By santhisenanhs.02 May, 2022
അമ്മയുടെ കാറുമായി നഗരം ചുറ്റി നാലുവയസ്സുകാരൻ. നെതർലന്റ്സിലെ ഉട്രെക്ടിൽ ശനിയാഴ്ച അതിരാവിലെയാണ് സംഭവം.
രാവിലെ ചെരുപ്പ് പോലും ധരിക്കാതെ തണുപ്പത്ത് കുട്ടി നഗരത്തിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ കുട്ടിയുടെ പിതാവ് ജോലിക്കു പോയിരുന്നു. ഇതോടെ അമ്മയുടെ കാറിന്റെ താക്കോൽ എടുത്ത് കുട്ടി വാഹനവുമായി പുറത്തിറങ്ങുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ കാർ ഇടിക്കുകയും ചെയ്തു. ഇതോടെ കുട്ടി വാഹനം നിർത്തി പുറത്തിറങ്ങി നഗരത്തിലൂടെ നടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുതിയ മാക്സ് വേഴ്സ്റ്റാപ്പനെ' കണ്ടുകിട്ടിയെന്ന അടിക്കുറിപ്പോടെ സംഭവം ഇൻസ്റ്റഗ്രാം പേജിലും പൊലീസ് പങ്കുവെച്ചു.
കുട്ടി ഓടിച്ചിരുന്ന വാഹനം അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തതായിരുന്നു. ശേഷം പൊലീസ് ഇവരെ ഫോൺ വിളിച്ചു. അമ്മയെ വിളിച്ച് കുട്ടിയുടെ കൈയിൽ ഫോൺ നൽകിയതോടെ കുട്ടി വാഹനമോടിക്കുന്നതിന്റെ ആംഗ്യം കാണിക്കുകയായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. തങ്ങൾക്കൊപ്പമുള്ളത് 'കുട്ടി ഡ്രൈവറാണെന്ന്' ഇതോടെ പൊലീസ് മനസിലാക്കുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ പൊലീസ് ഓഫിസിലേക്ക് കൊണ്ടുവന്നു. ചോക്‍ലറ്റുകളും പാവകളും നൽകിയാണ് കുട്ടിയെ പൊലീസുകാർ സ്വീകരിച്ചത്. അമ്മ സ്റ്റേഷനിലെത്തിയതോടെ കുട്ടിയെയും കൂട്ടി പൊലീസ് അപകട സ്ഥലത്തെത്തി.
അവിടെവെച്ച് കുട്ടി താക്കോൽ ഉപയോഗിച്ച് കാർ തുറന്നത് എങ്ങനെയാണെന്നും ഓടിച്ച രീതിയും പറഞ്ഞുകൊടുത്തു. ഇതോടെ വാഹനങ്ങളുടെ താക്കോൽ കുട്ടി കാണാതെ മാറ്റിവെക്കണമെന്ന നിർദേശം നൽകി ഇവരെ വീട്ടിലേക്കയച്ചു.