By Web Desk.14 Dec, 2022
ഇന്റര്‍വ്യൂ: ദീപിക സുശീലന്‍/ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരത്ത് ഡിസംബര്‍ 9 ന് തുടങ്ങിയ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ് നെടുമങ്ങാട് സ്വദേശി ദീപിക സുശീലന്‍. കാര്യവട്ടം കാമ്പസില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ മേളയുടെ മീഡിയ സെല്ലില്‍ പങ്കാളിയായി തുടങ്ങിയ യാത്ര പിന്നീട് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള വരെ വിപുലമായി. 2021 സെപ്തംബറില്‍ ഐ.എഫ്.എഫ്.കെയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായി നിയമിതയായ ദീപിക നേതൃത്വം നല്‍കുന്ന രണ്ടാമത്തെ മേളയാണിത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയുടെയും ഐഎഫ്എഫ്‌കെയുടെയും അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യം പങ്കാളിയായ സാഹചര്യം എന്തായിരുന്നു
2009ല്‍ കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഫെസ്റ്റിവലിന്റെ മീഡിയാ സെല്ലില്‍ പ്രവര്‍ത്തിച്ചാണ് തുടക്കം. 2010 ല്‍ മേളയുടെ പ്രോഗ്രാം അസിസ്റ്റന്റാകാന്‍ താത്പര്യമുണ്ടോ എന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ മാഡം ചോദിച്ചു. ഇന്റണ്‍ഷിപ്പ് ചെയ്യാനുള്ള തയാറെടുപ്പിലായതിനാല്‍ ഞാന്‍ വിസമ്മതം അറിയിച്ചു. ഒരു ആറു മാസം കൂടെനിന്ന് പഠിക്കാന്‍ ബീനപോള്‍ പറഞ്ഞു. അങ്ങനെ 2010ല്‍ പ്രോഗ്രാം അസിസ്റ്റന്റായി. അതുകഴിഞ്ഞപ്പോള്‍ കുറച്ചു നാള്‍ കൂടി അക്കാഡമിയില്‍ മേളയുടെ ഭാഗമാകണമെന്നു തോന്നി. അന്ന് പക്ഷേ സിനിമയില്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല.
മേളയിലൂടെ ലോക സിനിമയെ കുറിച്ചു എന്തു മനസിലാക്കി
അന്താരാഷ്ട്ര സിനിമ വളരെ വിശാല ലോകത്തിന്റെ ഗെയിമാണ്. അതു മനസിലാക്കാന്‍ കഠിനാദ്ധ്വാനം വേണം. അക്കാര്യം ഉറപ്പിച്ച് ബീനപോളിന്റെ കൂടെ നിന്നു. 2014 ആയപ്പോഴേക്കും അവര്‍ അക്കാഡമി വിട്ടു പോകുമെന്നായി. ഒരിടത്ത് രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിനോക്കുമ്പോള്‍ ചില സ്വതന്ത്ര ചുമതലകള്‍ ഏല്‍പ്പിക്കുമല്ലോ. അങ്ങനെ പല കാര്യങ്ങളും എന്നെ ഏല്‍പ്പിച്ചിരുന്നു. അങ്ങനെ എനിക്ക് ആത്മവിശ്വാസം വന്നു. ആയിടയ്ക്കാണ് പ്രോഗ്രാം ഡയറക്ടറായി ഇന്ദു ശ്രീകണ്ഠന്‍ അക്കാഡമിയില്‍ എത്തിയത്. അപ്പോഴും പ്രോഗ്രാമിംഗ് എന്നെയാണ് ഏല്‍പ്പിച്ചത്.
