രോഗപ്രതിരോധ ശക്തിക്ക് കർക്കടകമാസത്തിലെ കോഴിമരുന്ന്;ഔഷധഫലം

മലബാർ മേഖലയിൽ ഇന്നും അതീവ പ്രചാരത്തിലുള്ള ചിക്കൻ വിഭവങ്ങളിലൊന്നാണ് നാടൻ കോഴിയുടെ മാംസം ഉപയോഗിച്ച് തയ്യാറാക്കുന്ന 'കോഴിമരുന്ന്'.ഔഷധഗുണങ്ങൾ ഒട്ടേറെ ഉള്ള ഈ വിഭവം ബ്രോയിലർ ചിക്കൻ ഉപയോഗിച്ചല്ല തയ്യാറാക്കുന്നത്. നാടൻ കോഴിയുടെ മാംസം തന്നെ ഉപയോഗിക്കണം എന്നത് ഇക്കാര്യത്തിൽ നിർബന്ധമാണ്.കർക്കടക മാസത്തിൽ ശാരീരികാസ്ഥ്യങ്ങൾ വർധിക്കുന്നവർക്ക് സുഖചികിത്സ നൽകുന്നതിന്റെ ഭാഗമായി 'കോഴിമരുന്ന്' തയ്യാറാക്കപ്പെടുന്നത്. മുതിർന്നവർക്കുള്ള ഒരു ഔഷധഭക്ഷണമായി ഫലപ്രാപ്തി തെളിയിച്ചിട്ടുള്ള ഇതിന് മലബാറിലെ ഇസ്ലാമിക പാരമ്പര്യവുമായി ബന്ധമുണ്ട്. വാതസംബന്ധവും ശ്വാസകോശസംബന്ധവുമായ അസുഖങ്ങൾ വർധിക്കുന്ന കാലമാണ് കർക്കടകം. മഴക്കാലരോഗങ്ങൾക്കുള്ള സാധ്യതയും ഏറെയാണ് ഈ മാസത്തിസും തുടർന്നുള്ള സമയങ്ങളിലും. വീടുകളിൽ തന്നെ തയ്യാറാക്കുന്ന 'കോഴിമരുന്ന്' കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിക്കുകയും വാതസംബന്ധമായ ശരീരവേദനയും മറ്റ് ബുദ്ധിമുട്ടുകളും ശമിക്കുകയും ചെയ്യുമെന്നാണ് അനുഭവസാക്ഷ്യം.

