By Lekshmi.18 Mar, 2023
തിരുവനന്തപുരം: ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി മോദിക്കും നൽകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള മറുപടി.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിക്കെതിരെ ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്താനാണ് ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു.അതിനെല്ലാം മറുപടി പറയാനാണ് വന്നത്. പക്ഷെ രാഷ്‌ട്രപതി അത് എളുപ്പമാക്കിയെന്നും കേരള സർക്കാരിന് നല്ല സർട്ടിഫിക്കറ്റാണ് ദ്രൗപദി മുര്‍മു നൽകിയതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏകസർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അദാനി വിഷയത്തിൽ ജെപിസി അന്വേഷണത്തിന് മോദി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും യെച്ചൂരി ചോദിച്ചു.
ഇന്ദിര എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം പോലെയാണ് ഇന്ത്യ എന്നാൽ മോദി, ഇന്ത്യ എന്നാൽ അദാനി എന്ന് ഇപ്പോൾ പറയുന്നത്.എന്നാൽ ഇന്ത്യ എന്നാൽ അദാനിയോ മോദിയോ അല്ല.ഇന്ത്യ ഇന്ത്യക്കാരുടെയാണ്.ഇന്ദിരയ്ക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി പോലെ ഈ സർക്കാരിനും നൽകണമെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.