തുന്നലോ, വലിയ മുറിവുകളോ, വേദനയോ ഇല്ല ;എന്നിട്ടും വന്ധ്യംകരണത്തിന് മനസ്സില്ലാതെ പുരുഷന്മാർ

കണ്ണൂർ: സ്ഥിരമായ കുടുംബാസൂത്രണ മാർഗത്തിനോടുള്ള പുരുഷന്മാരുടെ മടിക്ക് ഇപ്പോഴും മാറ്റമില്ല .സ്ത്രീകളിലെ ശസ്ത്രക്രിയയെക്കാൾ വളരെ എളുപ്പവും സുരക്ഷിതവുമാണ് പുരുഷന്മാരിലെ വന്ധ്യംകരണത്തിനുള്ള വാസക്ടമി.എന്നാൽ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുപ്രകാരം കേരളത്തിൽ 0.2 ശതമാനം പുരുഷന്മാർ മാത്രമാണ് വാസക്ടമിക്ക് സന്നദ്ധരാവുന്നത്. തുന്നലോ, വലിയ മുറിവുകളോ, വേദനയോ ഇല്ലാത്ത നോ-സ്കാൽപൽ ശസ്ത്രക്രിയാരീതി നടപ്പായിട്ടും ഇതിനു മാറ്റമുണ്ടായിട്ടില്ല. രാജ്യത്തെങ്ങും പുരുഷവന്ധ്യംകരണം ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞു . ഇതേസമയം , 42.3 ശതമാനം സ്ത്രീകൾ കേരളത്തിൽ സ്ഥിരമായ ഗർഭനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നു എന്നത് ശ്രദ്ധേയമാണ് .ഇന്ത്യയിലൊട്ടാകെ ദമ്പതിമാരിൽ കുടുംബാസൂത്രണമാർഗങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇന്ത്യയിൽ ശരാശരി 69 ശതമാനം ദമ്പതിമാരും കേരളത്തിൽ 67 ശതമാനം ദമ്പതിമാരും ഇതിനായി ഏതെങ്കിലും താത്കാലിക മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ 55ശതമാനം ദമ്പതിമാരും ആധുനിക രീതിയിലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്.കേരളത്തിൽ സ്ത്രീകളിൽ 10 ശതമാനം പേർക്കും രാജ്യത്ത് എട്ടു ശതമാനം സ്ത്രീകൾക്കും കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ കൂടുതൽ പ്രസവങ്ങളും സ്വകാര്യ ആശുപതികളിലാണ് നടക്കുന്നത് .

