By Priya.23 Jun, 2022
ലോകത്തെ തന്നെ ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി തെരഞ്ഞെടുക്കപ്പെട്ട് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന. യുക്രൈന്‍ തലസ്ഥാനമായ കീവ് ഇത്തവണ ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.പട്ടികയില്‍ റഷ്യന്‍ പട്ടണങ്ങളായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗും പുറകിലായി. സെന്‍സര്‍ഷിപ്പും യുക്രൈനുമായുള്ള യുദ്ധവുമാണ് ഇതിന് കാരണം.
കഴിഞ്ഞ തവണത്തെ പട്ടികയില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചത് ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡായിരുന്നു.എന്നാല്‍ ഇത്തവണത്തെ പട്ടികയില്‍ ഓക്ക്ലന്‍ഡ് 34ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കോവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്ലന്‍ഡിനെ പട്ടികയില്‍ താഴേക്ക് എത്താന്‍ കാരണമായത്.2018, 19 വര്‍ഷങ്ങളിലെ പട്ടികയില്‍ വിയന്ന ഒന്നാമതായിരുന്നു. പക്ഷേ,കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ വിയന്ന 12ആം സ്ഥാനത്തായിരുന്നു.
പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ആറിലും യുറോപ്യന്‍ പട്ടണങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനന്‍ രണ്ടാമതും
സ്വിറ്റ്‌സര്‍ലന്‍ഡ് പട്ടണമായ സൂറിച്ച് മൂന്നാം സ്ഥാനത്തുമാണുള്ളത്.സ്വിറ്റ്‌സര്‍ലന്‍ഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാമതുണ്ട്.പട്ടികയിലെ ആദ്യ പത്തില്‍ കാനഡയിലെ മൂന്ന് നഗരങ്ങളുണ്ട്. കാല്‍ഗരി സൂറിച്ചുമായി മൂന്നാം സ്ഥാനം പങ്കിടുമ്പോള്‍ വാന്‍കൂവര്‍ അഞ്ചാമതും ടൊറന്റോ എട്ടാമതുമാണ്.ഏഴാമത് ജര്‍മനി നഗരമായ ഫ്രാങ്ക്ഫര്‍ട്ടും നെതര്‍ലന്‍ഡ് തലസ്ഥാനം ആംസ്റ്റര്‍ഡാം 9ആമതുമാണ്. ജപ്പാന്‍ നഗരം ഒസാക്കയും ഓസ്‌ട്രേലിയന്‍ നഗരം മെല്‍ബണും 10ആം സ്ഥാനം പങ്കിടുകയാണ്.
പട്ടികയില്‍ 19 ആം സ്ഥാനമാണ് ഫ്രാന്‍സ് തലസ്ഥാനമായ പാരിസിന്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടന്‍ 33മതും സ്‌പെയിന്‍ നഗരങ്ങളായ ബാഴ്‌സലോണ 35ആമതും മാഡ്രിഡ് 43ആമതുമുണ്ട്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് 51ആമതും ചൈന തലസ്ഥാനം ബീജിങ് 71ആമതും എത്തി.