By Lakshmi priya.22 Mar, 2022
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം : രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള തലസ്ഥാനത്ത് തുടങ്ങിയത്. സംവിധായകനും നിര്‍മാതാവും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ ശേഷം നടക്കുന്ന ആദ്യ മേള കൂടിയാണിത്. മേളയുടെ നടത്തിപ്പിനെ കുറിച്ചും ഭാവന മേളയുടെ ഭാഗമായതിനെ കുറിച്ചും രഞ്ജിത്ത് കലാകൗമുദിയോടു സംസാരിക്കുന്നു.
കോവിഡ് ഭീതി മാറിയ ശേഷമുള്ള ചലച്ചിത്ര മേള ?
കോവിഡ് നന്നായി കുറഞ്ഞതിന്റെ പേരിലാണ് സര്‍ക്കാര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്താന്‍ അനുവാദം തന്നത്. തിയേറ്ററുകളില്‍ നൂറുശതമാനവും കാണികള്‍ക്ക് പ്രവേശനം അനുവദിച്ചു. അതിനാല്‍ പഴയകാലത്തെപ്പോലെ വലിയ ജനപ്രാതിനിധ്യം ഇത്തവണത്തെ മേളയ്ക്കുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഡെഗിലേറ്റുകള്‍ വന്ന് സിനിമ ആസ്വദിക്കുന്നുണ്ട്. ഇതിനെക്കാളുപരി ഒരു മേളയുടെ വിജയം എന്നു പറയുന്നത് നല്ല സിനിമകള്‍ ഉണ്ടോ ഇല്ലെയോ എന്നതാണ്. അത് അടിസ്ഥാനപരമായ ഏതൊരു പ്രേക്ഷകന്റെയും ചോദ്യമാണ്. ആ ചോദ്യത്തിന് ഉത്തരം, പ്രേക്ഷകര്‍ തന്നെ പറയുന്നുണ്ട്. നല്ല സിനിമകള്‍ തന്നെയാണ് മേളയിലുള്ളത്.
ചലച്ചിത്ര അക്കാഡമി ചെയര്‍മാനായപ്പോള്‍?
അതൊരു വലിയ സംഭവമൊന്നുമല്ല. ചലച്ചിത്ര അക്കാഡമിയില്‍ പ്രവര്‍ത്തിക്കുന്ന സിനിമയോട് അത്രയും വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്ന കുറേ ചെറുപ്പക്കാരുണ്ട്. വളരെ പ്രവര്‍ത്തിപരിചയമുള്ളവരാണ് അവര്‍. കൃത്യമായി അവര്‍ക്കറിയാം മേള എങ്ങനെ നടത്തണമെന്നത്. എന്നെ സംബന്ധിച്ച് ഞാനൊരു ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ അതു മനസിലാക്കാനും അതിനെ പ്രാവര്‍ത്തികമാക്കാനും അവര്‍ കാണിക്കുന്ന മിടുക്ക് വളരെ വലുതാണ്. അതിനു പുറകില്‍ നിന്നു സപ്പോര്‍ട്ട് ചെയ്യുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുണ്ട്. നമുക്കു തോന്നുന്ന ആശയം മറ്റുള്ളവരിലേക്ക് എത്തണം. അതിനായി ഞാന്‍ എക്‌സിക്യൂട്ട് ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ഒരുകൂട്ടം ചെറുപ്പക്കാല്‍ എന്റെ പുറകില്‍ നിന്ന് നന്നായി നടത്തുന്നു എന്നുള്ളതേയുള്ളു.
ഭാവന ഉദ്ഘാടന വേദിയില്‍ ?
