പോർക്ക് കഴിച്ചു ; 10 വർഷം അപൂർവരോഗത്തോട് പൊരുതി യുകെ സ്വദേശിനി;എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

ഒരിക്കൽ നടത്തിയ ഇന്ത്യ സന്ദർശനം ജീവിതത്തെ ആകെ മാറ്റിമറിച്ച അനുഭവമാണ് യുകെയിൽ നിന്നുള്ള ലൗറി ഡെൻമാൻ എന്ന 42കാരിക്ക് പറയാനുള്ളത്. ഒരിക്കൽ ഒരു റെസ്റ്റോറൻ്റിലെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഏതാണ്ട് ഒരു മീറ്റർ നീളമുള്ള വിര (Tape Worm) ശരീരത്തിൽ നിന്ന് പുറത്തുപോയി. 2011 ലായിരുന്നു ആ ഞെട്ടിക്കുന്ന സംഭവം. പരിശോധനകൾ നടത്തിയെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല.പിന്നീട് ദിവസങ്ങൾ കടന്നു പോകുന്നതനുസരിച്ച് പല ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കഠിനമായ തലവേദന, ഓർമക്കുറവ്, തരിപ്പ്, അപസ്മാരം പോലുള്ള ഗുരുതര അവസ്ഥകൾ പ്രകടമായതോടെ വിശദമായ പരിശോധന നടത്തി. ബ്രെയിൻ സ്കാനിങ്ങിൽ ലൗറിയുടെ തലച്ചോറിൽ 38 പാരസൈറ്റുകളെ കണ്ടെത്തി. ന്യൂറോസിസ്റ്റിസെർക്കോസിസ് (Neurocysticercosis) എന്ന അപൂർവ രോഗാവസ്ഥയാണ് ലൗറിക്കെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.
എന്താണ് ന്യൂറോസിസ്റ്റിസെർകോസിസ്
പന്നിയിറച്ചിയിൽ കാണപ്പെടുന്ന 'ടീനിയ സോലിയം' (Taenia solium) എന്ന ടേപ്പ്‌വേമിന്റെ ലാർവകൾ മനുഷ്യന്റെ തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കുമ്പോഴുണ്ടാകുന്ന അപൂർവവും ഗുരുതരവുമായ അണുബാധയാണ് ന്യൂറോസിസ്റ്റിസെർകോസിസ്.
അണുബാധയുള്ള കൈകളിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ മുട്ടകൾ ഉള്ളിൽ ചെന്നാൽ ലാർവകൾ തലച്ചോറിലേക്ക് കുടിയേറുകയും സിസ്റ്റുകളായി മാറി ഇത്തരത്തിൽ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
അപസ്മാരം, കടുത്തതോ ആവർത്തിച്ചുള്ളതോ ആയ തലവേദന, ഛർദ്ദിയും ഓക്കാനവും, ശരീരഭാഗങ്ങളിൽ മരവിപ്പ് അല്ലെങ്കിൽ ബലക്കുറവ്, ആശയക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

