Friday 29 September 2023




സിനിമയില്‍ എട്ടു വര്‍ഷം, ഹൃദയം തുറന്ന് കലേഷ്

By RK.08 Feb, 2022

imran-azhar

 


പ്രശോഭ് രവി

 

എട്ടു വര്‍ഷമായി സിനിമയില്‍ ഉണ്ട്. എന്നാല്‍ തന്റെ അടയാളപ്പെടുത്തലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു കലേഷ് രാമാനന്ദ് എന്ന ആലപ്പുഴക്കാരന്‍. ആ അടയാളപ്പെടുത്തല്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു, ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലൂടെ. വിനീത് ശ്രീനിവാസന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ സെല്‍വ എന്ന തമിഴ്നാട്ടുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് കലേഷ് എത്തിയിരിക്കുന്നത്. തനി ഒരുവന്‍, മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചാര്‍ളിയുടെ തമിഴ് റീമേക്ക് മാര തുടങ്ങിയ വമ്പന്‍ സിനിമകളുടെയൊക്കെ ഭാഗമായ കലേഷിനെ ഒരു പക്ഷേ മലയാളിയാണെന്ന് മലയാളികള്‍ മനസ്സിലാക്കുന്നത് ഹൃദയത്തിലൂടെയാവണം.ഹൃദയം കണ്ടിറങ്ങിയവരുടെയെല്ലാം ഹൃദയത്തില്‍ ഈ ചെറുപ്പക്കാരന്‍ കൂടി ഉണ്ടാകും.

 

സിനിമയില്‍ എട്ടു വര്‍ഷം

 

സിനിമയില്‍ എത്തിയിട്ട് എട്ടുവര്‍ഷത്തിന് മുകളിലായി. പക്ഷേ ആളുകള്‍ എന്നെപ്പറ്റി സംസാരിക്കുന്നതിന് വിനീത് ഏട്ടന്റെ ഹൃദയം വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് കാര്യം. ആദ്യമായി ഞാന്‍ അഭിനയിച്ച മലയാള സിനിമ സലിം അഹമ്മദ് സാറിന്റെ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. അതില്‍ ഒരു കുഞ്ഞു കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. സുകു എന്നായിരുന്നു അതില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കുഞ്ഞനന്തന്റെ കടയില്‍ഒരു കിണര്‍ കാണിക്കുന്നത് ഓര്‍മ്മയില്ലെ. അതിന് അടുത്തിരുന്ന് പുള്ളുവന്‍ വീണ വായിക്കുന്ന കഥാപാത്രമായിരുന്നു സുകു. റോഡ് വികസനം വരുമ്പോള്‍ ആ കിണറിന്റെ കയറില്‍ അവിടെത്തന്നെ ജീവനൊടുക്കുകയാണ് ആ കഥാപാത്രം. മുന്‍പ് ഞാന്‍ അഭിനയിച്ച സ്റ്റേജ് നാടകം സലിം സാര്‍ കാണാന്‍ ഇടയായതാണ് ആ കഥാപാത്രം എനിക്ക് ലഭിക്കുവാന്‍ ഇടയാക്കിയത്. പിന്നീട് മലയാളത്തില്‍ നിന്ന് അങ്ങനെ ഓഫറുകള്‍ ഒന്നും വന്നില്ല. എന്നാല്‍, തനി ഒരുവന്‍ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ എനിക്കൊരു വേഷം ലഭിച്ചു. അതില്‍ അഭിനയിച്ചപ്പോഴും ഞാന്‍ മലയാളിയാണെന്നു പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ ഞാന്‍ ചെയ്ത ഹൃദയത്തിലെ തമിഴ് കഥാപാത്രം വേണ്ടി വന്നു നടന്‍ എന്ന നിലയില്‍ ശ്രദ്ധ കിട്ടുവാനും മറ്റുള്ളവര്‍ എന്നെക്കുറിച്ചു സംസാരിക്കുവാനും. അതിന് എന്നെന്നും വിനീത് ഏട്ടനോടാണ് കടപ്പാട്. ഹൃദയം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ കാത്തിരിപ്പ് തുടരേണ്ടി വന്നേനെ ഇപ്പോഴും. സെല്‍വ എന്റെ കാത്തിരിപ്പിന് അവസാനം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ സെല്‍വയെ അവതരിപ്പിച്ചത്‌നിങ്ങളല്ലേ എന്നു ചോദിക്കുമ്പോള്‍ സന്തോഷം.

