വൃക്കയിലെ അർബുദം: ലക്ഷണങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

വൃക്കകളിലെ കോശങ്ങളിൽ അനിയന്ത്രിതമായി ഉണ്ടാകുന്ന വളർച്ചയാണ് വൃക്ക അർബുദം (Kidney Cancer) അഥവാ റീനൽ സെൽ കാർസിനോമ എന്ന് അറിയപ്പെടുന്നത്. കാൻസർ ശരീരത്തിൽ എവിടെയൊക്കെ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കുന്നത് ചികിത്സാ രീതി നിശ്ചയിക്കുന്നതിലും രോഗമുക്തിക്കുള്ള സാധ്യതകൾ വിലയിരുത്തുന്നതിലും വളരെ പ്രധാനമാണ്. ഇതേകുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നത് ആസ്റ്റർ മിംസ് കണ്ണൂരിലെ ഓങ്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഗോപിക പി,
ലക്ഷണങ്ങൾ തിരിച്ചറിയാം
തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒന്നാണ് കിഡ്നി കാൻസർ. എന്നിരുന്നാലും, താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത്:
മൂത്രത്തിൽ രക്തം കാണപ്പെടുക (Hematuria): യാതൊരു വേദനയുമില്ലാതെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് ഒരു പ്രധാന ലക്ഷണമാണ്.
വിട്ടുമാറാത്ത നടുവേദന: പുറംഭാഗത്തോ നട്ടെല്ലിന്റെ ഇരുവശങ്ങളിലോ ആയി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന.
വയറ്റിലെ മുഴ: വയറിന്റെ വശങ്ങളിലോ അടിവയറ്റിലോ കട്ടിയുള്ള തടിപ്പോ മുഴയോ അനുഭവപ്പെടുക.
അകാരണമായി ഭാരം കുറയുക: പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ശരീരഭാരം കുറയുകയും വിശപ്പില്ലായ്മ അനുഭവപ്പെടുകയും ചെയ്യുക.
വിട്ടുമാറാത്ത ക്ഷീണവും വിളർച്ചയും (Anemia). മറ്റ് അണുബാധകൾ ഒന്നുമില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പനി.
രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ
കോശങ്ങളുടെ ഡി.എൻ.എ-യിൽ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങളാണ് അർബുദത്തിന് കാരണമാകുന്നത്. കൃത്യമായ ഒരു കാരണം ഇതിന് പിന്നിലില്ലെങ്കിലും, താഴെ പറയുന്ന ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു:
പുകവലി: പുകവലിക്കുന്നവരിൽ ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
അമിതവണ്ണം: ശരീരഭാരം അമിതമായി കൂടുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ക്യാൻസർ സാധ്യത കൂട്ടുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദ്ദം: ദീർഘകാലമായി രക്തസമ്മർദ്ദം നിയന്ത്രിക്കാതിരിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കാം.
രാസവസ്തുക്കളുമായുള്ള സമ്പർക്കം: ജോലിസ്ഥലങ്ങളിൽ ആസ്ബറ്റോസ്, കാഡ്മിയം തുടങ്ങിയ രാസവസ്തുക്കളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത്.
ജനിതക ഘടകം: പാരമ്പര്യമായി വൃക്ക രോഗങ്ങളോ ക്യാൻസറോ ഉള്ളവരാണെങ്കിൽ അടുത്ത തലമുറയിൽ പെട്ടവർക്കും വരാൻ സാധ്യതയുണ്ട്.
വിട്ടുമാറാത്ത വൃക്കരോഗങ്ങൾ: ദീർഘകാലമായി ഡയാലിസിസ് ചെയ്യുന്നവർക്കു രോഗസാധ്യത കൂടുതലാണ്.