കുര്‍ദിഷ് സംവിധായിക ലിസ ചാലനെ കുറിച്ച് മസിലാക്കുകയും അവരെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. ഞാന്‍ അക്കാഡമിയുടെ ഒരു മീറ്റിങ്ങില്‍ ഇത്തവണ നമുക്ക് സ്പിരിറ്റ് ഓഫ് സിനിമ എന്ന പുതിയൊരു അവാര്‍ഡ് കൊടുക്കണമെന്നും അത് ലിസയ്ക്കു തന്നെ നല്‍കണമെന്നും പറഞ്ഞു. കാരണം ഭീകരാക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും സിനിമാ പ്രവര്‍ത്തനങ്ങളുമായി ചക്രക്കാലുകളും വച്ച് പോകുന്ന അവരെയല്ലേ നമ്മള്‍ ആദരിക്കേണ്ടത് എന്ന് ഞാന്‍ മീറ്റിംഗില്‍ ചോദിച്ചു. അക്കാഡമിയിലെ എല്ലാവരും നല്ല തീരുമാനമാണെന്നാണ് എന്നോടു പറഞ്ഞത്. പിന്നെ അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തി. അതു കഴിഞ്ഞപ്പോഴാണ് ബംഗ്ലാദേശ് സിനിമയായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് എങ്കില്‍ എന്തുകൊണ്ട് ഭാവനയെ 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് കൊണ്ടുവന്നുകൂടാ എന്നൊരു തോന്നല്‍ എനിക്കുണ്ടായത്. ഭീകരാക്രമണത്തിന്റെ ഇരയാണ് ലിസ ചലന്‍. മറ്റെന്തിന്റെയോ ഇരയായ കുട്ടിയാണ് ഭാവന. മാത്രമല്ല ഇങ്ങനെയൊരാളെ പബ്ലിക്കില്‍ നിന്നും അകറ്റിനിര്‍ത്തുകയായിരുന്നില്ല. അവര്‍ സ്വയം മാറിനിന്നതായിരിക്കാം. അങ്ങനെയാണ് ഭാവനയെ കുറിച്ച് ഞാന്‍ ആലോചിച്ചത്. അതിനോടൊപ്പം തന്നെ മറ്റൊരു ഇരയാണ് അനുരാഗ് കശ്യപ്. സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ ധൈര്യമായി തുറന്നു പറയുന്നതിന്റെ പേരില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ആളാണ് അദ്ദേഹം. ഞാന്‍ പലപ്പോഴും ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുള്ളതാണ്, സ്ത്രീകള്‍ മാത്രമാണ് ഇരയാക്കപ്പെടുന്നത് എന്നു പറയുന്നത് തെറ്റാണ്. പുരുഷന്‍മാര്‍ക്ക് അതിന്റേതായ പ്രശ്‌നങ്ങളുണ്ട് എന്ന്. അങ്ങനെ അതിജീവിച്ചവരെ മേളയുടെ മുന്നിലേക്ക് കൊണ്ടുവരിക എന്നതാണ് ഉദ്ദേശിച്ചത്. ഈ മേളയുടെ തീം തന്നെ അതിജീവനം എന്നതാണല്ലോ.
മേളയിലേക്ക് ക്ഷണിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം?
എന്റെ സിനിമകളിലൊന്നും അവര്‍ അഭിനയിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ല. പക്ഷേ ഞാന്‍ വിളിച്ചപ്പോള്‍ വരാമെന്നാണ് അവര്‍ മറുപടി പറഞ്ഞത്. ഒരു ആശങ്ക അവര്‍ പങ്കുവച്ചിരുന്നു. ''എനിക്കു പേടിയാണ് സാര്‍. മീഡിയ എല്ലാവരും വളഞ്ഞാല്‍ എനിക്കത് ഹാന്‍ഡില്‍ ചെയ്യാനറിയില്ല. ഞാന്‍ ചിലപ്പോള്‍ ഇമോഷണലായിപ്പോകും'' ഇതായിരുന്നു അവരുടെ ആശങ്ക. അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു, ''അങ്ങനെയൊരു സിറ്റുവേഷനില്‍ പെടാതെ നോക്കിക്കോളാം. മീഡിയയോട് തത്കാലം ഭാവന വരുന്ന കാര്യം പറയുന്നില്ല. എന്തായാലും അവര്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടാകും. അന്നേരം ഭാവനയ്ക്കു തീരുമാനിക്കാം എന്താ വേണ്ടതെന്ന്''. അതല്ലാതെ നാടകീയമായി ഭാവനയെ അവതരിപ്പിച്ചതൊന്നുമല്ല. അവര്‍ റിക്വസ്റ്റ് ചെയ്തതിനാലാണ് ഭാവന വരുന്ന കാര്യം മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചത്.
ഡബ്ല്യുസിസിയുടെ എന്തെങ്കിലും നിര്‍ദ്ദേശം?
