By sisira.12 Mar, 2021
നല്ല രുചിയേറും പഴങ്കഞ്ഞി കഴിക്കാൻ ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ? സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തുള്ള ഒരു പഴങ്കഞ്ഞിക്കട പരിചയപ്പെടുത്താം.
തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്നും ബണ്ട്‌റോഡിലേക്ക് വരുമ്പോൾ കട്ടയ്ക്കൽ പാലത്തിന് എതിർവശത്തായാണ് വിജയകുമാരിച്ചേച്ചി നടത്തുന്ന മൂപ്പിലാന്സ് കിച്ചൻ. നല്ല നാടൻ പഴങ്കഞ്ഞിയാണ് മൂപ്പിലാന്സ് കിച്ചന്റെ പ്രത്യേകത. മൺചട്ടികളിൽ വിളമ്പുന്ന സ്വാദേറിയ പഴങ്കഞ്ഞി വയറുനിറയെ കഴിക്കാം.
നല്ല തണുത്ത ചോറ്, തലേദിവസത്തെ മീൻകറി, ഉണക്കമീൻ, കപ്പ, തൈര്, എരിവുള്ള കാന്താരി മുളക്, അച്ചാർ ഇത്രയുമാണ് പഴങ്കഞ്ഞി വിഭവങ്ങൾ. പഴങ്കഞ്ഞിയിൽ മീൻകറിയും തൈരുമൊഴിച്ച് കാന്താരിമുളക് ഉടച്ച് അല്പം ഉണക്കമീനും ചേർത്തുകഴിച്ചാൽ സംഗതി ഗംഭീരം.
ദിവസവും നിരവധിപേരാണ് മൂപ്പിലാൻസിലെ നൊസ്റ്റാൾജിക് പഴങ്കഞ്ഞി കുടിക്കാനായി എത്തുന്നത്. കൊറോണ വിജയകുമാരിച്ചേച്ചിയുടെ കച്ചവടത്തെ അല്പം തളർത്തിയെങ്കിലും മൂപ്പിലാൻസിനെ കൈവിടാൻ അവർ ഒരുക്കവുമല്ല.
സഹായികളായി രണ്ടുപേരുണ്ട് മൂപ്പിലാൻസിൽ. അഞ്ചുവർഷമായി കട തുടങ്ങിയിട്ട്. 100 രൂപയാണ് ഒരു ചട്ടി പഴങ്കഞ്ഞിയുടെ വില.
സ്വാദേറും പഴങ്കഞ്ഞി വിശേഷങ്ങളറിയാൻ ഈ വീഡിയോ കാണൂ....