Thursday 13 May 2021




ഇത് പത്തരമാറ്റ് ഷേവിംഗ്; ഷേവിംഗിന് സ്വര്‍ണം കൊണ്ടുള്ള റേസര്‍ ഒരുക്കി പുനെയിലെ സലൂണ്‍

By mathew.06 Mar, 2021

imran-azhar

 


കോവിഡ് കാരണം ഉണ്ടായ ലോക്ക്ഡൗണിന്റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിച്ചവരില്‍ ഒരു വിഭാഗം ബാര്‍ബര്‍മാരാണ്. ബ്യൂട്ടിപാര്‍ലറുകളും സലൂണുകളും അടയ്‌ക്കേണ്ടി വന്നതോടെ പലരും വീടുകളില്‍ ഇരുന്നുതന്നെ മുടിയില്‍ പല പരീക്ഷണങ്ങളഉം നടത്താന്‍ നിര്‍ബന്ധിതരായി. പിന്നീട് കടകള്‍ തുറന്നെങ്കിലും കച്ചവടം തീരെ കുവായിരുന്നതും ബാര്‍ബര്‍മാര്‍ക്ക് തിരിച്ചടിയായി.

മാറിയ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നുള്ള ചിന്തയില്‍ നിന്ന് പുത്തന്‍ പരീക്ഷണത്തിലേക്കെത്തിയിരിക്കുകയാണ് പുനെയിലെ ഒരു സലൂണ്‍. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഷേവിങ് റേസര്‍ ഉപയോഗിച്ചാണ് ഇവിടെ ഷേവ് ചെയ്യുന്നത്. ലോക്ക്ഡൗണിന് ശേഷം തന്റെ സലൂണിലേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ റേസര്‍ ആണ് ഉടമയായ അവിനാശ് ബോറുണ്ടിയ വാങ്ങിയത്. 80 ഗ്രാം സ്വര്‍ണ്ണം പൂശിയാണ് റേസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.


മാസങ്ങളോടം അടഞ്ഞു കിടന്ന കട തുറന്നെങ്കിലും തീരെ തിരക്കില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് അവിനാശ് ഇങ്ങനെയൊരു ആശയത്തിലേയ്ക്ക് എത്തിയത്. സ്വര്‍ണ റേസര്‍ ആണെങ്കിലും ഇതുപയോഗിച്ച് ഷേവ് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് വെറും 100 രൂപ മാത്രമാണ്. സ്വര്‍ണം കൊണ്ടുളള ഷേവിങ് റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോള്‍ പ്രത്യേക അനുഭവമാണെന്നാണ് കടയില്‍ വരുന്നവര്‍ പറയുന്നത്.