സ്വതന്ത്ര ചുമതല ഏല്‍പ്പിച്ചപ്പോള്‍ എന്തു തോന്നി
ഒരു പ്രോഗ്രാമില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കാണെന്ന ബോധ്യം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാം വളരെ കൃത്യതയോടെയാണ് ചെയ്തത്. 2014ലെ പ്രോഗ്രാമിംഗ് എല്ലാവര്‍ക്കും വളരെ സ്വീകാര്യമായിരുന്നു. ആ സമയം പ്രോഗ്രാം മാനേജരായിരുന്നു. ആ വര്‍ഷത്തെ സിനിമകളുടെ മേന്‍മയും എടുത്തു പറയേണ്ടതാണ്. ഒരു മേള തുടങ്ങി നാലു ദിവസമാകുമ്പോള്‍ തന്നെ നമുക്കറിയാം ആ മേള എവിടെ നില്‍ക്കുന്നുവെന്ന്. എല്ലാവരും മേളയുടെ സെലക്ഷന്‍ എടുത്തു പറഞ്ഞിരുന്നു. ഇന്ദു ശ്രീകണ്ഠനോട് മാധ്യമങ്ങള്‍ നല്ല പ്രോഗ്രാമിംഗ് ആണല്ലോ എന്നു ചോദിച്ചപ്പോള്‍, ഇത് ഞാനല്ല ദീപികയാണ് ചെയ്തത് എന്ന് തുറന്നു പറഞ്ഞു. അത്തരമൊരു സ്ഥാനത്തിരിക്കുന്ന ആള്‍ അങ്ങനെ പറയേണ്ട കാര്യമില്ല. ഒരാള്‍ക്ക് കിട്ടേണ്ട ക്രെഡിറ്റ് മറ്റൊരാള്‍ എടുക്കുന്ന ലോകത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്. അങ്ങനെ എന്നെ ഫെസ്റ്റിവല്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവര്‍ ശ്രദ്ധിച്ചു. അതോടെ എനിക്കു കൂടുതല്‍ സ്വീകാര്യത ലഭിച്ചു.
ദീപിക ഐഎഫ്എഫ്‌കെയില്‍ നിന്നും രാജിവച്ചത് എന്തിനായിരുന്നു
2016 ആയപ്പോഴാണ് ബീനാ പോള്‍ തിരിച്ചുവരുന്നത്. അപ്പോഴേക്കും ഞാന്‍ മേളയുടെ പ്രോഗ്രാം മാനേജരായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്് ആ വര്‍ഷത്തെ മേള ചെയ്തു. 2017 ആയപ്പോഴേക്കും ഡെപ്യൂട്ടി ഡയറക്ടര്‍ ഫെസ്റ്റിവല്‍ എന്ന പോസ്റ്റ് ഒഴിഞ്ഞു കിടന്നു.ഞാന്‍ അതിന്റെ ഇന്‍ ചാര്‍ജായി നാല് ഫെസ്റ്റിവല്‍ ചെയ്തു. പക്ഷേ ആ പോസ്റ്റിലേക്ക് സ്ഥിരം നിയമനം നടത്തിയിരുന്നില്ല. ആ സമയം അപേക്ഷ വിളിച്ചിരുന്നു. ഞാന്‍ അപേക്ഷിച്ചു. എന്നാല്‍ തീരുമാനമെടുക്കേണ്ട പാനലില്‍ ഉണ്ടായിരുന്നവര്‍ക്ക് ഞാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആകേണ്ടെന്നു തോന്നി. നേരത്തെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആളെയാണ് അവര്‍ക്ക് നല്ലതെന്നു തോന്നിയത്. അത് ഓരോ ഇന്റര്‍വ്യൂ ബോര്‍ഡിനും അവരുടേതായ തീരുമാനങ്ങളുണ്ടാകും. അത് നമ്മള്‍ മാനിക്കുകയേ നിവൃത്തിയുള്ളു. പക്ഷേ എന്റെ ജോലിയില്‍ എനിക്ക് എന്താണ് കഴിവുള്ളത് എന്നതിനെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്. പോരാത്തതിന് ഈ പറയുന്ന ആളുകളുടെ അസാന്നിധ്യത്തില്‍ ഐഎഫ്എഫ്‌കെ ചെയ്ത് കഴിവു തെളിയിച്ച ആളുമായിരുന്നു. അതുകൊണ്ടുതന്നെ ആ പാനലിന്റെ തീരുമാനം അംഗീകരിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടു തോന്നി. ഇനി ഇത്തരമൊരു സ്ഥലത്ത് നില്‍ക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ രാജിവച്ചു.