 

നടനെ പാകപ്പെടുത്തിയ നാടകക്കാലം

 

ചെന്നൈയില്‍ അഭിനയമോഹവുമായി എത്തിയതിന് ശേഷമാണ്, അവിടുത്തെ ഏറ്റവും പ്രശസ്തമായ നാടകട്രൂപ്പ് കൂത്ത്പട്രൈയ്ക്ക് ഒപ്പം ചേരുന്നത്. ആ കലാസംഘത്തിന് ഒപ്പമുള്ള യാത്രകളാണ് നടന്‍ എന്ന നിലയില്‍ എന്നെ പരുവപ്പെടുത്തിയത് എന്ന് പറയാം. ഒട്ടെറെ പ്രമുഖരായ കലാകാരന്‍മാരെ സിനിമാലോകത്തിന് സംഭാവന ചെയ്ത കലാസംഘമാണ് അത്. നാസര്‍ സാര്‍, പശുപതി സര്‍, മലയാളിയായ നടി അപര്‍ണ ഗോപിനാഥ് മാം അതുപോലെ നമുക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ വിജയ് സേതുപതി സര്‍, മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത മലയാള സിനിമയിലെ ന്യൂജെന്‍ ക്ലാസിക്ക് വില്ലന്‍ കഥാപാത്രമായ മിന്നല്‍ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരം സര്‍ ഇവരൊക്കെ ആ കലാസംഘത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷം സിനിമാലോകത്ത് അവരവരുടെതായ സ്ഥാനം ഉറപ്പിച്ചവരാണ്. ആ സംഘത്തോടൊപ്പമുള്ള യാത്ര ശരിക്കു പറഞ്ഞാല്‍ എന്റെയുള്ളിലെ നടനെ പാകപ്പെടുത്തുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. എത്ര വലിയ ആള്‍ക്കൂട്ടം വന്നാലും അതിനിടയില്‍ നിന്ന് കഥാപാത്രമായി മാറാന്‍ എനിക്ക് സാധിക്കും അതിനുള്ള ധൈര്യവും ശീലവും ഉണ്ടായത് നാടകസംഘത്തോടൊപ്പമുള്ള അഭിനയയാത്രകളില്‍ നിന്നാണ്. ആ സംഘത്തിന് ഒപ്പമുള്ളവര്‍ പ്രതിഫലം ആഗ്രഹിച്ച് വരുന്നവരൊന്നും ആയിരുന്നില്ല. എല്ലാവരും അഭിനയത്തോടും നാടകത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് വരുന്നവരായിരുന്നു. ആ സമയങ്ങളില്‍ വരുമാനത്തിനുള്ള മാര്‍ഗ്ഗം ഡബ്ബിങ്ങിനുള്ള അവസരങ്ങളായിരുന്നു. ഇന്നും അഭിനയത്തോടൊപ്പം ഡബ്ബിങ്ങും തുടരുന്നുണ്ട്.

 

അഭിനയ പരിശീലകന്റെ റോളില്‍

 

ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ വഴി അഭിനയത്തിനായി വര്‍ക് ഷോപ്പുകള്‍ നടത്തിയിരുന്നു. വിനീത് ഏട്ടന്‍, സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, നല്‍കിയ വലിയ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. ലോക്ഡൗണ്‍ കാലത്ത് അതൊരു വരുമാനമാര്‍ഗ്ഗം കൂടിയായി എന്നതാണ് സത്യം. എന്റെ നാടക പാരമ്പര്യമാണ് അഭിനയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുവാനുള്ള പിന്‍ബലമായി തീര്‍ന്നത്. ലോക്ഡൗണ്‍ ടൈമില്‍ ഒന്നും ചെയ്യാനില്ലാതെ മടിപിടിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരാശയത്തിന് വിനീത് ഏട്ടന്‍ എന്റെയുള്ളില്‍ തിരി കൊളുത്തുന്നത്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റര്‍ തയ്യാറാക്കി വിനീത് ഏട്ടന് അയച്ചുകൊടുത്തു. അത് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹത്തെ പോലൊരാള്‍ അത് ഷെയര്‍ ചെയ്യുമെന്നത്. വിനീത് ഏട്ടന്‍ ആ പോസ്റ്റര്‍ പങ്കുവച്ചതോടു കൂടി വര്‍ക് ഷോപ്പിലേക്കുള്ള എന്‍ക്വയറികളും ക്ലാസില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടി. അത് വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനോട് മലയാളികള്‍ക്കുള്ള വിശ്വാസമായിരുന്നു. ആ വര്‍ക് ഷോപ്പില്‍ അത് എനിക്ക് കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് കരുതുന്നത്.

 

പ്രണയം, വിവാഹം, കുടുംബം

 

പ്രണയിനി ഇന്ന് എന്റെ ഭാര്യയാണ്. കോഴിക്കോടുകാരിയായ ഗുജറാത്തി പെണ്‍കുട്ടിയാണ്. യാഷിക എന്നാണ് അവളുടെ പേര്. ആദ്യ ലോക്ഡൗണിന് തൊട്ട് മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ കണ്ടുമുട്ടിയത് കൊച്ചിയില്‍ വച്ചായിരുന്നു. പഠനം കഴിഞ്ഞ് സിനിമയ്ക്ക് വേണ്ടി നടക്കുന്നതിനിടയില്‍ കുറച്ചു കാലം ഇംപ്രസാരിയോ എന്ന കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നു. അവളും അവിടെ ഉണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുള്ള വഴി തുറന്നത്. സിനിമ എന്ന എന്റെ ഏറ്റവും വലിയ ഇഷ്ടത്തെ ഏറ്റവും നന്നായി മനസ്സിലാക്കി സപ്പോട്ട് ചെയ്യുന്ന ഒരാളാണ് അവള്‍. വീട്ടില്‍ നിന്ന് അച്ഛനും അമ്മയും ചേട്ടനുമൊക്കെ നല്‍കുന്ന പിന്തുണയും വളരെ വലുതാണ്.

