തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസപ്രഖ്യാപനവുമായി വിജയ് സർക്കാർ ;ഇനി മുതൽ തിയറ്ററുകളിൽ 5 ഷോ

ചെന്നൈ: തമിഴ്നാട്ടിലെ തിയറ്ററുകളിൽ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് . തമിഴ് സിനിമാ മേഖലയ്ക്ക് വളരെയധികം ആശ്വാസകരമേകുന്ന ഉത്തരവാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിയറ്ററുകളിൽ ദിവസേന നാല് ഷോകൾ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്.പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു പ്രദർശനം അധികമായി നടത്താനായി നിർമാതാക്കൾ മുൻപ് അനുമതി തേടേണ്ടിയിരുന്നു. എന്നാൽ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദർശനങ്ങൾ നടത്താനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലുമാണ് അഞ്ച് ഷോകൾ നടത്താനുള്ള പുതിയ അനുമതി. നിലവിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ അഞ്ച് ഷോകൾ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.മുൻപ് അർധരാത്രിയും പുലർച്ചെ നാല് മണിക്കുമൊക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകൾ തമിഴ്നാട്ടിൽ ഇപ്പോൾ രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ.2023 ൽ അജിത്ത് കുമാർ ചിത്രം തുനിവിൻറെ റിലീസ് സമയത്ത് പുലർച്ചെയുള്ള ഫാൻസ് ഷോ ആഘോഷത്തിനിടെ ഒരു ആരാധകൻ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റിലീസ് ദിനത്തിലെ നേരത്തേയുള്ള ഷോകൾ ഡിഎംകെ സർക്കാർ നിരോധിച്ചത്.