അവിടെനിന്നും എങ്ങോട്ടാണ് പോയത്
ഉള്ളിലൊരു വാശിയായിരുന്നു, കേരളം വിട്ട് ഏറ്റവും വലിയ ഫെസ്റ്റിവലിലേക്ക് പോകണമെന്ന്. ഞാന്‍ ഇഫിക്ക് ഒരു മെയില്‍ അയച്ചു. ആ സമയം അവിടെ ഒരു ഒഴിവ് ഉണ്ടായിരുന്നു. ശങ്കര്‍ മോഹന്‍ സാര്‍ വര്‍ഷങ്ങളോളം ഫെസ്റ്റിവല്‍ ഡയക്ടറായിരുന്ന ശേഷം വിരമിച്ചിരുന്നു. അതിനു ശേഷം ആ പോസ്റ്റിലേക്ക് കൃത്യമായൊരാളെ കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. എന്റെ പ്രൊഫൈല്‍ അധികൃതര്‍ക്ക് ഇഷ്ടമായി. എന്നോടു ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. സീനിയര്‍ ഫിലിം പ്രോഗ്രാമര്‍, ഹെഡ് ഓഫ് പ്രോഗ്രാമര്‍ തുടങ്ങിയ സ്ഥാനപ്പേരുകളേ ഉപയോഗിക്കാനാകൂ എന്നും പറഞ്ഞു. ഞാന്‍ ഓ.കെ പറഞ്ഞു. അങ്ങനെ ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കാളിയായി. ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ ഒരു ടാഗ് ഇല്ലെന്നേയുള്ളു. പക്ഷേ ജോലി അതുതന്നെയായിരുന്നു. ജൂറി ആയാലും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡായാലും പ്രമുഖരെ കൊണ്ടുവന്നതൊക്കെ ഞാനാണ്. ആ ഒരു കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നു. അതിനു ശേഷം കേരളത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നപ്പോള്‍ ഇങ്ങനെയൊരു ഒഴിവ് വന്നു. എന്നെ അവര്‍ പരിഗണിക്കുകയും ഞാനത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഐഎഫ്എഫ്‌കെയിലേക്ക് മടങ്ങി എത്തിയത്.
നേരത്തെ കേരളം ദീപികയെ തഴയാനുള്ള വ്യക്തമായ കാരണം എന്തെന്നു മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ
ചെറിയ പ്രായമല്ലേ, ഇനിയും സമയമുണ്ടല്ലോ എന്നു പറഞ്ഞാണ് എന്നെ മാറ്റിനിര്‍ത്തിയിരുന്നത്. ലോകത്തെ ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഞാനാണ്. ഒരുപക്ഷേ ആ പോസ്റ്റിലേക്ക് ആളുകള്‍ എത്തുന്നത് അവരുടെ കരിയറിലെ അവസാന ഘട്ടത്തിലാകാം. പലര്‍ക്കും ഓരോ തരത്തിലാണ് അവസരങ്ങള്‍ ഉണ്ടാകുന്നത്. എന്റെ 28ാം വയസിലാണ് ഐഎഫ്എഫ്‌കെ കണ്‍സീവ് ചെയ്യുന്നത്. അത്തരം അവസരങ്ങള്‍ എന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കിട്ടിയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ അതിനുള്ള ധൈര്യം അവര്‍ക്കുണ്ടായിക്കാണില്ല. അന്ന് എനിക്കു സാധിച്ചത് ഒരുപക്ഷേ അന്നത്തെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്കും അന്നത്തെ മന്ത്രിക്കും എല്ലാം എന്നിലുണ്ടായിരുന്ന വിശ്വാസമാണ്.
