By അരവിന്ദ്.13 Feb, 2021
ചലച്ചിത്രമേള കൂടുതല്‍ ജനകീയമാകണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. പണമടച്ച് പ്രതിനിധികള്‍ ആകാന്‍ കഴിയാത്ത സിനിമാ ആസ്വാദകരുമുണ്ട്. തിരുവനന്തപുരത്ത് വന്നു താമസിച്ച് മേള കാണാന്‍ കഴിയാത്തവരെ കൂടി പരിഗണിക്കേണ്ടതാണ്. താമസ സൗകര്യം അടക്കം നല്‍കി മേളയില്‍ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും ചലച്ചിത്രമേള ആസ്വദിക്കാനാകും. വരും വര്‍ഷങ്ങളില്‍ അത്തരമൊരു സംവിധാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുതെന്നും സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു.
25 വര്‍ഷങ്ങള്‍, മേളയ്ക്കുണ്ടായ മാറ്റങ്ങള്‍?
ആദ്യമായി തിരുവനന്തപുരത്ത് ലോക സിനിമകള്‍ ഉള്‍പ്പെടുത്തി മേള സംഘടിപ്പിച്ചത് ഞങ്ങളുടെ നേതൃത്വത്തിലായിരുന്നു. രണ്ടു തവണ കൈരളിയിലും ടാഗോറിലുമായി അത്തരമൊരു നീക്കമുണ്ടായി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ സഹായവുമില്ലാതെയാണ് അത് സംഘടിപ്പിച്ചത്. അന്നുണ്ടായ ജനപങ്കാളിത്തമാണ് ഐഎഫ്എഫ്‌കെ എന്ന നിലയിലേയ്ക്ക് മേള എത്താന്‍ കാരണം. പിന്നീട് ഓരോ വര്‍ഷങ്ങളിലും മാറ്റങ്ങള്‍ പ്രകടമായി. കൂടുതല്‍ പേരെ ഉള്‍ക്കൊണ്ടു. കൂടുതല്‍ സിനിമകളെത്തി. ചലച്ചിത്ര അക്കാഡമി മേളയുടെ നടത്തിപ്പുകാരായി എത്തി. ഇന്നു മികച്ച മേളയാണ് നടക്കുന്നത്.
മേളയിലെ സിനിമകള്‍ക്കും മാറ്റങ്ങളുണ്ടായോ?
സിനിമയ്ക്ക് മികച്ച മാറ്റങ്ങളുണ്ടായി. സാങ്കേതിക വിദ്യ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ അത് കൂടുതല്‍ സ്വാധീനിക്കുകയും ചെയ്തു. സാങ്കേതികത പൂര്‍ണമായും ഉപയോഗിക്കുമ്പോള്‍ വളരെയധികം മാറ്റങ്ങള്‍ സിനിമയ്ക്ക് വരുന്നുണ്ട്. സാങ്കേതിക നിലവാരം ഉയരുകയുമാണ്. എന്നാല്‍, ഞാനൊരു പഴയ ആളായത് കൊണ്ടാകാം, പഴയ രീതിയില്‍ സ്വാധീനിക്കുന്ന സിനിമകളുണ്ടാകുന്നോ എന്നു സംശയിക്കുന്നു. കലാമൂല്യമുള്ള സിനിമകള്‍ കാണാന്‍ ആഗ്രഹമുണ്ട്. ജീവിതങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍, വൈകാരിക അടുപ്പം തോന്നുന്ന ചിത്രങ്ങളും ആവശ്യമാണ്.
മേളയില്‍ നിന്നുള്ള അനുഭവങ്ങള്‍ പ്രതിനിധികള്‍ പ്രയോജനപ്രദമാക്കുന്നുണ്ടോ?
ചലച്ചിത്രമേളയിലെ പ്രതിനിധികളായെത്തി സിനിമാ പ്രവര്‍ത്തകരായി മാറിയ നിരവധി പേരുണ്ട്. ചലച്ചിത്രമേളയിലൂടെ മികച്ച ചിത്രങ്ങള്‍ കണ്ടവര്‍ പിന്നീട് ഈ മേഖലയില്‍ ഉന്നതികളിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നും സിനിമ പഠിച്ച് സിനിമ നിര്‍മ്മിച്ച് ഈ മേളയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞവരുമുണ്ട്. അവരെ പോലുള്ള മികച്ച കലാകാരന്മാരെ സൃഷ്ടിക്കാന്‍ കേരള രാജ്യാന്തര മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പുതിയ തലമുറ ആവേശത്തോടെ മേളയെ സമീപിപ്പിക്കുന്നു. ലോകസിനിമ കാണാനും മാറ്റങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനും ഇവിടെ കഴിയുന്നു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി സിനിമാ പ്രവര്‍ത്തകരെയാണ് കേരള രാജ്യാന്തര മേള സൃഷ്ടിച്ചത്. അതാണ് മേളയുടെ പ്രയോജനം എന്തെന്ന് അന്വേഷിക്കുന്നവര്‍ക്കുള്ള മറുപടി.
മേള മറ്റു സ്ഥലങ്ങളിലേയ്ക്ക് കൂടി മാറ്റുന്നത് ഗുണകരമാണോ?
ഇന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ചലച്ചിത്ര അക്കാഡമിയും സര്‍ക്കാരും ഇത്തരമൊരു തീരുമാനമെടുത്തത്. എതിര്‍പ്പുകള്‍ രൂക്ഷമായിരുന്നു. ഇതിനെ ആദ്യം പിന്തുണയ്ക്കുകയും ഇത്തരത്തില്‍ മേള സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തെ പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ക്ക് മേള ആസ്വദിക്കാന്‍ കഴിയും. പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമാണിത്.