കാൻസർ സ്റ്റേജുകളും രോഗമുക്തിക്കുള്ള സാധ്യതകളും
വൃക്കയെ ബാധിക്കുന്ന ക്യാൻസറിനെ പ്രധാനമായും നാല് ഘട്ടങ്ങളായാണ് തരംതിരിക്കുന്നത്. രോഗത്തിന്റെ ഘട്ടമനുസരിച്ചാണ് രോഗമുക്തിക്കുള്ള സാധ്യത കണക്കാക്കുന്നത്:
സ്റ്റേജ്-1: ട്യൂമറിന്റെ വലിപ്പം 7 സെന്റീമീറ്ററിൽ താഴെയായിരിക്കുകയും, അത് വൃക്കയ്ക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തിൽ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ രോഗം പൂർണ്ണമായും മാറ്റാൻ സാധിക്കും. രോഗമുക്തി നേടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
സ്റ്റേജ്-2: ട്യൂമറിന്റെ വലിപ്പം 7 സെന്റീമീറ്ററിൽ കൂടുതലാണെങ്കിലും അത് വൃക്കയ്ക്ക് പുറത്തേക്ക് പടർന്നിട്ടുണ്ടാകില്ല. ഈ ഘട്ടത്തിലും ശസ്ത്രക്രിയ ഫലപ്രദമാണ്, രോഗമുക്തിക്കുള്ള സാധ്യതയും മികച്ചതാണ്.
സ്റ്റേജ്-3: ക്യാൻസർ കോശങ്ങൾ വൃക്കയോട് ചേർന്നുള്ള വലിയ രക്തക്കുഴലുകളിലേക്കോ (Renal Vein) അടുത്തുള്ള ലിംഫ് നോഡുകളിലേക്കോ (Lymph nodes) പടരുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയയ്‌ക്കൊപ്പം ടാർഗെറ്റഡ് തെറാപ്പിയോ ഇമ്മ്യൂണോതെറാപ്പിയോ ആവശ്യമായി വരും.
സ്റ്റേജ്-4: ക്യാൻസർ വൃക്കയ്ക്ക് പുറത്തുള്ള മറ്റ് അവയവങ്ങളിലേക്ക് (ശ്വാസകോശം, കരൾ, എല്ലുകൾ, തലച്ചോറ്) വ്യാപിച്ച ഏറ്റവും സങ്കീർണ്ണമായ അവസ്ഥയാണിത്. രോഗമുക്തിക്കുള്ള സാധ്യത ഈ ഘട്ടത്തിൽ കുറവാണെങ്കിലും, ആധുനിക ചികിത്സകളായ ഇമ്മ്യൂണോതെറാപ്പി വഴി രോഗിയുടെ ആയുസ്സും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സാധിക്കും.
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ വൃക്കയിലെ ക്യാൻസർ പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയും. മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് തന്നെ അത് കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. പലപ്പോഴും മറ്റ് അസുഖങ്ങൾക്കായി നടത്തുന്ന അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് (Incidental detection) ഈ അർബുദം പ്രാരംഭ ദിശയിൽ കണ്ടെത്തുന്നത്. അതിനാൽ നാൽപത് വയസ്സ് കഴിഞ്ഞവർ പ്രത്യേകിച്ച് രോഗസാധ്യതയുള്ളവർ ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
അർബുദത്തെ പ്രതിരോധിക്കുന്നതിലും ചികിത്സയ്ക്ക് ശേഷമുള്ള സുഖപ്രാപ്തിയിലും നമ്മുടെ ജീവിതശൈലിക്ക് വലിയൊരു പങ്കുണ്ട്. രോഗനിർണ്ണയവും ചികിത്സയും എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ നിർണ്ണായകമാണ് രോഗപ്രതിരോധവും. വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും അർബുദ സാധ്യതകളെ ഒരു പരിധി വരെ അകറ്റി നിർത്താനും കൃത്യമായ മുൻകരുതലുകളും ആരോഗ്യകരമായ ശീലങ്ങളും വഴി വൃക്കകളുടെ ആരോഗ്യം ദീർഘകാലം നിലനിർത്താനും ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും നമുക്ക് സാധിക്കും. ഓർക്കുക, തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് കിഡ്നി അർബുദം.

