Saturday 09 December 2023




എവിടെയായിരുന്നു ഇത്രയും നാള്‍? സംഗീതവഴികളെ കുറിച്ച് കണ്ണൂര്‍ ഷെരീഫ്

By Web Desk.02 Mar, 2022

imran-azhar

 

ഫൈസല്‍ അസീസ്

 

മുഹമ്മദ് റഫി സാഹിബിന്റെ കടുത്ത ആരാധകനായിരുന്നു കണ്ണൂരുകാരന്‍ മൂസകുട്ടി. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെട്ടയാള്‍. അദ്ദേഹത്തെ പോലെയാണ് മക്കള്‍ മൂന്ന് പേരും. സംഗീത പ്രേമികള്‍. മൂന്ന് പേരില്‍ രണ്ടാമന്‍ മാത്രമാണ് സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തത്. പില്‍കാലത്ത് ലോക മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തു കണ്ണൂര്‍ ഷെരീഫ് എന്ന ഗാ.കന്‍. കല്യാണ വീടുകളില്‍ മാത്രം ഒതുങ്ങിപോയ മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് വളരെ വൈകിയായിരുന്നു. നാലാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തില്‍ കഷ്ടപ്പാട് വര്‍ധിച്ചുവെങ്കിലും സംഗീതത്തെ അദ്ദേഹം കൈവിട്ടിരുന്നില്ല. ജീവിതത്തിലെ സംഗീത വഴികളെ കുറിച്ച് കണ്ണൂര്‍ ഷെരീഫ് സംസാരിക്കുന്നു.

 

ആദ്യ ചുവടുവയ്പ്പ്

 

ഉപ്പ റഫിയുടെ കടുത്ത ആരാധകനായത് കൊണ്ട് ജ്യേഷ്ഠന് റഫി എന്നായിരുന്നു പേരിട്ടത്. അദ്ദേഹവും നന്നായി പാടുമായിരുന്നു. ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ പാട്ട് കേട്ടിരിക്കാറായിരുന്നു പതിവ്. അന്ന് മുതല്‍ മനസില്‍ കയറി കൂടിയതായിരുന്നു സംഗീതം. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ പാട്ടുകള്‍ പാടി അവരെ സന്തോഷിപ്പിക്കുകയായിരുന്നു എന്റെ പ്രധാന പരിപാടി. പിന്നീട് മദ്രസ പഠന കാലത്ത് ഉസ്താദായിരുന്നു എന്നിലെ പാട്ടകാരനെ മനസ്സിലാക്കി, എനിക്ക് ആദ്യമായി പാടാനുള്ള അവസരമൊരുക്കിയത്. അദ്ദേഹം പാട്ട് പഠിപ്പിക്കുകയും പിന്നീട് നിരവധി അവസരങ്ങള്‍ തരികയും ചെയ്തു.

 

മോന് നല്ല ഭാവിയുണ്ട്...

 

കണ്ണൂര്‍ സിറ്റി ഗവ.സ്‌കൂളിലെ അഞ്ചാം ക്ലാസ് പഠന കാലത്ത് ഈ ക്ലാസില്‍ പാട്ട് പാടുന്നവരാരൊക്കെയാണ് എന്ന മ്യൂസിക് ടീച്ചറുടെ ചോദ്യത്തിന് കുട്ടികളൊക്കെയും പറഞ്ഞത് എന്റെ പേരായിരുന്നു. ടീച്ചര്‍ എന്നോട് പാടാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഞാന്‍ പാടാന്‍ തയ്യാറായില്ല. കാരണം ചെറുപ്പം മുതല്‍ സഭാകമ്പമുള്ളയാളാണ് ഞാന്‍. എങ്കിലും ടീച്ചര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ ക്ലാസ് വിടാറായപ്പോള്‍ രണ്ട് വരി പാടി. പാടി കഴിഞ്ഞ ഉടന്‍ ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു. മോന് നല്ല ഭാവിയുണ്ട് ട്ട ഞാന്‍ വീട്ടില്‍ വരാം എന്നാണ് പറഞ്ഞത്. പിന്നീട് ടീച്ചര്‍ വീട്ടില്‍ വന്ന് ഉമ്മയെ കണ്ട് സംസാരിച്ചു. മോന് സംഗീതത്തില്‍ നല്ല ഭാവിയുണ്ട്. അവന് അത് ഒരുപാട് ഗുണം ചെയ്യും. അവന്റെ ജീവിതത്തിലും നിങ്ങളുടെ ജീവിതത്തിലും അതൊരുപാട് ഗുണം ചെയ്യും. ടീച്ചര്‍ ഉമ്മയോട് പറഞ്ഞു. ടീച്ചര്‍ പഠിപ്പിച്ചോളൂ കുഴപ്പമില്ല എന്ന് ഉമ്മയുടെ ഗ്രീന്‍ സിഗ്നല്‍. അന്നനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. പിന്നീട് ടീച്ചറുടെ വീട്ടില്‍ പോയാണ് സംഗീതം പഠിച്ചത്. വളരെ ഇഷ്ടമായിരുന്നു ടീച്ചര്‍ക്കെന്നെ. ഒരു മകനെ പോലെയായിരുന്നു ടീച്ചറെന്നെ പഠിപ്പിച്ചിരുന്നത്.

