By santhisenanhs.19 Sep, 2022
മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ നിരവധിയാണ്. പ്രകൃതിയെയും വന്യമൃഗങ്ങളെയുമൊക്കെ അടുത്തറിയാന്‍ ഇത്തരം യാത്രകൾ സഹായിക്കും. ഇങ്ങനെയുള്ള യാത്രകളിൽ വന്യമൃഗങ്ങളും മറ്റും മുന്നിലെത്തുന്ന സംഭവങ്ങളും പതിവാണ്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഹൈക്കിങ്ങിനെത്തിയ യുവതിയെ പിന്തുടരുന്ന ഒരു കൂട്ടം ചെമ്മരിയാടുകളുടെ ദൃശ്യമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചിരി പടർത്തുന്നത്.
നൂറ് കണക്കിന് ചെമ്മരിയാടുകളാണ് കാനനപാതയിലൂടെ ഓടുന്ന യുവതി പിന്തുടർന്നത്. എലനോർ സ്കോൾസ് ആണ് മനോഹരമായ ഈ ദൃശ്യം ഫ്രാൻസിൽ നിന്ന് പകർത്തിയത്.
ഹൈക്കിങ്ങിനെത്തിയതായിരുന്നു എലനോർ സ്കോൾസും. ഇതിനിടയിലാണ് യുവതിയുടെ പിന്നാലെയോടുന്ന ചെമ്മരിയാടുകളെ കണ്ടത്.
ദൃശ്യം പകർത്തുന്നതിനിടെ എലനോർ യുവതിയോടു സംസാരിച്ചു. ഇവർ ഓട്ടം നിർത്തി സംസാരിക്കാൻ തുടങ്ങിയതോടെ ചെമ്മരിയാടുകളും അവിടെ നിൽക്കുകയായിരുന്നു. സംസാരത്തിനു ശേഷം ഇവർ വീണ്ടും ഓടാൻ തുടങ്ങിയതോടെ ചെമ്മരിയാടുകളും പിന്നാലെ ഓടാൻ തുടങ്ങി.
ആട്ടിടയത്തി ആണെന്നു കരുതിയാവാം ഇവ യുവതിയെ ഹൈക്കിങ് അവസാനിക്കുവോളം പിന്തുടർന്നതെന്നാണ് കാഴ്ചക്കാരുടെ നിഗമനം.