ഇപ്പോള്‍ ദീപികയെ സഹായിക്കാന്‍ പ്രത്യേക ടീമുണ്ടോ
ഇപ്പോള്‍ പോലും എനിക്കൊരു പ്രോഗ്രാമിംഗ് ടീമില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായത്. സിനിമകള്‍ കാണാനുള്ള ഉത്തരവാദിത്തവും എന്നില്‍ മാത്രമാണ്. ചലച്ചിത്ര അക്കാഡമിയിലെ ജോലിയുടെ അളവിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇഫിയില്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. ഇഫിയിലെ എക്‌സ്പിരിയന്‍സ് ഇവിടെ ഏറെ സഹായിച്ചിട്ടുണ്ട്. ഇഫിയില്‍ സാമ്പത്തിക പരാധീനതയില്ല. കേരളത്തിലാകട്ടെ, ഏതെങ്കിലും ഒരു ഗസ്റ്റിനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ പണച്ചെലവ് കൂടി ചിന്തിക്കണം. ടിക്കറ്റിന്റെ പണം, അല്ലെങ്കില്‍ വലിയ ഗസ്റ്റുകള്‍ വരുമ്പോള്‍ അവര്‍ക്ക് ഒരുക്കേണ്ട ഫെസിലിറ്റികള്‍, അവരുടെ കൂടെ വരുന്നവരുടെ ടീം ഇതൊക്കെ നോക്കിയേ ക്ഷണിക്കാനാകൂ. അത് കേരളത്തിന്റെ സാഹചര്യമാണ്. ഞാന്‍ ഇഫിയില്‍ പോകാതെ ഇവിടെ നിന്നിരുന്നുവെങ്കില്‍ സാമ്പത്തിക പരിമിതിക്കുള്ളില്‍ കൊണ്ടുവരാന്‍ പറ്റുന്നവരെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളു. എനിക്ക് എത്തിപ്പെടാന്‍ പറ്റുന്ന ആളുകളെ കൊണ്ടുവരിക എന്നതായിരുന്നു ഗോവയിലെ ലക്ഷ്യം. 50ാമത് ഇഫി ചെയ്യുമ്പോള്‍ ലോകത്ത് എനിക്ക് കൊണ്ടുവരാന്‍ പറ്റാത്ത സംവിധായകര്‍ ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മാനേജര്‍മാരുമായി ബന്ധപ്പെട്ട ഡാറ്റാ ബേസ് എന്റെ കൈയില്‍ എത്തി. ഇന്നിപ്പോള്‍ ഏത് ഫിലിം മേക്കര്‍ക്കും ഒരു ഇന്‍വിറ്റേഷന്‍ അയ്ക്കാന്‍ നേരിട്ട് അയ്ക്കാന്‍ എനിക്ക് കഴിയും. തീര്‍ച്ചയായും അവരില്‍ നിന്ന് എനിക്ക് പ്രതികരണവും ലഭിക്കും. ആ രീതിയിലേക്ക് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചത് ഇഫി പോലുള്ള വലിയ ലോകത്ത് എത്തിയതുകൊണ്ടാണ്.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അതിഥികളെ ക്ഷണിക്കുന്ന രീതി എങ്ങനെയാണ്
ഇഫിയില്‍ നേരത്തെ ടാലന്റ് ഏജന്‍സി എന്ന വിദേശ കമ്പനിയായിരുന്നു വലിയ ഗസ്റ്റുകളെ കൊണ്ടുവന്നിരുന്നത്. പക്ഷേ ഞാന്‍ ജോയിന്‍ ചെയ്ത വര്‍ഷം ടാലന്റ് ഏജന്‍സിയുമായുള്ള കരാര്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഗസ്റ്റുകളെ കൊണ്ടുവരേണ്ട ഉത്തരവാദിത്തം എനിക്കു തന്നു. ഒരുവര്‍ഷം നന്നായി നടക്കുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാര്‍ സംവിധാനമായതിനാല്‍ അടുത്ത വര്‍ഷം അതിന്റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കും. ഒരാള്‍ ഭംഗിയായി അത് കൈകാര്യം ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിനാണ് നമുക്ക് ഇത്രയും കാശ് മുടക്കി ഒരു ഏജന്‍സിയെന്ന് സര്‍ക്കാര്‍ ചിന്തിച്ചുകാണും. എനിക്ക് അതൊരു