 

ഓര്‍ക്കസ്ട്ര ഒഫ് ജെബിഎസ്

 

ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു ടീച്ചറുടെ വീട്ടില്‍ പോയി സംഗീതം പഠിക്കാന്‍ തുടങ്ങിയത്. ആ പഠനം ദീര്‍ഘകാലം തുടര്‍ന്നു. പിന്നീട് പ്രീഡിഗ്രി പഠനം കണ്ണൂര്‍ പള്ളിക്കുന്നിലെ ജെബിഎസ് കോളേജിലായിരുന്നു. അവിടെ പഠിക്കുമ്പോഴായിരുന്നു കലോത്സവങ്ങളിലും മറ്റ് പരിപാടികളിലും പാടാന്‍ തുടങ്ങിയത്. എന്നെ പോലെ തന്നെ നിരവധി പാട്ട് പാടുന്ന വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടായിരുന്നു. ജെബിഎസിലെ അധ്യാപകര്‍ക്ക് എന്റെ പാട്ട് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ടീച്ചര്‍മാരുടെ മനസില്‍ തോന്നിയ ആശയമായിരുന്നു ഓര്‍ക്കസ്ട്ര ഒഫ് ജെബിഎസ് എന്ന ആദ്യ ട്രൂപ്പ്. വളരെ സജീവമായിരുന്ന മ്യൂസിക് ട്രൂപ്പായിരുന്നു അത്. അമ്പലത്തിലെ പരിപാടികളിലും ഉത്സവ പരിപാടികളിലും ട്രൂപ്പ് സജീവമായി.

 

അടുത്ത ചുവടുവയ്പ്പ്

 

ഓര്‍ക്കസ്ട്ര ഒഫ് ജെബിഎസ് എന്ന ട്രൂപ്പില്‍ വാദ്യോപകരണങ്ങള്‍ വായിക്കുവാന്‍ എത്തിയിരുന്നത് പുറത്ത് നിന്നുള്ള ആളുകളായിരുന്നു. അവര്‍ക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടു. അങ്ങനെ അവര്‍ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിച്ചു. മോനേ ക്ലബ്ബില്‍ വരണം, നിന്റെ പാട്ട് ഞങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അവിടുന്ന് ധാരാളം പഠിക്കാം. പ്രോഗ്രാം ഒക്കെ ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റും. നിന്റെ ഭാവിക്ക് അത് നന്നായി ഗുണം ചെയ്യും. എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ അവരുടെ ക്ലബ്ബില്‍ ചേര്‍ന്ന് പാടാന്‍ തുടങ്ങി. അവരുടെ പരിപാടികള്‍ക്കും പോകാന്‍ തുടങ്ങി. അതൊരു നല്ലൊരു അനുഭവമായിരുന്നു. അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞ് തരും. അക്ഷരങ്ങളുടെ ഉച്ചാരണം... എല്ലാം പറഞ്ഞ് തരുമായിരുന്നു.

