By Greeshma Rakesh.21 Mar, 2023
ജോലിയോടൊപ്പം പാഷനും ഒരുമിച്ചു കൊണ്ടു പോകുന്നതാണു സന്തുഷ്ടകരമായ ഒരു ജീവിതത്തിന് വേണ്ട അടിസ്ഥാനഘടകം എന്ന് പറയാറുണ്ട്. പക്ഷെ അത് എത്രപേര്‍ക്കു സാധിക്കുന്നു എന്നതാണു ചോദ്യം. ഇന്നത്തെ കാലത്ത് പലരും പലപ്പോഴും ജോലിയിലെ തിരക്ക്, മേലധികാരികളുടെ ആറ്റിറ്റിയൂഡ്,ടെന്‍ഷന്‍ എന്നൊക്കെ ന്യായം പറഞ്ഞു കൊണ്ട് സ്വന്തം ഇഷ്ടങ്ങളെയും കഴിവുകളെയും ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താറാണ് പതിവ് അല്ലേ? നമ്മളില്‍ പലരും ഇന്നങ്ങനെയാണ്.
എന്നാല്‍ കൊല്‍ക്കത്തയിലെ ഒരു ഖോട്ടി ഖോറം വില്‍പ്പനക്കാരന്‍ ഈ മുന്‍ധാരണകളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിലും ഖോട്ടി ഖോറം കച്ചവടത്തിനൊപ്പം നൃത്തം എന്ന തന്റെ പാഷനും അയാള്‍ ഒരുമിച്ചു കൊണ്ട് പോകുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ ഫാസ്റ്റ് നമ്പറുകളുടെ താളത്തിനൊപ്പം നൃത്തവും വില്‍പ്പനയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ വഴിയോര കച്ചവടക്കാരന്റെ വിഡിയോ നിരവധിപേര്‍ കാണുകയും പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളമാണ് ഇയ്യാള്‍ തന്റെ പാഷനേയും തൊഴിലിനേയും സ്‌നേഹിക്കുന്നത്.
കൊല്‍ക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളില്‍ പ്രധാനമാണ് ഖോട്ടി ഖോറം. ചാന്ദ് നഗറില്‍ ഈ വിഭവം വില്‍ക്കാന്‍ എത്തിയ യുവാവ്, തന്റെ മാത്രം പ്രത്യേകതയായ ചില ഡാന്‍സ് സ്റ്റെപ്പുകളിലൂടെയാണ് കാഴ്ച്ചക്കാരുടേയും ഉപഭോക്താക്കളുടേയും ശ്രദ്ധപിടിച്ചുപറ്റുന്നത്.
നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുന്നതു മുതല്‍ ഉപ്പ് ഇടുന്നത് വരെ അയാളുടെ മാത്രം ചില ഡാന്‍സ് രീതികളിലൂടെയാണ്. രസകരമായ ഈ വീഡിയോയ്ക്ക് അതിലും രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇയാളെ ടര്‍ക്കിഷ് ഐസ്‌ക്രീം വില്‍ക്കുന്നവരോടാണ് താരതമ്യപ്പെടുത്തുന്നത്. അങ്ങനെ നമുക്കും ഒരാളായി എന്ന് പറഞ്ഞു ആശ്വസിക്കുന്നു.