അധിക ഭാരമായിരുന്നു. പ്രോഗ്രാമിംഗും ചെയ്യണം വലിയ ഗസ്റ്റുകള്‍ എത്തുന്നുണ്ടെന്നത് ഉറപ്പുവരുത്തുകയും വേണം. ക്ഷണക്കത്ത് പോയാല്‍ മാത്രം പോര ആള്‍ ഇവിടെ എത്തുകയും വേണം. അവരെ ബോധ്യപ്പെടുത്തണം. ആ രീതിയിലൊക്കെ വളരാന്‍ പറ്റിയത് ഇഫിയില്‍ പോയതുകൊണ്ടാണ്. ഗോവയില്‍ വളരെ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ അതൊക്കെ നോക്കിക്കാണുമ്പോള്‍ എന്തു തോന്നുന്നു
അധ്യാപികയായിരുന്ന എന്റെ മമ്മിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഐഎഫ്എഫ്‌കെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി കാണണമെന്നുള്ളത്. ഏറെ പ്രതീക്ഷിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം കിട്ടാതെ വിഷമിക്കുമ്പോള്‍ സാരമില്ല, പോട്ടേ, നമുക്കത് നേടിയെടുക്കാമെന്നൊക്കെ മമ്മി ആശ്വസിപ്പിക്കുമായിരുന്നു. അപ്പോള്‍ എനിക്ക് മമ്മിയെ വിട്ടുപോകാന്‍ ബുദ്ധിമുട്ടായിരുന്നു. 50ാം ഇഫി ചെയ്തു വന്നപ്പോഴാണ് അമ്മയ്ക്ക് ക്യാന്‍സറാണെന്നു കണ്ടെത്തിയത്. അപ്പോള്‍ തിരിച്ചു പോകുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അമ്മയെ നോക്കണം. ചേച്ചി ന്യൂസിലാന്‍ഡിലാണ് താമസം. അങ്ങനെ തിരുവനന്തപുരത്തു തന്നെ നിന്നു.
ആ സമയത്താണ് കോവിഡും ലോക്ക്ഡൗണുമൊക്കെ വന്നത്. ആ സമയത്ത് വീട്ടിലിരുന്ന് ഓണ്‍ലൈനായി മേളകളുടെ ഭാഗമാകാനുള്ള അവസരം എനിക്കു ലഭിച്ചു. വിദേശ ചലച്ചിത്ര മേളകളുമായി അസോസിയേറ്റ് ചെയ്യാന്‍ പറ്റി. അമ്മയ്ക്ക്് അസുഖം കൂടി, ആരോഗ്യം വളരെ മോശമായി. അപ്പോഴും ഒരു ആഗ്രഹമായി അമ്മ പറഞ്ഞിരുന്നത് ആര്‍ട്ടിസ്റ്റിക് ഡയറക്ടറാകണമെന്നായിരുന്നു. അവസാന നിമിഷം വരെയും അത് പറഞ്ഞിരുന്നു. പക്ഷേ അമ്മ പോയിക്കഴിഞ്ഞാണ് ഈ അവസരം എന്നെ തേടിയെത്തിയത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആകെയുള്ളൊരു സങ്കടം എന്റെ മമ്മി ഇല്ലെന്നുള്ളതാണ്. കഴിഞ്ഞ മേയിലാണ് അമ്മ മരിച്ചത്. ഞാന്‍ ഐഎഫ്എഫ്‌കെയില്‍ ജോയിന്‍ ചെയ്തത് സെപ്റ്റംബര്‍ ആദ്യം. അച്ഛന്‍ ക്രിമിനല്‍ അഡ്വക്കേറ്റായിരുന്നു.
ജേര്‍ണലിസം തിരഞ്ഞെടുക്കാന്‍ കാരണം
എനിക്ക് ഇംഗ്‌ളീഷ് ഭാഷ വളരെ ഇഷ്ടമായിരുന്നു. പത്താം ക്‌ളാസായാലും പ്‌ളസ് ടു ആയാലും എനിക്ക് ഇംഗ്‌ളീഷിന് ഹൈ സ്‌കോറാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴൊന്നും ജേര്‍ണലിസ്റ്റ് ആകണമെന്നു വിചാരിച്ചിരുന്നില്ല. ഏതോ ഒരു പോയിന്റില്‍ അങ്ങനെ തോന്നി. എന്റെ ചേച്ചി എന്‍ജിനീയറിംഗ് പഠിച്ച ആളാണ്. ചേച്ചിയുടെ കഷ്ടപ്പാട് ഞാന്‍ കാണുമായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇതു നടക്കില്ലെന്ന്. പിന്നെ സേഫായുള്ളത് ജേര്‍ണലിസമായിരുന്നു. അങ്ങനെ ജേര്‍ണലിസം തിരഞ്ഞെടുത്തു. അല്ലാതെ ഈ മേഖലയോടുള്ള പാഷന്‍ കൊണ്ടൊന്നുമല്ല.