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തകയാണല്ലോ ഈ മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോള്‍. ബീനയോട് ഈ ആശയം മുന്നോട്ടു വച്ചപ്പോള്‍ അവര്‍ എന്നോട് ഒരു സംശയം ചോദിച്ചു. ഭാവന വരുമോ എന്നതായിരുന്നു ബീനയുടെ സംശയം. ഞാന്‍ ഭാവനയെ വിളിക്കാമെന്ന് ബീനയോടു പറഞ്ഞു. അങ്ങനെയെങ്കില്‍ ഒന്നു വിളിക്കൂ എന്ന് ബീനയും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഭാവനയെ വിളിച്ചത്. അവര്‍ എന്നോട് രണ്ടു ദിവസം സമയം ചോദിച്ചു. ഷൂട്ടിംഗ് ഉണ്ടെന്നും അതിന്റെ ഡേറ്റുകള്‍ നോക്കേണ്ടതുണ്ടെന്നുമായിരുന്നു ഭാവന ആദ്യം പറഞ്ഞത്. രണ്ടു ദിവസത്തെ സമയം ചോദിച്ചപ്പോള്‍ ഒരുപക്ഷേ വരില്ലേ എന്നതായിരുന്നു എനിക്കുണ്ടായ സംശയം. അവര്‍ ചോദിച്ച രണ്ടു ദിവസത്തിലെ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഞാനൊരു മെസേജ് അയച്ചു, ഒരു ദിവസം കഴിഞ്ഞൂ എന്ന്. അപ്പോള്‍ ഒരു ചിരിയുടെ സിംപല്‍ ഇട്ടിട്ട് ഭാവന പറഞ്ഞത്, ഒരു ദിവസം കൂടിയുണ്ട് സാര്‍ എന്നായിരുന്നു. അതിനു പിന്നാലെ അവര്‍ ഈ മേളയില്‍ വരാമെന്നും ഏറ്റു.
വന്നു പോയതിനു ശേഷം ഭാവനയുടെ പ്രതികരണം ?
സത്യത്തില്‍ അതിനു ശേഷം ഞാന്‍ അവരെ ഫോണ്‍ ചെയ്തിട്ടില്ല. എന്റെ കൂടെ സിബി മലയിലും കമലും അന്ന് ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു. അവര്‍ പുറകില്‍ ഇരിക്കുകയായിരുന്നു. ഭാവനയെ ഞാന്‍ വേദിയിലേക്ക് അനൗണ്‍സ് ചെയ്തപ്പോള്‍ അവരുടെ മുഖത്ത് അമ്പരപ്പായിരുന്നു. കാരണം ഞാന്‍ അവരോട് അതുവരെ അക്കാര്യം പറഞ്ഞിരുന്നില്ല. കമലാണ് ഭാവനയെ സിനിമയില്‍ അവതരിപ്പിച്ചത്. ഉദ്ഘാടന പരിപാടി കഴിഞ്ഞ് കമലിനെ കണ്ടപ്പോള്‍ ഭാവന കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ആ സ്‌പേസ് അവര്‍ക്കങ്ങ് വിട്ടുകൊടുത്ത് ഞാനങ്ങ് മാറുകയാണ് ചെയ്തത്.ഇപ്പോഴത്തെ പുകിലെല്ലാം ചിലരുടെ ഭാവന മാത്രമാണ്.
സിനിമയിലെ അതിക്രമങ്ങള്‍ പരാതിയാകാത്തതെന്ത്?
അതിന്റെ ഓരോന്നിന്റെയും പുറകിലെ കാര്യങ്ങള്‍ അന്വേഷിച്ചു പോയാല്‍ എന്തുകൊണ്ടാണ് അവര്‍ പരാതി പറയാത്തതെന്ന് മനസിലാകും. അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യതയാണ്.
ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച്?
ജസ്റ്റിസ് ഹേമ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണം എന്നതാണ്. അത് മലയാള സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമ ഷൂട്ടിംഗ് തുടങ്ങ് അവസാനിക്കുന്നതുവരെ അതിന്റെ ഭാഗമാകുന്ന പെണ്‍കുട്ടികള്‍ക്കും, അത് നടിമാര്‍ മാത്രമെന്നില്ല സിനിമയിലെ മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ കമ്മിറ്റിയില്‍ അവതരിപ്പിക്കാമെന്നും പരിഹരിക്കാവുന്നതുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിലപ്പോള്‍ ഒരു മാപ്പുപറച്ചിലില്‍ തീരാവുന്നതാണെങ്കില്‍ അതവിടെ അവസാനിക്കും. അതിനപ്പുറത്തേക്കുള്ള വയലന്‍സും കാര്യങ്ങളുമാണെങ്കില്‍, അതൊന്നും സിനിമാ ഷൂട്ടിംഗില്‍ സംഭവിക്കുക അസാധ്യമാണ്ട. എന്നാല്‍ അതിനപ്പുറത്തേക്ക് സംഭവിക്കുകയാണെങ്കില്‍ ഒന്നു ഗുണദോഷിച്ചു വിട്ടാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ഇവിടെ നിയമമുണ്ടെന്നും പൊലീസുണ്ടെന്നുമൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിനപ്പുറത്തേക്കു പോവുകയാണെങ്കില്‍ പൊലീസ് ഇടപെടും, കേസ് രജിസ്റ്റര്‍ ചെയ്യും. ഇത് എല്ലായിടത്തും വേണം.