Kaumudi Plus

'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന ആകാംക്ഷയിൽ ആരാധകർ

റെഡ് ഫ്ലാ​ഗ് പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന ആകാംക്ഷയിൽ   ആരാധകർ
X

നടി നസ്രിയ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറി ഇപ്പോൾ ആരാധകർക്കിടയിൽ വലിയരീതിയിൽ ചർച്ചയായിരിക്കുകയാണ് . "ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്..’’ എന്നർഥം വരുന്ന ഉദ്ധരണിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.താൻ നേരിട്ട മുന്നറിയിപ്പുകൾ (ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ നേരിടുന്നതെന്ന പരോക്ഷാർഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാനായി ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോ​ഗിക്കുന്ന പ്രയോ​ഗമാണ് റെഡ് ഫ്ലാ​ഗ്.

നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തിയിരിക്കുകയാണ്. സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. സുഹൃദത്തെക്കുറിച്ചാകാം നടി പറയുന്നത് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എൽ ക്ലാസികോ' എന്ന ചിത്രത്തെ ഓർമിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്നും ചിലർ കുറിക്കുന്നുണ്ട്.മുൻപും നസ്രിയയുടെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 'നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്.ബേസിൽ ജോസഫിനൊപ്പം അഭിനയിച്ച 'സൂക്ഷ്മദർശിനി' ആണ് നടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയും നസ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.

Next Story
Share it