Kaumudi Plus

ഒരു" ചായ "കുടിച്ചാലോ ;ഇന്ന് അന്താരാഷ്ട്ര ചായ ദിനം

ഒരു ചായ കുടിച്ചാലോ ;ഇന്ന് അന്താരാഷ്ട്ര ചായ ദിനം
X

ചായ പ്രേമികൾ ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്.ചായ കേവലം ഒരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണല്ലേ. പുതിയ കാലഘട്ടത്തിൽ ജീവിത ശൈലിയിലും സംസ്കാരത്തിലും ഒക്കെ വലിയ തരത്തിലുള്ള മാറ്റങ്ങൾ വന്നെങ്കിലും മാറാതെ തുടരുന്ന ഒന്നാണ് ചായയോടുള്ള പ്രിയം . രാവിലെ ദിവസം തുടങ്ങുമ്പോൾ മുതൽ വൈകുന്നരത്തെ ക്ഷീണം മാറ്റാൻ വരെ ചായ വേണം.അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ചായ ദിനം, ചായയുടെ രുചി മാത്രമല്ല, അതിന്റെ ആരോ​ഗ്യ​ഗുണങ്ങളും സംസ്കാരവുമൊക്കെ ഓർമിപ്പിക്കുന്ന ദിനമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയിലാണ് ചായ ആളുകൾ ഉപയോ​ഗിച്ചു തുടങ്ങിയതെന്നാണ് പല ചരിത്രകാരന്മാരും പറയുന്നത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തിന്റെ പല ഭാ​ഗങ്ങളിലേക്കും ആ സംസ്ക്കാരം പടർന്ന് പന്തലിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചായ ഉത്പാദകരും ഉപഭോക്താക്കളും ഇന്ത്യയാണ്.

രാവിലെ കുടിക്കുന്ന ചായയോ വൈകുന്നേരത്തെ ചായയോ കൂടുതൽ ആരോ​ഗ്യകരം?

ശരീരാവസ്ഥ, ഉറക്കരീതി, ഭക്ഷണശീലം, ചായ കുടിക്കുന്ന സമയം എന്നിവയെല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്.

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ശേഷം ശരീരത്തിന് ചെറിയൊരു ഉണർവും ഊർജ്ജവും നൽകാൻ ചായ സഹായിക്കും. ചായയിലെ കഫീൻ തലച്ചോറിനെ ഉണർത്തുകയും ശ്രദ്ധ വർധിപ്പിക്കുകയും ചെയ്യുന്നു. ​ഗ്രീൻ ടീ പോലുള്ള ചായകളിൽ ആന്റി-ഓക്സിഡന്റുകൾ കൂടുതലായതിനാൽ ആരോഗ്യ സംരക്ഷകർ രാവിലെ ഇത് തിരഞ്ഞെടുക്കാറുണ്ട്.

രാവില ചായ കുടിക്കുമ്പോഴുള്ള ​ഗുണങ്ങൾ

ശരീരത്തിന് ഉന്മേഷം നൽകുന്നു.

ശ്രദ്ധയും ഏകാ​ഗ്രതയും മെച്ചപ്പെടുത്തുന്നു.

മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു.

ദഹനപ്രക്രിയ സജീവമാക്കാനും സഹായിക്കും.

മാനസിക ഉല്ലാസം നൽകുന്നു.

ഗുണങ്ങൾ മാത്രമല്ല, രാവിലത്തെ ചായയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്. വെറുംവയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ ചില അസ്വസ്ഥതകൾ ഉണ്ടാക്കാം

അസിഡിറ്റി

വയറുവേദന

ഗ്യാസ്ട്രിക് അസ്വസ്ഥത

ഹൃദയമിടിപ്പ് കൂടുക

പ്രത്യേകിച്ച് അധിക പഞ്ചസാര ചേർത്ത പാൽ ചായ പതിവായി രാവിലെ കുടിക്കുന്നത് ദീർഘകാല ആരോ​ഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വൈകുന്നേരത്തെ ചായ: ആശ്വാസമോ പ്രശ്നമോ?

വൈകുന്നേരം അൽപം ചായ കുടിക്കുന്നത് പലർക്കും ഒരു റിലാക്സ് മോമെന്റ് ആണ്. ജോലി സമ്മർദം കുറയ്ക്കാനും കുടുംബ സമയം ആസ്വദിക്കാനുമുള്ള ചെറിയൊരു ഇടവേള പോലെയും ആളുകൾ ഈ ടീ ബ്രേക്ക് എടുക്കാറുണ്ട്.

വൈകുന്നേരത്തെ ചായയുടെ ഗുണങ്ങൾ

മാനസിക ക്ഷീണം കുറയ്ക്കുന്നു.

ചെറിയൊരു ഉന്മേഷം നൽകും

സാമൂഹിക ഇടപെടലുകൾക്ക് അവസരം സൃഷ്ടിക്കും

മഴക്കാലത്തും തണുത്ത കാലാവസ്ഥയിലും ആശ്വാസം നൽകും

പക്ഷേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

വൈകിട്ട് ഏറെ വൈകി ചായ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കാം. ചായയിലെ കഫീൻ ശരീരത്തെ കൂടുതൽ ആക്ടീവായി നിർത്തുന്നതിനാൽ രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകാം.

ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിക്കണം

ഉറക്കമില്ലായ്മ നേരിടുന്നവർ, ഉത്കണ്ഠ പ്രശ്നമുള്ളവർ

ഉയർന്ന രക്തസമ്മർദമുള്ളവർ

രാത്രി വൈകി ജോലി ചെയ്യുന്നവർ

ആരോഗ്യകരമായി ചായ കുടിക്കാൻ ചില ടിപ്സ്

വെറും വയറ്റിൽ ചായ ഒഴിവാക്കുക.

പഞ്ചസാര കുറച്ചു ഉപയോഗിക്കാം.

ദിവസത്തിൽ മൂന്നിൽ കൂടുതൽ ചായ പാടില്ല.

രാത്രി ഉറക്കത്തിന് രണ്ട്- മൂന്ന് മണിക്കൂർ മുമ്പ് ചായ ഒഴിവാക്കുക.

ഹെർബൽ ടീ, ഗ്രീൻ ടീ തുടങ്ങിയവ പരിഗണിക്കുക

ചായയ്‌ക്കൊപ്പം കൂടുതൽ ബിസ്കറ്റ്/സ്നാക്കുകൾ കഴിക്കുന്ന ശീലം കുറയ്ക്കുക

Next Story
Share it