 

രണ്ടാം ഗുരു

 

ക്ലബ്ബില്‍ പാടുന്നതിനൊപ്പം കോളേജിലെ പാട്ടും സജീവമാക്കി തന്നെ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ കോളേജിലെ പരിപാടിക്ക് വന്ന കണ്ണൂര്‍ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്ന എംഎന്‍ രാജീവ് സര്‍ എന്റെ പാട്ട് കേട്ടു. പാട്ട് പഠിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു മ്യൂസിക് ടീച്ചറുടെ അടുത്ത് പഠിക്കാന്‍ പോകാറുണ്ടെന്ന് അദ്ദേഹത്തിന് മറുപടി നല്‍കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ഇനി നീ പുരുഷന്‍മാരുടെ അടുത്ത് തന്നെ പഠിക്കണം. കാരണം വലിയ കുട്ടിയായില്ലേ, ടീച്ചറുടെ അടുത്ത് നിന്ന് പഠിച്ചാല്‍ സ്‌ത്രൈണ ഭാവം വരും. എനിക്ക് നല്ലൊരു കുട്ടിയെ വേണം. മോന് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്റെടുത്ത് വന്നോളൂ... അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കുറച്ച് കാലം പഠിച്ചു.

 

മാപ്പിളപ്പാട്ടിലേക്കുള്ള ചുവടുവെപ്പ്

 

ക്ലബ്ബില്‍ പോകുന്ന കാലത്ത് നിരവധി അമ്പലങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അവിടങ്ങളില്‍ സെമി ക്ലാസിക്കല്‍ ഭക്തി ഗാനങ്ങളായിരുന്നു പാടിയിരുന്നത്. 1993ല്‍ തലശ്ശേരിയിലെ ഒരു ട്രൂപ്പില്‍ എന്നെ പാടാന്‍ വിളിച്ചു. കല്യാണ വീടുകളിലെ പരിപാടിയില്‍ പാടാനായിരുന്നു എന്നെ വിളിച്ചത്. അവിടെ നിന്നായിരുന്നു മാപ്പിളപ്പാട്ടിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.

 

പകല്‍ കല്യാണം, രാത്രി അമ്പലപറമ്പ്

 

ജീവിതത്തില്‍ അന്നൊക്കെ വലിയ കഷ്ടപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. മാക്‌സിമം പരിപാടികള്‍ ചെയ്യുക, കുടുംബത്തെ സുരക്ഷിതമാക്കുക എന്ന് മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം. അങ്ങനെ പകല്‍ കല്യാണ പരിപാടികളിലും രാത്രി അമ്പലപറമ്പിലെ പരിപാടികളിലും പാടാന്‍ പോകുമായിരുന്നു.

 

കണ്ണൂര്‍ നൗഷാദിനൊപ്പം ആദ്യ ഹിറ്റ് പാട്ട്

 

അന്നത്തെ പ്രധാന മാപ്പിളപ്പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധാകനായിരുന്നു കണ്ണൂര്‍ നൗഷാദ്. അദ്ദേഹം പുതിയ മാപ്പിളപ്പാട്ട് കലാകാരന്മാരെ എടുക്കുന്നു എന്ന് അറിഞ്ഞ് അന്ന് ക്ലബ്ബിലുണ്ടായിരുന്നയാള്‍ എന്റെ പേര് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ പാടാന്‍ ക്ഷണിച്ചു. അദ്ദേഹം എനിക്ക് രണ്ട് മാപ്പിളപ്പാട്ടുകള്‍ പാടാനായി തന്നു. ആദ്യ പാട്ട് തന്നെ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. എരഞ്ഞോളി മൂസ പാടിയ മിസ്‌റിലെ രാജന്‍ അസീസിന്നാരംഭ സൗജത്ത്... എന്ന പാട്ടായിരുന്നു എനിക്ക് പാടാന്‍ തന്നത്. അതാണ് എന്റെ ആദ്യ ഹിറ്റ് പാട്ട്. അതിന്റെ മറ്റൊരു വേര്‍ഷനായിരുന്നു ഞാന്‍ പാടിയത്. പഴയപാട്ടുകള്‍ റിപീറ്റ് പാടുന്ന ട്രന്റ് വന്നത് അങ്ങനെയായിരുന്നു. ആറ് മാസത്തിന് ശേഷം ദറജപ്പു മോളല്ലേ... എന്ന പാട്ടും ഹിറ്റായി. അതും കൂടി ഹിറ്റായതോടെ മാപ്പിളപ്പാട്ടുകള്‍ പാടാനായി നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.

 

മാപ്പിളപ്പാട്ടും ഒപ്പം സിനിമാ പാട്ടും

 

കേരളത്തിലങ്ങോളമിങ്ങോളം മാപ്പിളപ്പാട്ടുകളുമായി നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട്. അതിനിടയിലും സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും ഒഴിവാക്കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ മറ്റ് സ്റ്റേജ് പരിപാടികളില്‍ മാപ്പിളപ്പാട്ടുകള്‍ പാടാറുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ പാട്ടുകള്‍ മാത്രമാണ് പാടാറുണ്ടായിരുന്നത്. ബാക്കി സിനിമാപാട്ടുകള്‍ പാടാനായിരുന്നു എന്നെ പലപ്പോഴും വിളിക്കാറ്.

 

നിങ്ങളുടെ പാട്ടെന്താ പാടാത്തത്?

 

സ്റ്റേജുകളില്‍ മാപ്പിളപ്പാട്ടുകളില്‍ വളരെ കുറച്ച് മാത്രമായിരുന്നു പാടിയത്. അപ്പോഴൊക്ക നിങ്ങളുടെ പാട്ടെന്താ പാടാത്തത് എന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. എന്റെ പാട്ട് ഏതാണെന്ന് ഞാന്‍ ചോദിക്കും. നിങ്ങള്‍ കാസറ്റില്‍ പാടിയ പാട്ടുകളുണ്ടല്ലോ... ഓരോ പാട്ടും അവര്‍ എടുത്ത് പറയും അപ്പോഴാണ് ഞന്‍ മനസ്സിലാക്കിയത് ഇതൊക്കെ പാടേണ്ടതായിരുന്നു എന്ന്! അന്നൊക്കെ ഗാനമേളകളില്‍ ട്രെന്റിംഗായി വരുന്ന സിനിമാ പാട്ടൊക്കെ പാടും. അതിനിടയില്‍ ഫാസ്റ്റായിട്ട് വരുന്ന മാപ്പിളപ്പാട്ട് മാത്രമായിരുന്നു പാടികൊണ്ടിരുന്നത്. മാപ്പിളപ്പാട്ടില്‍ എന്റെ തന്നെ ഹിറ്റായ നിരവധി പാട്ടുകളുണ്ടായിരുന്നു. ആള്‍ക്കാര്‍ എന്നെ പാടാന്‍ വിളിക്കുന്നത് അതിനാണെന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയത്. അതിന് ശേഷം മാപ്പിളപ്പാട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതേസമയം അന്നൊക്കെ റിലീസ് ചെയ്തിരുന്ന സിനിമാ പാട്ടുകള്‍ പാടാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് ഇഷ്ടം തോന്നുന്ന പാട്ടുകള്‍ ഞാന്‍ പാടാറുമുണ്ട്.

 

മൈലാഞ്ചിയില്‍ ആദ്യ വിധികര്‍ത്താവ്

 

മാപ്പിളപ്പാട്ടും സിനിമാ ഗാനങ്ങളും സജീവമായി പാടികൊണ്ടിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ മൈലാഞ്ചിയില്‍ വിധികര്‍ത്താവായി എത്തിയത്. ആറ് വര്‍ഷത്തോളം അവിടെ വിധികര്‍ത്താവായി തുടര്‍ന്നു. ഏഷ്യാനെറ്റിലെ തന്നെ സൂപ്പര്‍ വോയ്‌സ് എന്ന മറ്റൊരു പരിപാടിയിലും വിധികര്‍ത്താവായി.

 

മാറ്റി മറിച്ചത് സരിഗമപ

 

സീ കേരളത്തിലെ റിയാലിറ്റി ഷോയായ സരിഗമപയായിരുന്നു എന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. ചീഫ് ഗ്രാന്റ് ജ്യൂറി ആയിട്ടായിരുന്നു സരിഗമപയില്‍ പങ്കെടുത്തത്. ആ ഷോയുടെ സംവിധായകന്‍ ഏഷ്യാനെറ്റിലെ മൈലാഞ്ചിയുടെ സംവിധായകനായ സര്‍ഗോ വിജയരാജ് ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സരിഗമപയുടെയും സംവിധായകന്‍. അദ്ദേഹമാണ് എന്നെ സരിഗമപയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ആദ്യം ക്ഷണിച്ചപ്പോള്‍ എനിക്ക് അതില്‍ ഇരിക്കാന്‍ പറ്റുമോ എന്ന് അറിയില്ലായിരുന്നു. കാരണം മാപ്പിളപ്പാട്ട് ഗായകന്‍ എന്ന നില.ിലായിരുന്നു ആളുകള്‍ക്ക് എന്നെ പരിചയം. അതുകൊണ്ടുതന്നെ,് ഞാന്‍ ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് നിങ്ങളിലെനിക്ക് വിശ്വാസമുണ്ട്. നിങ്ങളെ പോലുള്ള പരിചയസമ്പത്തുള്ള ഗായകരെയാണ് ആവശ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാട്ടിന്റെ സംഗതികളൊക്കെ അറിയാവുന്നതിനാല്‍ തന്നെ എനിക്ക് കോച്ചിംഗ് നല്‍കാനും വലിയ ഇഷ്ടമായിരുന്നു. ഇതിന് ശേഷമാണ് കുറച്ചുകൂടി വൈഡ് ഓഡിയന്‍സ് എന്നെ മനസിലാക്കുന്നത്. അതിലൂടെയാണ് സിനിമകളില്‍ പാടാനായി അവസരം ലഭിക്കുന്നതും.