സിനിമയെ എത്രത്തോളം മനസിലാക്കാന്‍ സാധിച്ചു
ഐഎഫ്എഫ്‌കെയില്‍ വലിയ ഗസ്റ്റുകള്‍ക്കൊപ്പം ജൂറി സെക്രട്ടറിയായും ഇരുന്ന ആളാണ് ഞാന്‍. അവര്‍ വരുന്ന സമയം മുതല്‍ തിരിച്ചു പോകുന്നതുവരെ കൂടെയുണ്ടായിരുന്നു. ഞാന്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതുതന്നെ മാസ്റ്റര്‍ ഫിലിം മേക്കേഴ്‌സുമായിട്ടായിരുന്നു. അവരുടെ വിഷന്‍, ചിന്തകള്‍ ഇതൊക്കെ മനസ്സിലായി. ഞാന്‍ ഐഎഫ്എഫ്‌കെയില്‍ 12ാം വര്‍ഷമാണ്. ഒന്നും അറിയാതെ തുടങ്ങിയ എനിക്ക് സിനിമാ മേഖലയിലെ അന്താരാഷ്ട്ര പ്രശസ്തരുമായി അടുത്തിടപഴകാനും അതുവഴി ലോകസിനിമയെ മനസ്സിലാക്കാനുമായി. ഇതുവരെ 700 ഓളം ചലച്ചിത്രപ്രവര്‍ത്തകരെ അടുത്തറിയാനായി. ഓരോ രാജ്യത്തിന്റെ സിനിമകളും ഫിലിം മേക്കേഴ്‌സിന്റെ രീതികളും മനസിലായി. ഓരോ വര്‍ഷം കഴിയുന്തോറും ആളുകളുടെ എണ്ണവും കൂടിക്കൂടി വരും. മൊത്തത്തില്‍ ഈ പ്രൊസസിംഗ് ആകര്‍ഷിക്കുന്നതാണ്.
ദീപികയുടെ പാഷന്‍ ഇഷ്ടപ്പെടുന്ന ആളാണോ ഭര്‍ത്താവ്
അതെ. ഐഎഫ്എഫ്‌കെയില്‍ ഗസ്റ്റ് റിലേഷന്‍സിലാണ് ഭര്‍ത്താവ് അര്‍ജുന്‍. ഇഫിയില്‍ പ്രോഗ്രാമറായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ തിയേറ്റര്‍ മാസ്റ്റര്‍ ചെയ്ത ആളാണ്. ഇപ്പോള്‍ കൂടുതലും ഇന്ത്യന്‍ ഫിലിമുകള്‍ പുറത്തെ ഫെസ്റ്റിവലുകളില്‍ പ്രമോട്ട് ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയാണ്. 2010 മുതല്‍ അര്‍ജുന്‍ ഐഎഫ്എഫ്‌കെയില്‍ ഗസ്റ്റ് റിലേഷന്‍സ് വിഭാഗത്തില്‍ ജോലിചെയ്യുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ കസിന്‍ ബ്രദറാണ്.
ബെലാ ഥാറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കൊടുക്കാനുള്ള തീരുമാനത്തിനു പിന്നില്‍
ബെലാ ഥാറിന് ഇന്ത്യയില്‍ വലിയൊരു ആരാധകവൃന്ദം ഉണ്ട്. ഇപ്പോഴത്തെ തലമുറ എത്രത്തോളം അദ്ദേഹത്തിന്റെ സിനിമകളെ കാണുന്നുവെന്നറിയില്ല. യുവതലമുറ ഇത്തരം സിനിമകളെ അറിയുമോ എന്നറിയില്ല. ഇഫിയില്‍ ബലാഥാറിനെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു. ആ സമയത്ത് കമ്മിറ്റിയില്‍ ഇരുന്ന ആരോ ബെലാഥാറോ ഇന്ത്യയിലോ... എന്ന് ആശ്ചര്യപ്പെട്ട് ചോദിച്ചു. അത് ഞാന്‍ ശ്രദ്ധിച്ചു. അന്ന് എനിക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ സാധിച്ചില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് എത്താന്‍ സാധിക്കാത്തത്. പക്ഷേ ആ ഒരു പേഴ്‌സണല്‍ കോണ്ടാക്റ്റ് എനിക്കുണ്ടായിരുന്നു. ഇനിയൊരു അവസരം കിട്ടുകയാണെങ്കില്‍ ബെലാഥാറിനെ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഐഎഫ്എഫ്‌കെയില്‍ അക്കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാവരും അംഗീകരിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചത്.
ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ശേഷമുള്ള ആദ്യമേളയാണല്ലോ
ഷെഡ്യൂളുകളെ കുറിച്ച് വ്യാപകമായി പരാതി പറയാറുണ്ട്. സംഘാടകരുടെ പ്രയാസങ്ങള്‍ മനസിലാകാത്തതുകൊണ്ടാണത്. ഞാന്‍ ചെയ്ത പ്രോഗ്രാം നല്ലതാണെന്ന് എനിക്കു പറയാനാകില്ല. ഡെലിഗേറ്റുകള്‍ വന്നു കണ്ട് ഇഷ്ടപ്പെടുമ്പോഴാണ് ആ മാറ്റങ്ങള്‍ മനസിലാകൂ. എന്റെ ചോയിസുമായി നൂറശതമാനവും യോജിക്കുന്നവരായിരിക്കില്ലല്ലോ ഈ 12,000 ഡെലിഗേറ്റുകളും. അതൊക്കെ മനസിലാക്കിയാണ് എല്ലാം ചെയ്യുന്നത്. സിനിമകള്‍ കൊണ്ടുവരാന്‍ അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. ഉദ്ഘാടന ചിത്രമായി വച്ചിരുന്നത് ഇനാര്‍ത്തുവിന്റെ ബാര്‍ദോയാണ്. പക്ഷേ ഡിസംബര്‍ 16ന് നെറ്റ് ഫ്‌ളിക്‌സില്‍ റിലീസാണ്. അപ്പോള്‍ അതൊരു വലിയ വിഷയമായി മാറി. അവരില്‍ നിന്നും റൈറ്റ്‌സ് കിട്ടില്ല. അതുകൊണ്ടാണ് മറ്റൊരു സിനിമ ഉദ്ഘാടന ചിത്രമാക്കിയത്.
ഇഫിയില്‍ വിവേക് അഗ്നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച് ജൂറിയുടെ പരാമര്‍ശം വിവാദമായല്ലോ
ഏതൊരു ജൂറിക്കും അവരുടേതായ അഭിപ്രായപ്രകടനം നടത്താനുള്ള അവകാശമുണ്ട്. നതാവില്‍ ആര്‍പ്പിടിന് ഒരു പ്രൊപ്പഗാന്‍ഡ ഫിലിം ആണെന്ന് തോന്നിയതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായം സ്റ്റേജില്‍ വന്നു പറഞ്ഞതാണ് വിവാദമായത്. ഫ്രീഡം ഓഫ് സ്പീച്ച് എന്നു നമ്മളൊക്കെ വിശ്വസിക്കുന്ന സമയത്ത് അദ്ദേഹം അതേക്കുറിച്ച് കമന്റ് ചെയ്തതില്‍ ഒന്നും പറയാനില്ല. പക്ഷേ ആ മേളയുടെ നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം അത് അവരെ വലിയ കുഴപ്പത്തിലാക്കിയിട്ടുണ്ടാകാം. എനിക്കു മനസിലാകാത്ത ഒരു കാര്യം, ഇഫിയില്‍ ഒരിക്കലും ജൂറി ചെയര്‍മാന് സംസാരിക്കാന്‍ അവസരം കൊടുക്കില്ലായിരുന്നു. എന്തുകൊണ്ട് അദ്ദേഹം ആദ്യമായി സംസാരിച്ചു എന്നത് വളരെ സര്‍പ്രൈസിംഗ് ആയിരുന്നു. എനിക്കു തോന്നിയത് ജൂറി ചെയര്‍മാന്‍ ഇസ്രായേലില്‍ നിന്നുള്ളതായതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും അനുകൂലമായ പ്രസ്താവനകള്‍ പ്രതീക്ഷിച്ചതുകൊണ്ടായിരിക്കാം സ്റ്റേജിലേക്കു കയറ്റിയതെന്ന് ഞാന്‍ ചിന്തിച്ചു. ഇതിനു മുമ്പ് ഇങ്ങനെയൊരു അവസരം ആര്‍ക്കും കൊടുത്തിട്ടില്ല. നടത്തിപ്പുകാര്‍ എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം എന്നാല്‍ അതിനു വിപരീതമായി സംഭവിച്ചു എന്നതാണ് കാര്യം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമയുടെ രാഷ്ര്ടീയം അറിഞ്ഞിട്ടുണ്ടാകില്ല.
ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി വന്നപ്പോള്‍ എന്തെങ്കിലും സമ്മര്‍ദ്ദം വന്നിട്ടുണ്ടോ
ചിലര്‍ വന്നു പറയും, ഒരു കാര്യം ഓര്‍ക്കണം, ബീനാ പോളിനെയാണ് റീപെ്‌ളയ്‌സ് ചെയ്യുന്നത് എന്നൊക്കെ. ആദ്യ മീറ്റിംഗില്‍ ചെയര്‍മാന്‍ രഞ്ജിത്ത് സാര്‍ പോലും പറഞ്ഞിട്ടുണ്ട്. ഇത്രയും വര്‍ഷമായി അക്കാഡമിയില്‍ നിന്ന ഒരാള്‍ പെട്ടെന്ന് മാറുമ്പോള്‍ ഉണ്ടാകാവുന്ന സംശയമാകാം. കുറേ ആളുകള്‍ക്ക് എന്നെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി അംഗീകരിക്കാന്‍ പറ്റില്ലായിരിക്കാം. അവരുടെയൊക്കെ മനസില്‍ അത്രത്തോളം ബീനാ പോള്‍ പതിഞ്ഞിട്ടുണ്ടാകാം. 25 വര്‍ഷം വരെ ആ പദവി കൈകാര്യം ചെയ്തുവെന്നത് വലിയ കാലയളവാണ്. ബീനയെ സപ്പോര്‍ട്ട് ചെയ്ത ആളുകളുടെ പിന്തുണ എനിക്കുണ്ടാകില്ലെന്നും എന്നോടു പറഞ്ഞിട്ടുണ്ട്.
ദീപികയുടെ മേഖല ഇനി സനിമ തന്നെയാണോ
തീര്‍ച്ചയായും. എന്റെ ലക്ഷ്യം കാനിലെത്തണമെന്നതാണ്. അവിടെ പ്രോഗ്രാമറാകണം. എന്റെ ഇഷ്ടപ്പെട്ട മേള ആയതുകൊണ്ടല്ല. സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകില്ലേ, കാനിലേക്കെത്തണമെന്നത്. ആ മേളയ്ക്കു കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. പിന്നെ ഇന്ത്യന്‍ സിനിമകള്‍ മറ്റു രാജ്യങ്ങളിലെത്തിച്ച് വലിയൊരു റീച്ച് കൊടുക്കാന്‍ പറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും ആഗ്രഹമുണ്ട്. ഇവിടെയുള്ള സിനിമകള്‍ക്കും പുറത്ത് പ്‌ളാറ്റ്‌ഫോം വേണം. നമ്മുടെ സിനിമകള്‍ക്ക് നല്ലൊരു മാര്‍ക്കറ്റുണ്ട്. എത്രയോ നല്ല സിനിമകള്‍ ഒടിടിയിലും തിയേറ്ററുകളിലും വരുന്നുണ്ട്. പക്ഷേ അതൊന്നും ഫെസ്റ്റിവലുകളില്‍ എത്താറില്ല. അതിനു കാരണം നമുക്ക് വലിയൊരു ഓഡിയന്‍സുണ്ടെന്നതാണ്. ലാറ്റിനമേരിക്കന്‍ സിനിമകള്‍ക്ക് അത്തരമൊരു ഓഡിയന്‍സില്ല. അവര്‍ക്ക് ഇത്തരം ഫെസ്റ്റിവലുകളാണ് മാര്‍ക്കറ്റ്. നമ്മുടെ സിനിമകള്‍ക്ക് ഫെസ്റ്റിവലുകളില്‍ അവസരമുണ്ടാക്കിയെടുക്കണമെന്നാണ് ആഗ്രഹം.