 

 

താരജാഡകളില്ലാത്ത പ്രണവ്

 

പ്രണവ് മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നത് ഹൃദയത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്.ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. രസമെന്തെന്നു വച്ചാല്‍ ഞങ്ങള്‍ തമ്മിലുള്ള ആദ്യ ഷോട്ട് എടുത്തത് കാട്ടിത്തന്ന് വിനീത് ഏട്ടന്‍ ചോദിച്ചു: 'ഇതിനു മുന്‍പ് നിങ്ങള്‍ പരിചയമുണ്ടോ? അത്രയ്ക്കും ആഴത്തില്‍ സൗഹൃദമുള്ളവര്‍ തമ്മിലുള്ള കെമിസ്ട്രി ഞങ്ങള്‍ തമ്മിലുള്ള ആ ഷോട്ടില്‍ വര്‍ക്ക് ഔട്ട് ആയി എന്നത് വിനീത് ഏട്ടന്‍ മോണിറ്ററില്‍ കാട്ടി തരികയായിരുന്നു. വളരെ സിമ്പിളും ജനുവിനുമായ വ്യക്തിത്വമാണ് പ്രണവിന്റെത്. ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യന്‍. ഞങ്ങളുടെ ആദ്യ ഷോട്ട് പരീക്ഷാ ഹാളിലേതായിരുന്നു. പരീക്ഷ എഴുതാന്‍ കഴിയാതെ അരുണ്‍ എഴുന്നേറ്റു പോകുന്ന ഷോട്ടും അരുണിന് സെല്‍വ തന്റെ ഉത്തരപേപ്പര്‍ കാണിച്ചുകൊടുക്കുന്ന ഷോട്ടുമായിരുന്നു അപ്പോള്‍ എടുത്തത്. ആ ബെഞ്ചിലിരുന്നാണ് ഞാനും പ്രണവും ആദ്യമായി പരിചയപ്പെടുന്നത്. പരീക്ഷാ ഹാളിലെ സീന്‍ ആയതു കൊണ്ട് ഞങ്ങള്‍ അവിടെ നിന്ന് എഴുന്നേറ്റില്ല. ആ സമയത്ത് പ്രണവ് എന്നോട് ഇങ്ങോട്ടു വന്നുമിണ്ടുകയായിരുന്നു. താരപുത്രന്റെതായ ഒരു ജാഡയുമില്ലാതെ. പ്രണവിന് വേണമെങ്കില്‍ എന്നോട് മിണ്ടാതെ അദ്ദേഹത്തിന്റെതായ ഇടത്ത് ഇരിക്കാമായിരുന്നു. എന്നാല്‍ വളരെ ജനുവിനായി ഇടപഴകുകയായിരുന്നു. മറ്റുള്ളവരിലേക്ക് പോസറ്റീവ് വൈബ് നിറയ്ക്കാന്‍ കഴിവുള്ള ഒരു വ്യക്തിയാണ് പ്രണവ്.

 

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ജീവിതം

 

എന്നെ സിനിമയില്‍ നിലനിര്‍ത്തുന്നത് ഡബ്ബിങ് ജോലി കൂടിയാണെന്ന് പറയാം. എട്ടുവര്‍ഷത്തെ എന്റെ സിനിമയാത്രയില്‍ സാമ്പത്തികമായി നിലനിര്‍ത്തിയത് ഡബ്ബിങ് ജോലി ഉള്ളതുകൊണ്ട് കൂടിയാണ്. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു ശബ്ദ കലാകാരന്‍ എന്ന നിലയില്‍ എന്റെ തുടക്കം. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ ഈശ്വരന്‍ എന്ന ചിത്രത്തില്‍ സിമ്പുവിന് വേണ്ടി ശബ്ദം നല്‍കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

 

വരാനിരിക്കുന്ന സിനിമകള്‍

 

തമിഴ് ചിത്രമാണ് ഇനി ഞാന്‍ അഭിനയിച്ച സിനിമകളില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. ആ സിനിമയെക്കുറിച്ച് അതിന്റെ അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ ഒഫീഷ്യലായി പുറത്തുവിടും. ആദ്യ സിനിമ കൊണ്ട് തന്നെ പ്രശസ്തനായ ഒരു സംവിധായകന്റെ ചിത്രമാണത്. മറ്റ് പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. എന്തായാലും ഹൃദയം നല്‍കിയ വലിയൊരു സ്വീകാര്യതയില്‍ സന്തോഷവാനാണ്.