By Priya .20 May, 2023
പുതിയ വിഭവങ്ങളും പാചകപരീക്ഷണങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. കൂടാതെ സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം കാണാറുണ്ട്.
ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ഒട്ടുമിക്ക ആളുകളുടേയും ഇഷ്ട വിഭവമാണ് പാനിപൂരി. ഇപ്പോഴിതാ പാനിപൂരിയുടെ ഒരു പഴയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സൂറത്തില്‍ നിന്നുള്ള വോള്‍ക്കാനോ പാനിപൂരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വോള്‍ക്കാനോ പാനിപൂരി എന്നാണ് ഈ സ്പെഷ്യല്‍ വിഭവം അറിയപ്പെടുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കച്ചവടക്കാരനാണ് ഈ പാനിപൂരി വില്‍ക്കുന്നത്.
ഉരുളക്കിഴങ്ങും പയര്‍വര്‍ഗങ്ങളും ചേര്‍ത്തുള്ള കൂട്ട് തയ്യാറാക്കി അഗ്‌നിപര്‍വതത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയെടുക്കും. അതിനുള്ളില്‍ സ്പെഷ്യല്‍ വെള്ളം നിറച്ച് ഇത് ഉരുളക്കിഴങ്ങ് കൂട്ടുമായി യോജിപ്പിച്ചാണ് പൂരിക്കുള്ളില്‍ നിറയ്ക്കുന്ന കൂട്ട് തയ്യാറാക്കുന്നത്.
ശേഷം മസാലയും എരിവുള്ള പാനിയും യോജിപ്പിച്ച് പാനിപൂരി പ്ലേറ്റുകളില്‍ വിളമ്പുകയാണ് ചെയ്യുന്നത്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കണ്ടിട്ട് തന്നെ കൊതിയാവുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു.