ഇപ്പോൾ കാമറക്ക് മുന്നിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ ;അഭിഷേക് ബച്ചൻ

സിനിമയിലെ തന്റെ 26 വർഷങ്ങൾ പൂർത്തിയാക്കി അഭിഷേക് ബച്ചൻ . തന്റെ 26 വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും ഒരു നടനെന്ന നിലയിൽ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും അഭിഷേക് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്.സിനിമയിലെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്ന് തനിക്കുണ്ടായ പ്രധാന മാറ്റം എന്താണെന്ന ചോദ്യത്തിന് അഭിഷേകിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സിനിമയിൽ തുടങ്ങുന്ന കാലത്ത് ചെറിയൊരു അസ്വസ്ഥത എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ കാമറക്ക് മുന്നിൽ കൂടുതൽ കംഫർട്ടബിളാണ്.
നമ്മൾ നമ്മളായിരിക്കുകയും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ, എന്ത് തീരുമാനമെടുക്കണം എന്ന കാര്യത്തിൽ വലിയ വ്യക്തത ലഭിക്കും. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി തനിക്ക് ചെയ്യാൻ താല്പര്യമില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് അഭിഷേക് പറയുന്നു.കരിയറിന്റെ തുടക്കത്തിൽ വല്ലാത്തൊരു ആവേശമായിരിക്കും, ഒപ്പം ഇനി ജോലി ലഭിക്കുമോ ഇല്ലയോ എന്ന ആശങ്ക കാരണം മുന്നിൽ വരുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അഭിഷേക് പറയുന്നു.
ഒരു പ്രത്യേക സമയത്ത് എനിക്ക് ഇത് ചെയ്യാൻ താല്പര്യമില്ല എന്ന് തീരുമാനിച്ചാൽ, അതിന്റെ അർഥം ഞാൻ മറ്റൊന്ന് ചെയ്യാൻ പൂർണമായി ആഗ്രഹിക്കുന്നു എന്നാണ്. ആ ഒരു നിശ്ചയദാർഢ്യം വരുന്നത് പ്രായോഗികമായ പക്വതയിൽ നിന്നും ശാന്തതയിൽ നിന്നുമാണ്. അത് നമ്മുടെ ജോലിയെയും സഹായിക്കും. ഇപ്പോൾ കാര്യങ്ങളെല്ലാം കൂടുതൽ വ്യക്തതയോടെയാണ് മുന്നോട്ട് പോകുന്നത്.
മറ്റ് നടന്മാരുടെ പ്രകടനങ്ങളെ ഓർത്ത് തനിക്ക് ഒരിക്കലും ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു. എന്നാൽ തന്റെ സ്വന്തം കഴിവിനെക്കുറിച്ച് എനിക്ക് ഈ കഥാപാത്രം മികച്ചതാക്കാൻ സാധിക്കുമോ എന്ന തരത്തിലുള്ള ആശങ്കകൾ എല്ലാ നടന്മാരെയും പോലെ തനിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു നടന്റെ പ്രകടനം എങ്ങനെയായിരിക്കണം എന്നതിന്റെ പൂർണ ഉത്തരവാദിത്വം സംവിധായകനാണെന്നാണ് അഭിഷേകിന്റെ പക്ഷം.
പ്രശസ്ത സംവിധായകൻ ഷൂജിത് സിർക്കാറിനൊപ്പമുള്ള ഒരു പഴയ അഭിമുഖത്തെ ഓർത്തെടുത്തുകൊണ്ട് അഭിഷേക് പറഞ്ഞു. ‘ഒരു നടൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയോ എന്ന് സംവിധായകനോട് ചോദിക്കുന്നത് അത്ര ശരിയല്ല. കാരണം ആ ഷോട്ട് ഓക്കെ പറയുന്നത് സംവിധായകനാണ്, നടനല്ല.
സിനിമ മോശമാകുമ്പോൾ നടന്മാർക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്, എന്നാൽ അതിന്റെ കുറ്റം എപ്പോഴും സംവിധായകനാണ്. കാരണം ആ പ്രകടനം മതിയോ എന്ന് തീരുമാനിക്കുന്നത് അവരാണല്ലോ. ഷാരുഖ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന കിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അഭിഷേക് ബച്ചൻ ഇപ്പോൾ.

