സന്ദര്‍ശകര്‍ക്കും തദ്ദേശവാസികള്‍ക്കും മികച്ച ഒരു അനുഭവമാക്കാന്‍ ഒരുങ്ങുകയാണ് കഫെ.
പതിനാറ് സന്ദര്‍ശകര്‍ക്ക് ഒരേ സമയം ഉള്ളില്‍ ചെലവഴിക്കാം.22 അടിയോളം വിസ്താരവും 13 അടിയോളം ഉയരവുമാണ് കഫെയ്ക്കുള്ളതെന്ന് ഉടമസ്ഥന്‍ പറയുന്നു.
15 ദിവസങ്ങള്‍ കൊണ്ടാണ് കെട്ടിടം പൂര്‍ത്തിയായത്. ഫിന്‍ലന്‍ഡ്, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വിജയകരമാമെന്ന് കണ്ടെത്തിയ കഫെ ഇന്ത്യയിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് വസീം ഷാ പറഞ്ഞു. കൊല്‍ഹായി റിസോര്‍ട്ടുകളുടെ ഉടമയാണ് വസീം ഷാ.