 

ഞാന്‍ അങ്ങോട്ട് പോയി അവസരം ചോദിച്ചിട്ടില്ല

 

ഒരുപാട് അവസരങ്ങള്‍ എന്നെ തേടി വരുന്നുണ്ടായിരുന്നു. വിദേശത്തും സ്വദേശത്തുമായി നിരവധി വേദികള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഒരാളുടെയടുത്തും അവസരത്തിനുവേണ്ടി പോയിട്ടുണ്ടായിരുന്നില്ല. ഒരു പ്ലേബാക്ക് സിംഗറെക്കാള്‍ കൂടുതല്‍ പരിപാടികളും വേദികളും എനിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ, എനിക്ക് ഒരവസരത്തിന് വേണ്ടി ചോദിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. എനിക്കിപ്പോഴും സിനിമാ സംഗീത സംവിധായകരുമായി ധാരാളം ബന്ധമുണ്ട്. എന്നാല്‍ ആരോടും ഞാന്‍ അവസരത്തിനായി ചോദിച്ചിട്ടില്ല.

 

അര്‍ഹിക്കാത്തത് വേണ്ട

 

ധാരാളം പരിപാടികളുള്ളത് കൊണ്ട് തന്നെ വലിയ ആഗ്രഹങ്ങളൊന്നും ജീവിതത്തിലുണ്ടായിരുന്നില്ല. 17 വര്‍ഷം മുമ്പ് ഒരുപാട്ട് പാടുന്നതിനായി സംഗീത സംവിധായകന്‍ എന്നെ വിളിച്ചിരുന്നു. പാടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എന്നോട് പണം ആവശ്യപ്പെട്ടു. പണം അക്കൗണ്ടില്‍ അയക്കാനായിരുന്നു ആവശ്യപ്പെട്ടത്. എത്തിക്‌സ് കാത്ത് സൂക്ഷിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ കഴിവാണ് കയറിവരേണ്ടത് എന്ന ചിന്ത എനിക്കുണ്ടായിരുന്നു. അര്‍ഹിക്കാത്തത് വേണ്ട എന്ന നിലപാടാണ് അപ്പോഴും ഇപ്പോഴും.

 

സിനിമയിലേക്ക്

 

ആദ്യമായി ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പാടിയത്. ഒരു അയ്യപ്പ ഭക്തി ഗാനമായിരുന്നു അത്. മനോജ് കെ ജയന്റെ പിതാവ് ജയന്‍ മാഷിനൊപ്പമായിരുന്നു ആ പാട്ട് പാടിയത്. അതിന് ശേഷം നിക്കാഹ് എന്ന ചിത്രത്തില്‍ കല്യാണ വീട്ടില്‍ പാടുന്ന പാട്ടുകാരനായി ഒരു പാട്ട് പാടിയിട്ടുണ്ട്. പിന്നീടാണ് നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ പാടാനായി എത്തുന്നത്. പിന്നീട് വികൃതിയില്‍ മാപ്പിളപ്പാട്ട് പാടിയിട്ടുണ്ട്. പിന്നീട് കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ഒടുവില്‍ ഷാന്‍ റഹ്്മാന്‍ സംഗീതം നിര്‍വഹിച്ച പ്രകാശന്‍ പരക്കട്ടെ എന്ന ചിത്രത്തിലും ഒരു പാട്ട് പാടിയിട്ടുണ്ട്.