Sunday 11 June 2023




വന്യമൃഗങ്ങള്‍ പുറത്തും സന്ദര്‍ശകര്‍ കൂട്ടിനുള്ളിലും: ചൈനയിലെ മൃഗശാലയില്‍ നിന്ന് വേറിട്ട കാഴ്ച

By Priya.24 Feb, 2023

imran-azhar

 

മൃഗശാലകള്‍ എന്നു പറയുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് വരുന്നത് കൂട്ടില്‍ കിടക്കുന്ന വന്യമൃഗങ്ങളെയാണ്. മിക്ക മൃഗശാലകളിലും വന്യമൃഗങ്ങളെ കൂടിനുള്ളിലാവും പാര്‍പ്പിച്ചിരിക്കുക.

 

എന്നാല്‍ ചൈനയിലേത് തികച്ചും വ്യത്യസ്തമാണ്. ഇവിടെ മൃഗങ്ങളെ കൂട്ടിലടച്ച് വെക്കാതെ സൈ്വര്യമായി വിഹരിക്കാന്‍ വിട്ടിരിക്കുകയാണ്.ചൈനയിലെ ചോങ്ക്വിങ്ങിലുള്ള ലെഹെ ലെഡു മൃഗശാലയില്‍ നിന്നുള്ളതാണ് ഈ വേറിട്ട കാഴ്ച.

 

ഇവിടെ സന്ദര്‍ശനത്തിനെത്തുന്ന ആളുകളെ കൂടിനുള്ളിലാക്കിയാണ്
മൃഗങ്ങളുടെ അരികിലേക്ക് കൊണ്ടുപോകുന്നത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇവിടെ മനുഷ്യരെകൂട്ടിലും മൃഗങ്ങളെ പുറത്തുമാണ് കാണാന്‍ കഴിയുക.

 

മൃഗങ്ങള്‍ അവയുടെ സ്വതന്ത്രവിഹാരത്തിനിടെയില്‍ ഈ കൂടിനടുത്തേക്ക് വരും.കൂട്ടിനുള്ളിലുള്ള മനുഷ്യര്‍ക്ക് അപ്പോള്‍ ഈ മൃഗങ്ങളെ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും.

 

സഫാരി പോകുന്ന ട്രക്കുകളില്‍ വഹിക്കുന്ന കൂടുകളും ഇവിടെയുണ്ട്. ഈ മൃഗശാലയില്‍ കടുവകളും സിംഹങ്ങളും കരടികളുമെല്ലാം ഉണ്ട്. മനുഷ്യര്‍ താല്‍ക്കാലികമായി കഴിയുന്ന കൂടിനു അടുത്ത് ധാരാളം മാംസം കെട്ടിത്തൂക്കിയിടാറുണ്ട്.

 

ഇതു കഴിക്കാന്‍ സാധിക്കുമെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ചോങ്ക്വിങ് സ്ഥിതി ചെയ്യുന്നത്. ബെയ്ജിങ്, ഷാങ്ഹായ്, ടിയാന്‍ജിന്‍ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ ചൈനീസ് ദേശീയ സര്‍ക്കാര്‍ നേരിട്ടു ഭരണം നിയന്ത്രിക്കുന്ന നഗരമാണ് ചോങ്ക്വിങ്.

 

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്‍പത് വിമാനത്താവളങ്ങളിലൊന്നാണ് ഇവിടുത്തെ വിമാനത്താവളമായ ചോങ്ക്വിഖങ് ജിയങ്‌ബെ രാജ്യാന്തര വിമാനത്താവളം.


ലോകത്തിലെ ഏറ്റവും വലിയ മോണോറെയില്‍ പദ്ധതിയും ഇവിടെയാണുള്ളത്. വലിയ നഗരമേഖല എന്നതിനൊപ്പം തന്നെ പ്രകൃതിരമണീയമായ ഒരു മേഖലയെന്ന സവിശേഷതയും ചോങ്ക്വിങ്ങിനുണ്ട്.

 

വടക്ക് ഡാബ മലനിരകളും കിഴക്കും തെക്കുകിഴക്കുമായി വു, വൂലിങ് മലനിരകളും സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണിത്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണ് ചോങ്ക്വിങ്.

 

2015ലാണ് ലെഹെ ലഡു മൃഗശാല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇവിടെയെത്തുന്നവര്‍ക്ക് സഫാരി പോകാനുള്ള സൗകര്യങ്ങളും മൃഗശാല നല്‍കിയിട്ടുണ്ട്.